മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം: രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി
കോഴിക്കോട്: രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേര്‍ക്കാന്‍ മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസന ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം. റോഡ് വികസന സ്ഥലമെടുപ്പിനു ഫണ്ട് അനുവദിക്കാത്തതിനെതിരേ ഒക്ടോബര്‍ രണ്ടിനു നടത്തുന്ന റോഡ് ഉപരോധത്തിന്റെ ഭാഗമായി ആക്ഷന്‍ കമ്മിറ്റി വിളിച്ച യോഗത്തിലാണു തീരുമാനം.
വിദേശപര്യടനത്തിലുള്ള എ. പ്രദീപ് കുമാര്‍ എം.എല്‍.എയുടെ സൗകര്യംകൂടി കണക്കിലെടുത്താണ് യോഗം വിളിക്കുക. ടൗണ്‍ഹാളില്‍ നടന്ന യോഗത്തില്‍ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചത്. സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ കാണുന്നതിന്റെ ഭാഗമായി ആക്ഷന്‍ കമ്മിറ്റി നിര്‍വാഹക സമിതിയുടെയും മേഖലാ കണ്‍വീനര്‍മാരുടെയും അടിയന്തര യോഗം ഇന്നു വൈകിട്ട് ആറിന് മലാപ്പറമ്പിലെ എം.ജി.എസ് നാരായണന്റെ വസതിയില്‍ ചേരാനും തീരുമാനിച്ചിട്ടുണ്ട്.
റോഡ് വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമെടുപ്പിന് ആവശ്യമുള്ള തുക ഒറ്റ ഗഡുവായി ലഭിക്കാന്‍ സമ്മര്‍ദം വേണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത എം.കെ രാഘവന്‍ എം.പി പറഞ്ഞു. സമരത്തിനു മുന്‍പ് മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവരെ ബന്ധപ്പെട്ട് ഉത്തരവിറക്കാന്‍ തീരുമാനമുണ്ടാക്കണം. എം.ജി.എസ് സമരം ഏറ്റെടുത്തില്ലായിരുന്നുവെങ്കില്‍ മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് അടുത്ത കാലത്തൊന്നും യാഥാര്‍ഥ്യമാവില്ല. കഴിഞ്ഞ സര്‍ക്കാരിനു മുന്നില്‍ നിരവധി തവണ കാര്യങ്ങള്‍ അവതരിപ്പിച്ചുവെങ്കിലും റോഡിനു താല്‍പര്യമില്ലാത്ത ഉദ്യോഗസ്ഥരായിരുന്നു തടസം. സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് പോലും വേണ്ട രീതിയില്‍ വിനിയോഗിക്കാനായില്ല. എന്നാല്‍ കലക്ടര്‍ മുന്‍കൈയെടുത്ത് കുറേ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാര്‍ 50 കോടി അനുവദിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ മുടക്കിയതു കാരണം മൂന്നുമാസം കാലതാമസം നേരിട്ടുവെന്നും എം.കെ രാഘവന്‍ ചൂണ്ടിക്കാട്ടി.
റോഡിനു തുരങ്കം വയ്ക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് എം.കെ മുനീര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. സ്ഥലമെടുപ്പിനും വീതികൂട്ടലിനും മാത്രമേ അടിയന്തരമായി പണം ആവശ്യമുള്ളൂ. ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ ഒന്നര മാസം കൊണ്ട് സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കാനാകും. 2001-2007 കാലഘട്ടത്തില്‍ താന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ കോഴിക്കോട് നഗരത്തിലെ ഏഴു റോഡുകള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും സ്ഥലമെടുപ്പ് സാഹസികമായെന്നും മുനീര്‍ പറഞ്ഞു.
മുഖ്യമന്ത്രി വ്യക്തിപരമായി പിന്തുണ നല്‍കി റോഡ് സ്ഥലമെടുപ്പിനു ഒറ്റഗഡുവായി 100 കോടി രൂപ അനുവദിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. എം.ജി.എസ് നാരായണന്‍ ആവശ്യപ്പെട്ടു. വര്‍ക്കിങ് പ്രസിഡന്റ് മാത്യു കട്ടിക്കാന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റോഡ് വികസനവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്താപ്രദര്‍ശനം പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. എന്‍.വി ബാബുരാജന്‍, എന്‍.വി പ്രേംനാഥ്, ഡോ. എ. അച്യുതന്‍, യു.കെ കുമാരന്‍, ഡോ. പി.പി അനില്‍കുമാര്‍, സാബു കെ. ഫിലിപ്പ്, എം.കെ ബാലകൃഷ്ണന്‍, ടി.വി ബാലന്‍, പി. കിഷന്‍ചന്ദ്, എം.പി വാസുദേവന്‍, കെ.വി സുനില്‍കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."