ജനങ്ങളുടെ മനോഭാവം മാറാതെ ഇന്ത്യയെ ശുചിയാക്കാനാകില്ല: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ആയിരം മഹാത്മാ ഗാന്ധിമാരും ഒരുലക്ഷം നരേന്ദ്രമോദിമാരും എല്ലാ സംസ്ഥാന സര്‍ക്കാരുകളും അവിടുത്തെ മുഖ്യമന്ത്രിമാരും ഒരുമിച്ചു നിന്നാലും ശുചിത്വ ഭാരതമെന്നത് യാഥാര്‍ഥ്യമാക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ശുചിത്വവുമായി ബന്ധപ്പെട്ട് ആളുകളുടെ മനോഭാവം മാറാതെ ഇന്ത്യയെ ശുചിയാക്കാനുള്ള യജ്ഞം വിജയിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡല്‍ഹി വിജ്ഞാന് ഭവനില്‍ സ്വച്ഛ് ഭാരത് പദ്ധതിയുടെ മൂന്നാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വച്ഛ് ഭാരത് യജ്ഞമെന്നത് 'വ്യവസ്ഥ' (തയാറെടുപ്പ്), 'വിചാര്‍' (ചിന്താഗതിയും മനോഭാവവും) എന്നിവ ഉള്‍പ്പെടുന്നതാണ്. ഇന്ത്യയിലെ 125 കോടി ആളുകള്‍ ഒരുമിച്ചു നിന്നാല്‍ ശുചിത്വ ഭാരതമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, രാജ്യത്തെ 125 കോടി ആളുകളും ഒരുമിച്ചു മനസു വച്ചാല്‍, സ്വപ്നം യാഥാര്‍ഥ്യമാകുമെന്നും മോദി പറഞ്ഞു.
വൃത്തിയെക്കുറിച്ച് എല്ലാ മനുഷ്യര്‍ക്കും ഒരേ അഭിപ്രായമാണെങ്കിലും വ്യക്തിപരമായി ഉത്തരവാദിത്തമേല്‍ക്കാന്‍ ആരും തയാറാകുന്നില്ല. ശുചിത്വഭാരതമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നതിനുള്ള പ്രധാന തടസം ഈയൊരു മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു.
ശുചിത്വം ആവശ്യമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും രണ്ട് അഭിപ്രായമില്ല. എന്നാല്‍, അതിന് മുന്‍കൈയെടുക്കാന്‍ ആരും തയാറല്ല. സര്‍ക്കാര്‍ ഇടപെട്ട് നമ്മുടെ പരിസരം ശുചിയാക്കാന്‍ കാത്തിരിക്കാതെ, സ്വയം സന്നദ്ധരായി രംഗത്തിറങ്ങാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ശുചിത്വത്തിന് പ്രാധാന്യം കൊടുക്കാത്ത കുടുംബങ്ങള്‍ക്ക് വിവിധ രോഗങ്ങളുടെ പേരില്‍ ആശുപത്രികളില്‍ കൂടുതല്‍ പണം മുടക്കേണ്ടി വരുന്നതായും യൂനിസെഫിന്റെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് മോദി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."