റോഡും കുടിവെള്ളവുമില്ല: ആദിവാസി കുടുംബങ്ങള്‍ ദുരിതത്തില്‍
രാജാക്കാട്: സര്‍ക്കാര്‍ കുടിയിരുത്തിയ ആദിവാസി കുടുംബങ്ങള്‍ കുടിവെള്ളവും വഴിയുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതത്തില്‍. ചിന്നക്കനാല്‍ സിങ്കുകണ്ടം 301 കോളനിയിലെ ആദിവാസി കുടുംബങ്ങളാണ് ഒന്നര പതിറ്റാണ്ടിലധികമായി അടിസ്ഥാന സൗകര്യങ്ങള്‍ക്കായി അധികൃതരുടെ കനിവും കാത്തിരിക്കുന്നത്.
എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മറയൂര്‍ മേഖലയില്‍ ഉണ്ടായിരുന്ന ആദിവാസി കുടുംബങ്ങളെ സിങ്കുകണ്ടം മുന്നൂറ്റിയൊന്ന് കോളനിയിലേയ്ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കി കുടിയിരുത്തിയത്. ഒരേക്കര്‍ പത്തുസെന്റ് വീതം ഭൂമിക്ക് പട്ടയം നല്‍കിയാണ് ആദിവാസികളെ ഇവിടേക്ക് മാറ്റി പാര്‍പ്പിച്ചത്.
എന്നാല്‍ ഇതിന് ശേഷം ഇവരെ അധികൃതര്‍ തിരിഞ്ഞ് നോക്കിയിട്ടില്ല.
യാത്രാ യോഗ്യമായ റോഡും കുടിവെള്ളവും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇന്നും കുടി നിവാസികള്‍ക്ക് അന്യമാണ്. കുടിവെള്ളത്തിനായി നാട്ടുകാര്‍ തന്നെ ആനയിറങ്കല്‍ ജലാശത്തിന് സമീപത്തായി കുത്തിയിരിക്കുന്ന ചെറിയ ഓലിയില്‍ നിന്നുമാണ് വെള്ളം ശേഖരിച്ച് കിലോമീറ്ററുകള്‍ തലച്ചുമടായി കുടിയിലെത്തിച്ച് ഉപയോഗിക്കുന്നത്.
ജലസേചന സംവിധാനം ഏര്‍പ്പെടുത്താത്തതിനാല്‍ മഴയെ മാത്രം ആശ്രയിച്ചാണ് കര്‍ഷകര്‍ ഇവിടെ കൃഷി പരിപാലനവും നത്തുന്നത്. കുടിയിലേക്ക് യാത്രാ യോഗ്യമായ റോഡില്ലാത്തതിനാല്‍ പുറംലോകവുമായി കുടിനിവാസികള്‍ ബന്ധപ്പെടുന്നത് അനയിറങ്കല്‍ ജലാശത്തിലൂടെ വള്ളത്തില്‍ സഞ്ചരിച്ച് അക്കരയെത്തിയതിന് ശേഷമാണ്. ആശുപത്രി ആവശ്യങ്ങള്‍ക്കടക്കം ഇതല്ലാതെ മറ്റ് യാത്രാ മാര്‍ഗ്ഗങ്ങളില്ല.
കേരളം സമ്പൂര്‍ണ ഓ.ടി.എസ് സംസ്ഥാനമായി പ്രഖ്യാപനം നടത്തി രാജ്യത്തിന് തന്നെ ശുചിത്വ മാതൃകയായി മാറിയപ്പോഴും കുടിയില്‍ ശൗചാലയങ്ങള്‍ ഉള്ളത് വിരലിലെണ്ണാവുന്ന വീടുകളില്‍ മാത്രമാണ്.
മാത്രവുമല്ല സര്‍ക്കാര്‍ വച്ച് നല്‍കിയിരിക്കുന്ന കോണ്‍ക്രീറ്റ് വീടുകള്‍ പോലും ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. ആകെയുള്ള ആശ്വാസം ഇവിടെ വൈദ്യുതിയുണ്ടെന്നത് മാത്രമാണ്. ഇത് ലഭിച്ചത് കുടിനിവാസികള്‍ ചിന്നക്കനാല്‍ വില്ലേജ് ഓഫിസിന് മുമ്പില്‍ 90 ദിവസം നടത്തിയ സമരത്തിന് ശേഷമാണ്.
കുടിവെള്ളമടക്കമുള്ള ആവശ്യങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുടിനിവാസികള്‍ ജില്ലാ കലക്ടറെ വരെ സമീപിച്ചെങ്കിലും ഒരുവിധ നടപടിയും ഉണ്ടായിട്ടില്ല.
ഇതിനായി ഇനിയുമൊരു സമരത്തിന് തയ്യാറെടുക്കേണ്ട ഗതികേടിലാണ് ഈ ആദിവാസി കുടുംബങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."