മഴ: പകര്‍ച്ച വ്യാധികള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണം
കല്‍പ്പറ്റ: ഇടവിട്ടുള്ള മഴയെത്തുടര്‍ന്ന് വീണ്ടും ഡങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി, എച്ച്1എന്‍1 എന്നീ പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.
വിവിധ പഞ്ചായത്തുകളിലെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരുടെയും മഴക്കാല പകര്‍ച്ചവ്യാധി പ്രതിരോധ യോഗത്തിലാണ് ആരോഗ്യവകുപ്പ് നിര്‍ദേശം. ആരോഗ്യ ശുചിത്വ മേഖലയില്‍ പഞ്ചായത്തുകളുടെ ശക്തമായ ഇടപെടലുകള്‍ ആവശ്യമാണെന്നും ബോധവല്‍ക്കരണം നടക്കുന്നുണ്ടെങ്കിലും ഇത് ഗൗരവമായി എടുക്കാത്ത സ്ഥിതിവിശേഷമാണ് കാണുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ യോഗത്തില്‍ ചൂണ്ടികാട്ടി. ഈ സാഹചര്യത്തില്‍ വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരത്ത് കൊതുകു വളരുന്ന അവസ്ഥ സൃഷ്ടിക്കുന്നവര്‍ക്കെതിരേ വന്‍ തുക പിഴ ഈടാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും വകുപ്പ് ആവശ്യപ്പെട്ടു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും പിഴ ഈടാക്കാനുള്ള അധികാരം പഞ്ചായത്ത് ആക്ട് പ്രകാരം നല്‍കിയാല്‍ ഇത് കൂടുതല്‍ ഫലപ്രദമാക്കാന്‍ കഴിയുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്തുകള്‍ കൈക്കൊണ്ട നടപടികളെകുറിച്ച് യോഗത്തില്‍ വിലയിരുത്തി.
ഡങ്കി കൊതുകുകള്‍ക്ക് വളരെ ചുരുങ്ങിയ ദൂരം മാത്രമാണ് സഞ്ചരിക്കാന്‍ കഴിയുക. പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതെ സൂക്ഷിക്കുന്നതിലൂടെ കൊതുകുകള്‍ വളരുന്നത് തടയാന്‍ കഴിയും. ഇതിലൂടെ ഡങ്കിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ തടയാം.
ഇത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും യോഗം വിലയിരുത്തി. ജലാശയങ്ങള്‍ മലിനപ്പെടുത്തുന്നവരില്‍ നിന്നും പിഴ ഈടാക്കും.
സ്ഥിരമായി മാലിന്യം തള്ളപ്പെടുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഒക്‌ടോബര്‍ മുതല്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കും. വ്യാപാരികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ശുചീകരണ പ്രവൃത്തികള്‍ നടത്തും. ആരോഗ്യകരമായ ഭക്ഷ്യവിതരണം ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
എ.ഡി.എം. കെ.എം.രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി ജോസഫ്, ഡെപ്യൂട്ടി ഡി.എം.ഒ.മാരായ ഡോ.സന്തോഷ്, ഡോ. ജിതേഷ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."