റഹീമിന്റെ ചിത്രങ്ങള്‍ക്ക് മുത്തിനഴക്
തിരൂര്‍: കടുക് മണിയോളം വലുപ്പമുള്ള അറുപതിനായിരത്തോളം ചെറിയ മുത്തുകള്‍ കൊണ്ട് തീര്‍ത്ത യു.എ.ഇ മുന്‍ഭരണാധികാരി ശൈഖ് ശാഹിദ് സുല്‍ത്താനും മുക്കാല്‍ ലക്ഷത്തിനടുത്ത് മുത്തുകള്‍ ഉപയോഗിച്ച് തീര്‍ത്ത ഫാല്‍ക്കണ്‍ പക്ഷിയും... റഹീമിന്റെ കരവിരുതില്‍ മുത്തുകള്‍ മനോഹര ചിത്രങ്ങളായാണ് പിറവിയെടുക്കുന്നത്. പരിശുദ്ധ ഹജ്ജ് കര്‍മവും ഇന്ദിരാഗാന്ധിയും മദര്‍തെരേസയും മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ഫുട്‌ബോള്‍ താരങ്ങളായ മെസ്സിയും റൊണാള്‍ഡോയും കൂടാതെ പ്രകൃതി ദൃശ്യങ്ങളുമെല്ലാം മുത്തില്‍ തീര്‍ക്കുകയാണ് തിരൂര്‍ പെരുവഴിയമ്പലം സ്വദേശി റഹീം. ചിത്രം വരച്ച ശേഷം അവയില്‍ മുത്തുകള്‍ പതിച്ച് തയാറാക്കുന്ന ഇവയെല്ലാം പ്രദര്‍ശനത്തിന് ഒരുക്കുകയാണ് ഈ യുവ കലാകാരന്‍.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ ചിത്രരചനയില്‍ ആയിരുന്നു തുടക്കം. പിന്നീട് തെര്‍മോകോളില്‍ വീടുകളുടെയും കൊട്ടാരങ്ങളുടെയും മാതൃകകള്‍ ആവശ്യക്കാരുടെ ഇഷ്ടപ്രകാരം നിര്‍മിച്ചുനല്‍കിയിട്ടുണ്ട് റഹിം. വ്യത്യസ്തത തേടി ഈര്‍ക്കിലില്‍ വിവിധ കലാരൂപങ്ങളുമൊരുക്കി. അനശ്വര പ്രേമത്തിന്റെ പ്രതീകവും ഏഴ് അത്ഭുതങ്ങളില്‍ ഒന്നുമായ താജ്മഹലിന് 350 വയസ്സ് തികയുന്ന വേളയില്‍ ഈര്‍ക്കിലില്‍ താജ്മഹലിന്റെ മാതൃകയൊരുക്കിയിരുന്നു. ഈര്‍ക്കില്‍ മാത്രം ഉപയോഗിച്ച് വിവിധ തരം ചിത്രങ്ങളുടെ പണിപ്പുരയിലാണ് റഹിം ഇപ്പോള്‍. തേക്കിന്റെ തടി ഉപയോഗിച്ച് കുപ്പിയുടെ ഉള്ളില്‍ മക്ക, മദീന തുടങ്ങിയ പുണ്യസ്ഥലങ്ങളും വിദേശ രാജ്യങ്ങളിലെ ബഹുനില കെട്ടിടങ്ങളും രൂപകല്‍പ്പന ചെയ്യുന്നുണ്ട്. നൂല്‍മാത്രം ഉപയോഗിച്ച് വിവിധ തരം ചിത്രങ്ങളും തയാറാക്കിയിട്ടുണ്ട്. വിവിധ പത്ര മാധ്യമങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിച്ച കൗതുക വാര്‍ത്തകളുടെ ശേഖരവും ഇദ്ദേഹത്തിന്റെ കൈവശമുണ്ട്. ഒരിഞ്ചില്‍ താഴെ നീളവും അര ഇഞ്ചില്‍ താഴെ കനവുമുള്ള ഖുര്‍ആനും അപൂര്‍വ നാണയങ്ങളും സ്റ്റാമ്പുകളും റഹിമിന്റെ ശേഖരത്തിലുണ്ട്. തിരൂര്‍ പെരുവഴിയമ്പലം സ്വദേശി പറമ്പില്‍താഴത്ത് അബ്ദുല്‍ഖാദറിന്റെയും ഇയ്യാത്തുമ്മുവിന്റെയും മകനാണ്. ഭാര്യ റഷീദ. ചിത്രകാരി കൂടിയായ ആറാം ക്ലാസ് വിദ്യാര്‍ഥി റുമൈസയും മൂന്നാം ക്ലാസ് വിദ്യാര്‍ഥി റംഷാദും മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."