രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവരുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണം: ഉമ്മന്‍ ചാണ്ടി
വടക്കാഞ്ചേരി: മാരക രോഗങ്ങളാല്‍ കടുത്ത ദുരിതമനുഭവിക്കുന്നവരുടെ വിദഗ്ധ ചികിത്സ സമ്പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇപ്പോള്‍ പണമുള്ളവര്‍ക്ക് മാത്രമാണ് ചെലവേറിയ ചികിത്സ ലഭ്യമാകുന്നത്.
ഇത് കേരളത്തിന്റെ ആരോഗ്യ രംഗത്തിന് ഒട്ടും ഗുണപ്രദമല്ല. ബധിര മൂക കുരുന്നുകള്‍ക്ക് ജീവിത സൗഭാഗ്യം ഉറപ്പുവരുത്തുന്ന കോക്ലിയര്‍ ഇംപ്ലാന്റ് പദ്ധതിയോട് സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷേധാത്മക നിലപാട് തിരുത്തണം. സമൂഹത്തില്‍ നന്മ വരുത്തുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കണം.
അപ്പോഴാണ് ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസം കൈവരുകയെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിചേര്‍ത്തു. വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ അനില്‍ അക്കര എം.എല്‍.എ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന 'എന്റെ വടക്കാഞ്ചേരി' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയശ്രീ കല്യാണമണ്ഡപ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അനില്‍ അക്കര എം.എല്‍.എ അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍, പി.എ മാധവന്‍, എന്‍.കെ സുധീര്‍, ജോസഫ് ചാലിശ്ശേരി, കെ. അജിത്കുമാര്‍, എന്‍.ആര്‍ സതീശന്‍, ഷാഹിദ റഹ്മാന്‍, വി.കെ രഘു സ്വാമി, ജിജോ കുരിയന്‍, ഇ.കെ ദിവാകരന്‍, അഡ്വ. ടി.എസ് മായാ ദാസ്, എന്‍.എ സാബു, സി.എ ശങ്കരന്‍ കുട്ടി, പി.വി നാരായണസ്വാമി, തോമാസ് പുത്തൂര്‍, അഡ്വ. ലൈജു സി എടക്കളത്തൂര്‍, എം.ഐ രാമകൃഷ്ണന്‍, ജോണ്‍ ഡാനിയേല്‍, സുനില്‍ ലാലൂര്‍ മനോജ് കടമ്പാട്ട്, ജിമ്മി ചൂണ്ടല്‍, വി.ഒ ചുമ്മാര്‍, എ.ജെ ഷാജു സംസാരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കാഞ്ചേരി യൂനിറ്റ് പ്രസിഡന്റ് അജിത് കുമാര്‍ മല്ലയയ്ക്ക് ആദ്യ കാര്‍ഡ് നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്. മാതൃകാപരമായ പദ്ധതി കേരളം മുഴുവന്‍ വ്യാപിപ്പിയ്ക്കാന്‍ പദ്ധതിയുടെ പേര് 'എന്റെ വടക്കാഞ്ചേരി' എന്നത് 'നമ്മുടെ വടക്കാഞ്ചേരി' എന്നാക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശം ഉള്‍ക്കൊണ്ട് പദ്ധതി ഇനി 'നമ്മുടെ വടക്കാഞ്ചേരി' എന്ന പേരില്‍ അറിയപ്പെടുമെന്ന് വേദിയില്‍ അനില്‍ അക്കര എം.എല്‍.എ പ്രഖ്യാപിച്ചു.
പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും രാജ്യത്തെ ആശുപത്രികളില്‍ സൗജന്യമായി കിടന്ന് ചികിത്സിക്കുന്നതിനുള്ള സൗകര്യം ലഭിയ്ക്കും .
65 വയസു കഴിഞ്ഞ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വര്‍ഷത്തില്‍ പതിനായിരം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കുന്നതിനു വേണ്ടിയുള്ള സാന്ത്വനം പദ്ധതിയ്ക്കും തുടക്കമായി. പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള കുടുംബങ്ങള്‍ക്ക് ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി മുഖേനയാണ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്.
ആദ്യ ഘട്ടത്തില്‍ 25000 അംഗങ്ങളാണ് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളത്. രാജീവ് ഗാന്ധി റൂറല്‍ ഡവലപ്പ്‌മെന്റ് റിസര്‍ച്ച് സെന്റര്‍ എന്ന സര്‍ക്കാരിതര സംഘടനയാണ് ഇതിന്റെ സംഘാടനം. ആദ്യഘട്ടത്തില്‍ 5002 കുടുംബങ്ങള്‍ക്കാണ് പണരഹിത കാര്‍ഡ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."