നീലേശ്വരം കേന്ദ്രീയ വിദ്യാലയം: 200 സീറ്റുകളിലേക്ക് 785 അപേക്ഷകര്‍
നീലേശ്വരം: നീലേശ്വരത്ത് അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളിലായി 200 സീറ്റുകളിലേക്ക് 785 അപേക്ഷകര്‍. 11 മുതല്‍ ഇന്നലെ വരെയായി 1090 അപേക്ഷകളാണു വിതരണം ചെയ്തത്. പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന ദിനമായ ഇന്നലെ ഓഫിസ് നടപടികള്‍ വൈകിട്ടു 5.30 വരെ നീണ്ടു. മുന്‍കൂട്ടി ടോക്കണ്‍ നല്‍കി ക്യൂ സമ്പ്രദായത്തിലാണു അപേക്ഷകള്‍ സ്വീകരിച്ചത്.
ഓരോ ക്ലാസിലും നാല്‍പത് എന്ന കണക്കില്‍ 200പേര്‍ക്കാണു പ്രവേശനം. ഓരോ കാറ്റഗറിയിലും നിശ്ചിത സീറ്റിലും അധികം അപേക്ഷകരുണ്ടെങ്കില്‍ സുതാര്യമായ നറുക്കെടുപ്പിലൂടെ യോഗ്യരെ കണ്ടെത്തും. അതേ സമയം കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിനുള്ള അപേക്ഷയ്‌ക്കൊപ്പം തന്നെ ആവശ്യമായ മുഴുവന്‍ രേഖകളും സമര്‍പ്പിക്കണമെന്ന നിര്‍ദേശം അപേക്ഷകരെ തെല്ലൊന്നുമല്ല വട്ടം കറക്കിയത്. സാധാരണയായി അര്‍ഹമായ അപേക്ഷകളുടെ സൂക്ഷ്മ പരിശോധനാ ഘട്ടത്തിലാണു രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടാറുള്ളത്. ഇതിനു പകരം എല്ലാ രേഖകളും അപേക്ഷയ്‌ക്കൊപ്പം തന്നെ സമര്‍പ്പിക്കണമെന്ന നിര്‍ദേശം ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫിസിലും പേരോല്‍, പുതുക്കൈ, കാഞ്ഞങ്ങാട്,നീലേശ്വരം വില്ലേജ് ഓഫിസുകളിലും ജോലിഭാരവും സൃഷ്ടിച്ചു.
ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഈ ഓഫിസുകളില്‍ നിന്നു നൂറുകണക്കിനാളുകള്‍ക്കാണു ആവശ്യമായ രേഖകള്‍ തയാറാക്കി നല്‍കിയത്. ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് പകര്‍പ്പുകള്‍ക്കു പുറമെ ബ്ലഡ് ഗ്രൂപ്പ് തെളിയിക്കാന്‍ ലാബില്‍ നിന്നുള്ള രക്തപരിശോധനാ റിപ്പോര്‍ട്ടും ആവശ്യമായിരുന്നു. സംവരണ സീറ്റുകളിലേക്കുള്ള അപേക്ഷകര്‍ക്കു നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള നൂലാമാലകള്‍ പിന്നെയും.
രാവിലെ മുതല്‍ തടിച്ചു കൂടുന്ന അപേക്ഷകരെ ആരെയും മടക്കി അയക്കാതെ അധികസമയം പ്രവര്‍ത്തിച്ചാണ് പ്രിന്‍സിപ്പല്‍ ജേക്കബ് മാത്യുവും മൂന്നു ജീവനക്കാരും ചേര്‍ന്ന് ഇത്രയും അപേക്ഷകള്‍ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."