ഇടതുമുന്നണിയുടെ ജാഥകള്‍ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: ഇടതുമുന്നണിയുടെ ജാഥകള്‍ക്ക് ഇന്ന് തുടക്കമാകും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ വടക്കുനിന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ തെക്കുനിന്നും രണ്ടു ജാഥകളാണ് പ്രയാണം ആരംഭിക്കുന്നത്.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും കാസര്‍കോട്ട് സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജയും ജാഥകള്‍ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി നടത്തിയ ജനരക്ഷാ മാര്‍ച്ചിനുള്ള മറുപടിയായാണ് ഇടതുമുന്നണി മേഖലാജാഥകള്‍ ആലോചിച്ചത്.
ഈ മാസം മൂന്നിന് ആരംഭിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. അമിത്ഷാ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ രംഗത്തിറക്കി ബി.ജെ.പി ഉയര്‍ത്തിയ ആരോപണങ്ങളെ പ്രതിരോധിക്കുകയാണ് ജാഥകളുടെ ഒന്നാമത്തെ ദൗത്യം.
ബി.ജെ.പി ദേശീയതലത്തില്‍ കേരളത്തെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന പ്രത്യാരോപണമായിരിക്കും ഇടതുമുന്നണി ഉയര്‍ത്തുക. ഒപ്പം, സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ യു.ഡി.എഫിനെതിരേ ആഞ്ഞടിക്കാനുള്ള ശ്രമവുമുണ്ടാവും.
അടുത്തമാസം ഒന്‍പതിന് സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്. രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്റെ സംസ്ഥാന ജാഥ അടുത്തമാസം ആദ്യം ആരംഭിക്കുന്ന സാഹചര്യവും ആരോപണ പ്രത്യാരോപണങ്ങളുടെ വീര്യം കൂട്ടും.
എല്ലാ നിയോജക മണ്ഡലങ്ങളിലും പര്യടനംനടത്തി അടുത്തമാസം മൂന്നിന് വടക്കന്‍ മേഖലാജാഥ തൃശൂരും തെക്കന്‍ മേഖലാജാഥ എറണാകുളത്തും സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."