നിശാപാര്‍ട്ടികളില്‍ മയക്കു മരുന്ന് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ മൂന്ന് യുവാക്കള്‍ പിടിയിലായി
ആലുവ: നിശാപാര്‍ട്ടികളില്‍ മയക്കു മരുന്ന് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ മൂന്ന് യുവാക്കള്‍ എക്‌സൈസ് സ്‌ക്വാഡിന്റെ പിടിയിലായി. തൃപ്പൂണിത്തറ കോട്ടപ്പുറം സാകേതം വീട്ടില്‍ സുരേഘ്, തൃപ്പൂണിത്തുറ എരൂര്‍ രേവതി വീട്ടില്‍ ഗോവിന്ദ് വേണുഗോപാല്‍, മരട് മേലേത്ത് ലക്ഷ്മിപ്രഭയില്‍ വിഘ്‌നേഷ് എന്നിവരാണ് ജില്ല എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സെല്ലിന്റെ പിടിയിലായത്.
സുരേഘിന്റെ പക്കല്‍ നിന്നും 140 മില്ലി ഗ്രാം എല്‍.എസ്.ഡി. മയക്കുമരുന്ന് സ്റ്റാമ്പുകളും, പത്ത് ഗ്രാം കഞ്ചാവും, ഗോവിന്ദ് വേണുഗോപാലിന്റെ കയ്യില്‍ നിന്നും 2.74 ഗ്രാം എം.ഡി.എം.എ. എക്‌സറ്റസി എന്ന സിന്തറ്റിക് മയക്കുമരുന്നും കണ്ടെത്തി. തൃപ്പൂണിത്തുറ വടക്കെകോട്ട വാതിലിനു സമീപമുളള പെട്രോള്‍ പമ്പിനു സമീപം ഇടപാടുകാരെ കാത്തു നില്‍ക്കുകയായിരുന്ന സുരേഘിനെ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയില്‍ എടുത്തത്.
ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗോവിന്ദ് വേണുഗോപാലിനെ ഇരുമ്പനം ജംങ്ഷനില്‍ ട്രാഫിക് സിഗ്‌നലിന്റെ വടക്കു ഭാഗത്തു നിന്ന് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. മരടില്‍ നടത്തിയ തിരച്ചിലിലാണ് വിഗ്‌നേഷിനെ 135 ഗ്രാം എല്‍.എസ്.ഡി. മയക്കുമരുന്ന് സ്റ്റാമ്പുകളും 15 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. കൊച്ചിയിലും വാഗമണിലും സൂര്യനെല്ലിയും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വില്‍പ്പന. കൊച്ചിയിലെ നിശാപാര്‍ട്ടികള്‍ക്കും മൂവരും മയക്കു മരുന്നുകള്‍ എത്തിച്ചു നല്‍കാറുണ്ട്.
എം.ഡി.എം.എ. മയക്കുമരുന്ന് അര ഗ്രാം കൈവശം വെച്ചാല്‍ പോലും കോടതി ജാമ്യം നല്‍കില്ല. ഒരു ഗ്രാമിന് 13,000 രൂപ വിലവരും. എല്‍.എസ്.ഡി. 20 മില്ലിയില്‍ കൂടുതല്‍ പിടിച്ചാലും ജാമ്യം ലഭിക്കില്ല. 22 മില്ലി ഉപയോഗിച്ചാണ് ഒരു സ്റ്റാമ്പ് ഉണ്ടാക്കുന്നത്. ഇതിന് 2,300 രൂപയാണ്. ബാഗ്ലൂര്‍, ഗോവ എന്നിവിടങ്ങളില്‍ നിന്നുമാണ് വന്‍തോതില്‍ എല്‍.എസ്.ഡിയും, എം.ഡി.എം.എ.യും കഞ്ചാവും വാങ്ങുന്നത്. വാങ്ങുന്ന വിലയേക്കാള്‍ ഇരട്ടിയിലധികം വില വര്‍ദ്ധിപ്പിച്ചായിരുന്നു ഇവരുടെ വില്‍പ്പന.
ഫെയ്‌സ്ബുക്ക് കൂട്ടായ്മ വഴിയാണ് ആവശ്യക്കാരെ കണ്ടത്തി മയക്കുമരുന്നു എത്തിച്ചു നല്‍കിയിരുന്നത്. ഇവരുടെ സംഘത്തിലെ മറ്റു പല പ്രമുഖരും ഉടന്‍ തന്നെ പിടിയിലാകുമെന്ന് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ. സജി ലക്ഷമണന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."