പി.വി അൻവറിന്റെ ഭാര്യാപിതാവിന്റെ റോപ്‌വേ ; രണ്ടുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് ഓംബുഡ്സ്മാൻ
നിലമ്പൂർ
ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ പി.വി അൻവർ എം.എൽ.എയുടെ ഭാര്യാപിതാവ് നിയമവിരുദ്ധമായി നിർമിച്ച റോപ്‌വേ രണ്ടുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ് ഗോപിനാഥൻ ഉത്തരവിട്ടു. റോപ്‌വേയോട് അനുബന്ധിച്ച് ബോട്ട് ജെട്ടിക്കായി കോൺക്രീറ്റ് പില്ലറുകളടക്കമുള്ള അനധികൃത നിർമാണങ്ങളിൽ നടപടിയെടുക്കണമെന്നും ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. നടപടിക്രമങ്ങൾ മാർച്ച് 31ന്സെക്രട്ടറി ഓംബുഡ്സ്മാന് റിപ്പോർട്ട് ചെയ്യണം.
റോപ്‌വേ പൊളിക്കാൻ 1,47,000 രൂപയുടെ ക്വട്ടേഷൻ പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചതായും എസ്റ്റിമേറ്റ് തയാറാക്കുന്നതിന് 20,160 രൂപ ചെലവായതായും പഞ്ചായത്ത് സെക്രട്ടറി ഓമന അമ്മാളു ഓംബുഡ്സ്മാനെ അറിയിച്ചു. എം.എൽ.എയുടെ ഭാര്യാപിതാവ് സി.കെ അബ്ദുൽലത്തീഫ് 15 ദിവസം കൂടുതൽ സമയം തേടി നൽകിയ കത്ത് പഞ്ചായത്ത് തള്ളിയതായും എസ്റ്റിമേറ്റടക്കം തയാറാക്കുന്നതിലുണ്ടായ കാലതാമസമാണ് ഉത്തരവ് നടപ്പാക്കാൻ വൈകിയതെന്നും സെക്രട്ടറി വിശദീകരിച്ചു. റോപ്‌വേക്കൊപ്പം ബോട്ട് ജെട്ടിക്കായുള്ള കോൺക്രീറ്റ് പില്ലറുകളടക്കമുള്ള അനധികൃത നിർമാണങ്ങളുണ്ടെന്ന് പരാതിക്കാരൻ എം.പി വിനോദ് വ്യക്തമാക്കിയതോടെയാണ് ഇതിനെതിരേയും നടപടിയെടുക്കാൻ ഓംബുഡ്സ്മാൻ നിർദേശം നൽകിയത്. നേരത്തെ റോപ്‌വേ പൊളിക്കാൻ ഓംബുഡ്സ്മാൻ ഉത്തരവ് നൽകിയിരുന്നെങ്കിലും പഞ്ചായത്ത് നടപ്പാക്കിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."