നോമ്പിന്റെ ഊര്‍ജം അനുഭവിച്ചറിയുന്ന നാളുകള്‍
കഴിഞ്ഞ വര്‍ഷം കൊവിഡ് ലോക്ക്ഡൗണ്‍ കാരണം വീട്ടിനകത്ത് ഒതുങ്ങിക്കൂടേണ്ടി വന്നതിനാല്‍ ഈവര്‍ഷം റമദാന്‍ ആഗതമായപ്പോള്‍ മനസില്‍ ഏറെ പരിഭ്രമം ഉണ്ടായിരുന്നു. കോടതിയിലും ഓഫിസിലും വീട്ടിലുമുള്ള ജോലിഭാരം നോമ്പിനെ എത്രത്തോളം ബാധിക്കുമെന്ന ആശങ്ക തന്നെയായിരുന്നു ഇതിനു കാരണം. എന്നാല്‍ പ്രതീക്ഷകളെയും ആശങ്കകളെയും അവഗണിച്ച് ഇതരമാസങ്ങളില്‍നിന്നും വ്യത്യസ്തമായ ഒരു ഊര്‍ജം ഈ റമദാന്‍ തുടക്കത്തില്‍ തന്നെ എനിക്കു ലഭിച്ചുവെന്നതാണ് അനുഭവം. ആരോഗ്യപരമായി ഏറെ ഗുണം ചെയ്യുന്നതാണ് ഇസ്‌ലാമിക വ്രതമെന്ന് ആധുനിക വൈദ്യശാസ്ത്രം അംഗീകരിച്ചിട്ടുണ്ടെങ്കിലും വ്രതം കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നുവെന്ന കാര്യം കോടതി അനുഭവങ്ങളില്‍നിന്ന് മനസിലാക്കാന്‍ ഈ റമദാന്‍ എത്തേണ്ടിവന്നു.
കുടുംബകോടതിയില്‍ കൂടുതല്‍ സമയം പ്രാക്ടീസ് ചെയ്യുന്നതിനാല്‍ ഏറെ സങ്കടം ഉണ്ടാക്കുന്ന രംഗങ്ങളാണ് റമദാന്‍ മാസത്തിലും അനുഭവിക്കേണ്ടി വരുന്നത്. നിസാര പ്രശ്‌നത്തിന്റെ പേരിലുള്ള ഭാര്യഭര്‍തൃ തര്‍ക്കവും ഒടുവില്‍ അതു വിവാഹമോചന കേസിലെത്തുന്നതുമെല്ലാം മനസിനെ വല്ലാതെ ഉലയ്ക്കാറുണ്ട്. വ്രതമെടുത്ത് കോടതിയിലെത്തി ദമ്പതികളില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്കുവേണ്ടി വാദിക്കുമ്പോള്‍ മനസ് പിടയുന്നു...
ഒരേ സമയം വീട്ടുജോലിയും വക്കീല്‍ ജോലിയും ഒന്നിച്ചു കൊണ്ടുപോകുന്നത് ഏറെ സാഹസപ്പെട്ടാണ്. രാവിലെ കോടതിയിലേക്ക് പോകാനുള്ള ഒരുക്കം എട്ടു മണിയോടെയെങ്കിലും തുടങ്ങണം. വീട്ടിലെ ജോലികള്‍ തീര്‍ത്ത് ഓഫിസിലെത്തി അന്നത്തെ കേസ് ഫയല്‍ എടുത്ത് കോടതിയിലേക്കുള്ള ഓട്ടം. തുടര്‍ന്ന് കോടതിയിലെ ജോലി കഴിഞ്ഞാല്‍ വീണ്ടും ഓഫിസിലെത്തി കേസിലെ കക്ഷികളോട് കാര്യങ്ങള്‍ അറിയിക്കല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍. അതും പൂര്‍ത്തിയാക്കി വീട്ടിലെത്തുമ്പോള്‍ നോമ്പ് മുറിക്കാനുള്ള സമയം അടുക്കാറായിട്ടുണ്ടാകും. പിന്നെ ധൃതിയില്‍ നോമ്പ് തുറക്കാനുള്ള ആഹാരവും മറ്റു വിഭവങ്ങളും ഉണ്ടാക്കണം. എന്നാല്‍ ഇത്ര ഭാരമായ ജോലി ചെയ്യുമ്പോഴും യാതൊരു ക്ഷീണവും ഇതരമാസങ്ങളെ അപേക്ഷിച്ച് റമദാനില്‍ ഉണ്ടാകുന്നില്ലെന്നത് ഏറെ അത്ഭുതകരം.
ഒരേ സമയം വീട്ടമ്മയും വക്കീലുമായി ജോലി ചെയ്യുന്നത് ഈ മാസത്തില്‍ ഏറെ സംതൃപ്തി നല്‍കുന്നുണ്ട്. ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും ക്ഷീണം അനുഭവപ്പെടാറുണ്ടെങ്കിലും തുടര്‍ന്ന് വീട്ടുജോലിയില്‍ പ്രവേശിക്കുന്നതോടെ കൂടുതല്‍ ഊര്‍ജം ലഭിക്കുന്നു. പവിത്രമായ മാസത്തിന്റെ പ്രത്യേകത തന്നെയാണിത്.
നോമ്പുകാലത്ത് എവിഡന്‍സ് സ്റ്റേജ് ചെയ്യാന്‍ ഏറെ പ്രയാസം നേരിടാറുണ്ട്. എന്നാല്‍ ജോലിയുടെ ഭാഗമായി ഇതൊക്കെ ചെയ്താലും തിരിച്ചു വീട്ടിലെത്തി വീട്ടമ്മയുടെ വേഷമണിയുന്നതോടെ എല്ലാ പ്രയാസങ്ങളെയും മറികടക്കാനാകും. എനിക്കു പുറമെ ഒരുപാട് അഭിഭാഷകര്‍ നേരിടുന്ന അനുഭവങ്ങളാണിത്. വിശുദ്ധ മാസം ഇതരമാസങ്ങളെ അപേക്ഷിച്ച് ഏറെ സംതൃപ്തിയാണ് അഭിഭാഷകവൃത്തിയിലും വീട്ടുജോലിയിലും നല്‍കുന്നത്. ആത്മീയാനുഭൂതി അനുഭവിക്കുന്നതോടൊപ്പം തന്നെ മാനസികമായ പ്രയാസങ്ങളെ റമദാന്‍ ഇല്ലാതാക്കി തീര്‍ക്കുമെന്നു തന്നെയാണ് നോമ്പനുഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."