സഊദി അന്താരാഷ്ട്ര യാത്രാവിലക്കുകള്‍ പിൻവലിച്ചു
ജിദ്ദ: കൊവിഡിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി സഊദിയില്‍ നിലനില്‍ക്കുന്ന താല്‍ക്കാലിക അന്താരാഷ്ട്ര യാത്രാവിലക്കുകള്‍ പിൻവലിച്ചു.ഇതോടെ
രാജ്യത്തിന്‍റെ കര, ജല, വ്യാമ ഗതാഗതം സാധാരണ നിലയിലേക്ക് തിരിച്ചുവരും.
അതേ സമയം ഇന്ത്യയടക്കം 13 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ പോകരുതെന്ന് സഊദി പൗരന്മാരോട് ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. ഇന്ത്യ, ലിബിയ, സിറിയ, ലബനാന്‍, യമന്‍, ഇറാന്‍, തുര്‍ക്കി, അര്‍മീനിയ, സോമാലിയ, കോംഗോ, അഫ്ഗാനിസ്ഥാന്‍, വെനീസ്വല, ബെലാറസ് എന്നീ രാജ്യങ്ങളിലേക്കാണ് സഊദി പൗരന്മാര്‍ക്ക് യാത്രാവിലക്കുള്ളത്. നേരിട്ടോ മറ്റു രാജ്യങ്ങളിലൂടെയോ ഈ രാജ്യങ്ങളിലേക്ക് പോകരുത്.
ഈ രാജ്യങ്ങളില്‍ കൊവിഡിന്റെ വകഭേദവ്യാപനം രൂക്ഷമാണെന്നത് കാരണമാണ് യാത്രാവിലക്കെന്നും മറ്റു ഏതെങ്കിലും രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതലുണ്ടെങ്കില്‍ അവിടേക്കും പോകരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.യാത്ര അനുവദിച്ച രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ തന്നെ സുരക്ഷാ മുന്‍കരുതല്‍ പാലിക്കണമെന്നും കൊവിഡ് വ്യാപനമുള്ള പ്രദേശങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. യാത്രക്കാര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ രണ്ട് ഡോസും കുത്തിവെച്ചവരോ ഒരു ഡോസെടുത്ത് 14 ദിവസങ്ങള്‍ പൂര്‍ത്തീകരിച്ചവരോ ആയിരിക്കണം. ഇക്കാര്യം തവക്കല്‍ന ആപ്പ്ളിക്കേഷനില്‍ അപ്ഡേറ്റ് ആയിരിക്കണം. കൊവിഡ് അസുഖം ബാധിച്ച് ഭേദമായി ആറ് മാസം കഴിഞ്ഞവര്‍. ഇക്കാര്യവും തവക്കല്‍ന ആപ്പ്ളിക്കേഷനില്‍ അപ്ഡേറ്റ് ആയിരിക്കണം. 18 വയസില്‍ താഴെ പ്രായമുള്ളവര്‍. ഇവര്‍ക്ക് യാത്ര ചെയ്യണമെങ്കില്‍ കൊവിഡിനെതിരെ സെന്‍ട്രല്‍ ബാങ്ക് ഓഫ് സഊദി അറേബ്യ അംഗീകരിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. രാജ്യത്തിന് പുറത്തുപോയി തിരിച്ചു വരുന്ന എട്ട് വയസിന് മുകളില്‍ പ്രായമുള്ളവരെല്ലാം സഊദിയിലെത്തി ഏഴ് ദിവസങ്ങള്‍ വീട്ടില്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കുകയും ശേഷം പി.സി.ആര്‍ കൊവിഡ് പരിശോധന നടത്തുകയും വേണം. സാമൂഹിക അകലം പാലിക്കല്‍, മാസ്ക് ധരിക്കല്‍ തുടങ്ങി ആരോഗ്യ മന്ത്രാലയം നിഷ്കര്‍ഷിക്കുന്ന എല്ലാ മുന്‍കരുതലുകളും പാലിച്ചുകൊണ്ടായിരിക്കണം യാത്ര ചെയ്യേണ്ടത്. അതേ സമയം അന്താരാഷ്ട്ര വിമാന സര്‍വീസ് പുലര്‍ച്ചെ ഒരു മണിയോടെ ആരംഭിക്കുന്നതോടെ തിങ്കളാഴ്ച മാത്രം 385 സെക്ടറുകളിലേക്ക് വിമാനങ്ങള്‍ സര്‍വീസ് നടത്തും. രാജ്യത്തെ ഒമ്പത് വിമാനത്താവളങ്ങളില്‍ നിന്നും വിമാനങ്ങള്‍ പറന്നുയരും. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 225, ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ നിന്ന് 75, ദമാം കിംഗ് ഫഹദ് വിമാനത്താവളത്തില്‍ നിന്ന് 66 എന്നിങ്ങനെയാണ് സര്‍വീസുകള്‍ നിശ്ചയിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ടിലേക്ക് യാത്രക്കാര്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."