മെഡിക്കല്‍ സീറ്റ്: മാനേജ്‌മെന്റ് പ്രതിനിധികള്‍ പ്രധാനമന്ത്രിയെ കാണും
തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിലെ അവ്യക്തത മാറ്റണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ പ്രധാനമന്ത്രിയെയും കേന്ദ്ര ആരോഗ്യമന്ത്രിയെയും കാണും. സംസ്ഥാന സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ ദേശീയാടിസ്ഥാനത്തിലുള്ള പൊതു പ്രവേശന പരീക്ഷയായ നീറ്റില്‍ നിന്ന് മാത്രം പ്രവേശനം നടത്തണമെന്ന നിര്‍ദേശമാണുണ്ടായത്. എന്നാല്‍ സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. അതേസമയം, പ്രവേശനം നീറ്റിന്റെ അടിസ്ഥാനത്തിലെന്ന കേന്ദ്ര നിലപാടുമായി മുന്നോട്ടുപോകാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
ഈ വര്‍ഷം മുതല്‍ നീറ്റ് പ്രവേശന പരീക്ഷയിലൂടെ മാത്രമേ മെഡിക്കല്‍ പ്രവേശനം നടത്താന്‍ പാടുള്ളൂവെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ ഉത്തരവിറക്കിയിരുന്നു. ഏകീകൃത ഫീസ് ഘടന നടപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഈ നിലപാടുകള്‍ അംഗീകരിക്കാനാകില്ലെന്നാണ് അസോസിയേഷനുകളുടെ വാദം. ആവശ്യക്കാര്‍ ഇല്ലെങ്കില്‍ എന്‍.ആര്‍.ഐ സീറ്റിലെങ്കിലും നീറ്റിന് പുറത്തുനിന്ന് പ്രവേശനം നടത്താന്‍ അനുവദിക്കണം. ഏകീകൃത ഫീസ് ഘടനയില്‍ മാറ്റംവരുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങളുന്നയിച്ചാണ് അടുത്ത ആഴ്ച പ്രധാനമന്ത്രിയെ കാണുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ മെഡിക്കല്‍ പ്രവേശനത്തിലെ കേന്ദ്ര നിലപാട് തുടരാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. കൂടുതല്‍ വ്യക്തതയ്ക്കായി പ്രവേശന നടപടികളുടെ മേല്‍നോട്ടം വഹിക്കുന്ന ജയിംസ് കമ്മിറ്റിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. അതേസമയം, എന്‍.ആര്‍.ഐ സീറ്റില്‍ നേരത്തേതന്നെ പ്രവേശനം നടത്തിയ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ നടപടിയും വിലയിരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."