ഗുജറാത്തില്‍ വോട്ടിങ് യന്ത്രങ്ങള്‍ കയറ്റിയ ട്രക്ക് മറിഞ്ഞു; അട്ടിമറിയെന്ന് ഹാര്‍ദിക് പട്ടേല്‍
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിനു ശേഷം തിരികെ കൊണ്ടുപോകുകയായിരുന്ന 100 ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളും വി.വി പാറ്റ് യൂനിറ്റുകളും കയറ്റിയ ട്രക്ക് മറിഞ്ഞു. ഗുജറാത്തിലെ ഭറൂച്ചിലാണ് ട്രക്ക് അപകടത്തില്‍പ്പെട്ടത്. അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തി.
റീകൗണ്ടിങ് ആവശ്യപ്പെട്ട് പരാതി നല്‍കിയതിനു പിന്നാലെ ട്രക്ക് അപകടത്തില്‍പ്പെട്ടതില്‍ അസ്വാഭാവികതയുണ്ടെന്നും ഹാര്‍ദിക് ട്വീറ്റ് ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാത്ത മെഷിനുകള്‍ കൊണ്ടുപോകുമ്പോഴാണ് ട്രക്ക് മറിഞ്ഞതെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. ജമ്പൂസാറില്‍ നിന്ന് ഭറൂച്ച് പട്ടണത്തിലെ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുമ്പോഴാണ് ട്രക്ക് മറിഞ്ഞതെന്നും ജില്ലാ കലക്ടര്‍ സന്ദീപ് സഗാലെ പറഞ്ഞു.
അപകടത്തില്‍പ്പെട്ട വാഹനത്തിലെ മെഷിനുകളെല്ലാം ആവശ്യം വന്നാല്‍ ഉപയോഗിക്കാനായി എത്തിച്ചതായിരുന്നു. ഡിസംബര്‍ 9ന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച മെഷിനുകള്‍ക്കൊപ്പം അധികമായി എത്തിച്ചതായിരുന്നു ഇവയെന്നും അദ്ദേഹം അറിയിച്ചു.
അപകടത്തില്‍ ട്രക്കിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വോട്ടിങ് യന്ത്രങ്ങള്‍ക്കൊപ്പം 103 വി.വിപാറ്റ് യന്ത്രങ്ങളും 92 ബാലറ്റ് യൂനിറ്റുകളും 93 കണ്‍ട്രോള്‍ യൂനിറ്റുകളും ഉണ്ടായിരുന്നു.
അപകടം നടന്ന ഉടന്‍ തന്നെ സംഭവ സ്ഥലത്ത് പൊലിസെത്തി. യന്ത്രങ്ങളെല്ലാം സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. യന്ത്രങ്ങളില്‍ ക്രമക്കേട് ആരോപിച്ച് ഹാര്‍ദിക് പട്ടേല്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
യന്ത്രങ്ങളില്‍ ക്രമക്കേട്‌നടത്തുന്നതിന് അഹമ്മദാബാദ് ആസ്ഥാനമായുള്ള ഒരു കമ്പനിയില്‍ നിന്ന് 140 സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരെ നിയോഗിച്ചിരുന്നുവെന്നാണ് അദ്ദേഹം ആരോപിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."