HOME
DETAILS

പെഗാസസും മാധ്യമനിയന്ത്രണവും

  
backup
February 03 2022 | 03:02 AM

45624563210-2

ഡോ. സനന്ദ് സദാനന്ദൻ

ഇസ്റാഇൗലിൽനിന്ന് പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയർ 2017ൽ ഇന്ത്യ വാങ്ങിയതായി അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് പത്രം വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസങ്ങളിലാണ്.കഴിഞ്ഞ വർഷം ജൂലൈയിൽ ഫോൺചോർത്തൽ ചർച്ചയായപ്പോൾ പെഗാസസ് നിർമാതാക്കളായ എൻ.എസ്.ഒ കമ്പനിയുമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്നായിരുന്നു കേന്ദ്രസർക്കാർ പാർലമെന്റിൽ പറഞ്ഞിരുന്നത്. ഇതിനു വിരുദ്ധമായ വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യ ചാര സോഫ്റ്റ്‌വെയർ വാങ്ങി എന്നതിലപ്പുറം, ഈ ഇടപാട് ഐക്യരാഷ്ട്ര സംഘടനയിൽ രാജ്യം ഇസ്റാഇൗൽ അനുകൂല നിലപാട് സ്വീകരിക്കാൻ കാരണമായെന്ന ആരോപണം പ്രശ്നത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. സ്വതന്ത്ര നിലപാടുകളുള്ള മാധ്യമപ്രവർത്തകരായിരുന്നു പെഗാസസ് പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഒരു പ്രമുഖ വിഭാഗം. മാധ്യമപ്രവർത്തകരെ രഹസ്യമായി നിരീക്ഷിക്കുന്നതിൽനിന്ന് ഇന്ന് ദേശസുരക്ഷയുടെ പേരിൽ മാധ്യമങ്ങളെ വിലക്കുന്ന ഭരണകൂടത്തിന്റെ പുത്തൻ തീരുമാനങ്ങൾ അപ്രതീക്ഷിതമായ ഒന്നല്ല. മറിച്ച്, മാധ്യമനിയന്ത്രണത്തിന്റെ അടുത്ത ഘട്ടമായിട്ട് വേണം വിലയിരുത്താൻ.


ലോകം ചാരക്കണ്ണിൽ


രണ്ടായിരമാണ്ടിന്റെ മധ്യത്തിൽ ഇസ്റാഇൗലിൽ തുടങ്ങിയ എൻ.എസ്.ഒ കമ്പനി 2008ൽ ആണ് നിരീക്ഷണ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലേക്ക് കടക്കുന്നത്. തുടക്കം മുതലേ ഇസ്റാഇൗൽ സർക്കാരുമായി ചേർന്നായിരുന്നു പ്രവർത്തനം. ആഗോള മാർക്കറ്റിൽ ആദ്യമായി വരവറിയിച്ചത് 2011ൽ മെക്സിക്കൻ മയക്കുമരുന്ന് രാജാവായിരുന്ന എൽ ചാപ്പോയെ പിടികൂടാനായി ഭരണകൂടത്തെ സഹായിച്ചുകൊണ്ടായിരുന്നു. തീവ്രവാദ ഗൂഢാലോചനകൾ, ക്രിമിനൽ ഗ്യാങ്ങുകൾ, കുട്ടിക്കടത്ത് സംഘങ്ങൾ തുടങ്ങിയവയെ കണ്ടെത്താനായി പല ഭരണകൂടങ്ങളും ഈ ചാരമാർഗം ഉപയോഗിക്കുന്നതായി കണക്കാക്കുന്നു. തുടക്കം മുതൽ തന്നെ ഈ ചാര സോഫ്റ്റ് വെയറിന്റെ ദുരുപയോഗത്തെ സംബന്ധിച്ച വാർത്തകളും വന്നിരുന്നു. മെക്സിക്കൻ ഭരണകൂടം ഈ നിരീക്ഷണ സംവിധാനം പ്രയോഗിച്ചത് മയക്കുമരുന്ന് അധോലോകത്തിനെതിരേ മാത്രമല്ല, മാധ്യമപ്രവർത്തകർക്കും രാഷ്ട്രീയ പ്രതിയോഗികൾക്കെതിരേയും കൂടിയാണ്. യു.എ.ഇ, സഉൗദി അറേബ്യ എന്നീ രാജ്യങ്ങൾ പെഗാസസ് ഉപയോഗിച്ചത് മനുഷ്യാവകാശപ്രവർത്തകരെയും മറ്റു സമാന ചിന്താഗതിക്കാരെയും നിരീക്ഷിക്കാനാണെന്ന റിപ്പോർട്ടുകൾ അന്നേ നിരവധി അന്താരാഷ്ട്ര സംഘടനകൾ പുറത്തുവിട്ടിരുന്നു.


രൂപീകരണഘട്ടം മുതൽ അധിനിവേശ സ്വഭാവത്താൽ അന്താരാഷ്ട്രതലത്തിൽ മാറ്റിനിർത്തപ്പെട്ട ഇസ്റാഇൗലി ഭരണകൂടത്തെ സംബന്ധിച്ച് വിദേശനയത്തിൽ ഒരു തുറുപ്പുചീട്ടായി മാറി പെഗാസസ് സോഫ്റ്റ്‌വെയറിന്റെ കൈമാറ്റം. മെക്സിക്കോ, പനാമ എന്നീ രാജ്യങ്ങളുടെ ഐക്യരാഷ്ട്ര സംഘടനയിലെ നിലപാടുകളിൽ ഇസ്റാഇൗൽ പക്ഷത്തേക്കുള്ള മാറ്റം പെഗാസസ് കൈമാറി കഴിഞ്ഞതിനുശേഷം സംഭവിച്ചതാണെന്ന് ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണ വിഭാഗം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അറബ് രാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ട ഇസ്റാഇൗൽ എങ്ങനെയാണ് ഈയിടെ ഇറാൻ വിരുദ്ധ പ്രചാരണങ്ങൾക്ക് മേഖലയിലെ ഭൂരിപക്ഷം രാജ്യങ്ങളെ ഒപ്പം നിർത്തിയതെന്നും ഇവിടെ ചേർത്തുവായിക്കാവുന്നതാണ്. ഇസ്റാഇൗലുമായി ദീർഘകാലം ശത്രുതയിലായിരുന്നു പ്രമുഖ അറബ് രാജ്യങ്ങളുമായി 2020ൽ ഒപ്പുവച്ച എബ്രഹാം ഉടമ്പടിക്ക് പിന്നിൽ ഈ ചാരക്കണ്ണുകളുടെ കച്ചവടം വഹിച്ച പങ്ക് അന്വേഷണ റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്. ആഗോളതലത്തിലെ പെഗാസസ് കൈമാറ്റത്തിന് രണ്ട് ലക്ഷ്യങ്ങളാണുള്ളത്. ഒന്ന്, ഇസ്റാഇൗൽ ഭരണകൂട സ്വാധീനം ലോകത്തിലെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയെന്ന ഭരണകൂട താൽപര്യം. രണ്ട്, എൻ.എസ്.ഒ എന്ന കമ്പനിയുടെ ലാഭക്കൊതി. അമേരിക്കൻ മൊബൈൽ നമ്പറുകൾ മാത്രം ഒഴിവാക്കിയുള്ള സോഫ്റ്റവെയർ ഡിസൈൻ ഇസ്റാഇൗൽ ഭരണകൂടത്തിന്റെ രാഷ്ട്രീയ താൽപര്യങ്ങളാണ് കമ്പനിയെ നയിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ്.


ഒളിഞ്ഞുനോക്കുന്ന ഭരണകൂടം?


2021 ജൂലൈ മാസത്തിലാണ്, മുന്നൂറിലധികം ഇന്ത്യക്കാരുടെ ഫോണുകൾ ഈ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചോർത്തിയതായി ആരോപണമുയർന്നത്. രാഹുൽഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ, പത്രപ്രവർത്തകർ, സുപ്രിംകോടതി ജഡ്ജി, ഇലക്ഷൻ കമ്മിഷണർ, രണ്ട് കേന്ദ്രമന്ത്രിമാർ തുടങ്ങി നിരവധി പ്രമുഖരുടെ പേരുകളാണ് പട്ടികയിൽ ഉണ്ടായിരുന്നത്. ഈ വിഷയത്തിൽ അവ്യക്തമായ നിലപാടുകൾ പിന്തുടർന്നുപോന്ന കേന്ദ്ര സർക്കാരിന്റെ അന്വേഷണത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന നിർദേശം തള്ളിയാണ് സുപ്രിംകോടതി ജസ്റ്റിസ് ആർ.വി രവീന്ദ്രൻ അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചത്. സമിതിയുടെ തെളിവെടുപ്പുകൾ നടന്നുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടുള്ളത്. വിഷയം കോടതിയുടെ പരിഗണനയിലും അന്വേഷണ സമിതിയുടെ പരിശോധനയിലുമായതിനാൽ പാർലമെൻ്റിൽ ഇനി ചർച്ചയില്ല എന്നതാണ് നിലവിലെ സർക്കാർ നിലപാട്.


2017ലെ 200 കോടി ഡോളറിന്റെ ഇന്ത്യ- ഇസ്റാഇൗൽ പ്രതിരോധ ഇടപാടിലെ മുഖ്യഅജൻഡകൾ പെഗാസസ് ചാര സോഫറ്റ് വെയറും മിസൈൽ സംവിധാനങ്ങളും ആയിരുന്നുവെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2017ലെ നരേന്ദ്രമോദിയുടെ ഇസ്റാഇൗൽ സന്ദർശനവുമായി ബന്ധപ്പെട്ടാണ് ഈ കരാർ രൂപപ്പെട്ടത്. ഇസ്റാഇൗൽ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. മാസങ്ങൾക്കുള്ളിൽ ഇസ്റാഇൗൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യ സന്ദർശിച്ചു എന്നുള്ളതും ശ്രദ്ധേയമാണ്. ജൂണിൽ ഐക്യരാഷ്ട്ര സംഘടനയിലെ സാമ്പത്തിക സുരക്ഷാസമിതിയിൽ ഫലസ്തീൻ മനുഷ്യാവകാശ സംഘടനയ്ക്കെതിരേ വോട്ട് ചെയ്തത് അടക്കമുള്ളവ ഇന്ത്യയുടെ ചാര സോഫ്റ്റ് വെയർ കൈമാറ്റത്തിനു ശേഷമുള്ള ഇസ്റാഇൗൽ അനുകൂല നയം മാറ്റത്തിന് ഉദാഹരണമായി എടുത്തുകാണിക്കുന്നുണ്ട്.


ഇവിടെ മൂന്ന് വിഷയങ്ങളാണ് കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. ഒന്ന്, സ്വന്തം ജനതയെ നിയമവിരുദ്ധമായി നിരീക്ഷിക്കാനായി അവരുടെ തന്നെ നികുതിപ്പണം ഉപയോഗിച്ചുകൊണ്ട് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചെന്ന ആരോപണം. രണ്ട്, ഇത്തരമൊരു ഇടപാട് നടത്തിയില്ലെന്ന പാർലമെന്റിന് അകത്തെ സർക്കാർ നിലപാട്. മൂന്ന്, ഇത്തരം ചാര സോഫ്റ്റ്‌വെയർ സ്വായത്തമാക്കാനായി ഇന്ത്യയുടെ പ്രഖ്യാപിത വിദേശനയങ്ങൾ അടിയറവച്ചു എന്ന ആരോപണം.
പെഗാസസ് എന്നത് ഗ്രീക്ക് പുരാണത്തിലെ ചിറകുകളുള്ള പറക്കുന്ന കുതിരയാണ്. യുദ്ധങ്ങളിൽ ദേവന്മാരെ സഹായിക്കുന്ന ഈ രൂപം ഉയർന്നുവരുന്നത് എല്ലാത്തിനെയും ഒരു മാത്രയിൽ ശിലയാക്കി മാറ്റുന്ന, വിഷ സർപ്പത്തെ തലമുടിയിൽ ഒളിപ്പിച്ച മെഡൂസ എന്ന ദുഷ്ട കഥാപാത്രത്തിന്റെ രക്തത്തിൽ നിന്നാണ് എന്നുള്ളത് മറക്കാതെ വയ്യ. ആത്യന്തികമായി ആര് ഉപയോഗിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഭീമ കൊറെഗാവ് കേസിൽ സംശയിക്കുന്ന വ്യക്തികളുടെ കംപ്യൂട്ടറിൽ കൃത്രിമമായി തെളിവുകൾ കടത്തിവിട്ട് കുറ്റവാളികളാക്കി രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിൽ അടച്ചു എന്നതിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഒരു ഭരണകൂടമാണ് ഇവിടെ ചാരക്കണ്ണുകൾ സ്വായത്തമാക്കുന്നത് ഗൗരവതരമാണ്.


അഭിപ്രായസ്വാതന്ത്ര്യത്തിന്
വിലങ്ങിടുമ്പോൾ


2021 ജൂലൈയിലാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ കൺസോർഷ്യം ചാരപ്രവർത്തനത്തിന്റെ വാർത്ത പുറത്തുവിടുന്നത്. ഇന്ത്യയിൽ ദി വയർ ആയിരുന്നു ഇതിലുൾപ്പെട്ട മാധ്യമസ്ഥാപനം. പട്ടികയിൽ 40 ഇന്ത്യൻ മാധ്യമപ്രവർത്തകരുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. ആംനെസ്റ്റി ഇൻ്റർനാഷണലിന്റെ സെക്യൂരിറ്റി ലാബ് നടത്തിയ സ്വതന്ത്ര ഡിജിറ്റൽ ഫൊറൻസിക് പരിശോധനയിൽ പട്ടികയിലുള്ള പത്ത് ഇന്ത്യൻ ഫോണുകളിൽ ചാര സോഫ്റ്റ്‌വെയറിൻ്റെ സാന്നിധ്യം കണ്ടെത്തുകയുണ്ടായി. ദി വയറിന്റെ സ്ഥാപക എഡിറ്റർമാരായ സിദ്ധാർത്ഥ് വരദരാജൻ, എം.കെ വേണു എന്നിവരുടെ ഫോണിൽ ചാര വൈറസിന്റെ സാന്നിധ്യം തെളിഞ്ഞിട്ടുണ്ട്. മറ്റ് ചില ഫോണുകളുടെ ഉടമകൾ ആഭ്യന്തര വകുപ്പിനെക്കുറിച്ചുള്ള വാർത്തകൾ കൈകാര്യം ചെയ്യുന്ന ദി ഹിന്ദുവിലെ വിജയ് സിങ്, 2018ലെ വിവാദമായ റാഫേൽ കരാറിന്റെ വാർത്തകൾ റിപ്പോർട്ട് ചെയ്ത സുശാന്ത് സിങ് എന്നിവരാണ്. അമിത്ഷായുടെ മകൻ ജയ് ഷാ, പ്രധാനമന്ത്രിയുടെ അടുപ്പക്കാരനായ നിഖിൽ മർച്ചൻ്റ് എന്നിവരുടെ ബിസിനസ് രഹസ്യങ്ങൾ റിപ്പോർട്ട് ചെയ്ത രോഹിണി സിങ്, 2G അഴിമതി വെളിച്ചത്തു കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ച പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവർത്തകൻ ജെ. ഗോപീകൃഷ്ണൻ തുടങ്ങിയ പ്രമുഖ സ്വതന്ത്ര മാധ്യമപ്രവർത്തകരുടെ പേരുകളാണ് ഈ പട്ടികയിലുള്ളത്. പെഗാസസ് കമ്പനിയുടെ വെളിപ്പെടുത്തൽ പ്രകാരം കമ്പനി ചാര സോഫ്‌റ്റ്‌വെയർ കൈമാറുന്നത് വ്യക്തികൾക്കോ സംഘടനകൾക്കോ അല്ല, രാജ്യങ്ങൾക്ക് മാത്രമാണ്. അങ്ങനെ വരുമ്പോൾ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ ഫോണിൽ ശാസ്ത്രീയ പരിശോധനയിൽ കണ്ടെടുത്ത ചാരകണ്ണുകൾക്ക് ആരായിരിക്കണം ഉത്തരവാദി?
മാധ്യമപ്രവർത്തകരെ നിരീക്ഷിക്കുന്നതിൽനിന്ന് മാധ്യമ വിലക്കിൻ്റെ പാതയിലാണ് ഇന്ന് ഭരണകൂടം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. താൻ നിരീക്ഷണത്തിലാണെന്ന അറിവ് മാധ്യമപ്രവർത്തകരെ സെൽഫ് സെൻസർഷിപ്പിലേക്ക് നയിക്കാനുള്ള സാധ്യതയാണ് ആദ്യത്തെ ചെയ്തികളിൽ ആരായുന്നത്. കോർപറേറ്റുകളുടെ അധീനതയിലായ ഭൂരിപക്ഷ മാധ്യമങ്ങൾക്ക് ഇടയിൽ അവശേഷിക്കുന്ന വിമർശന സ്വരങ്ങളെ താൽക്കാലികമായി വിലക്കി, മറ്റുള്ളവർക്ക് താക്കീതു നൽകി തത്വത്തിൽ നിയന്ത്രിക്കുക എന്നുള്ളതായിരിക്കണം രണ്ടാമത്തെ അജൻഡ. വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സ്വതന്ത്ര മാധ്യമപ്രവർത്തനം സാധ്യമല്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 142ാം സ്ഥാനത്താണ് . 140ാം സ്ഥാനത്തുള്ളത് മ്യാൻമാറിലെ പട്ടാളഭരണകൂടമാണ് എന്നുള്ളത് ഇന്ത്യയുടെ സമകാലിക അവസ്ഥയെ വരച്ചുകാണിക്കുന്നു. വാൾട്ടർ ക്രോൺകൈറ്റ് പറഞ്ഞ പോലെ മാധ്യമ സ്വാതന്ത്ര്യമെന്നത് ജനാധിപത്യത്തിന് എത്ര പ്രാധാന്യമുള്ളതാണ് എന്നതല്ല, അതാണ് ജനാധിപത്യമെന്ന് വേണം മനസിലാക്കാൻ. ഇവിടെ സമഗ്രാധിപത്യത്തിന്റെ നാനാഭാവങ്ങൾ പ്രകടമാക്കുന്ന സമകാലിക ഇന്ത്യൻ ഭരണകൂടത്തിന്റെ മാധ്യമനയങ്ങൾ ജനാധിപത്യത്തിന്റെ എതിർദിശയിലാണ് സഞ്ചരിക്കുന്നതെന്നത് പറയാതിരിക്കാനാവില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  18 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  18 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  18 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  18 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  18 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  18 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  18 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  18 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  19 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  19 days ago