ദൃക്‌സാക്ഷികളെ തേടുന്ന മനുഷ്യര്‍
ദിവ്യ ജോണ്‍ ജോസ്
ഒരുദിവസം സുഹൃത്തിന്റെ വീട്ടിലേക്ക് ഡിന്നറിനു ക്ഷണിച്ചു. അതിശയിച്ചുപോയി എന്നു പറഞ്ഞാല്‍ മതിയല്ലോ! കാരണം, വര്‍ഷങ്ങളായി അറിയാവുന്ന സുഹൃത്താണെങ്കിലും ഒരിക്കല്‍പോലും വീട്ടിലേക്ക് ഒരുനേരത്തെ ഭക്ഷണം കഴിക്കാന്‍ ഇതുവരെ ക്ഷണിച്ചിട്ടില്ല. എന്നാല്‍, മറ്റു സുഹൃത്തുക്കളുടെ വീട്ടിലെ ആഘോഷങ്ങളില്‍ പലപ്പോഴായി കണ്ടുമുട്ടുകയും ചെയ്തിട്ടുണ്ട്. അങ്ങനെയുണ്ടായ പരിചയമാണ് അവരുമായി ഉള്ളത്. വീട്ടില്‍ വരുകയും ചെയ്തിട്ടുണ്ട്. അവരുടെ വീട്ടില്‍ ചെല്ലാനുള്ള ആദ്യ അവസരമാണ് ഇപ്പോള്‍ കിട്ടിയിട്ടുള്ളത്. ഞങ്ങളുടെ സുഹൃദ് വലയത്തില്‍ ഉണ്ടായിരുന്ന അഞ്ചോ ആറോ കുടുംബങ്ങള്‍ ഒത്തൊരുമിച്ചുള്ള വിരുന്നാണ് ഒരുക്കിയിട്ടുള്ളത് എന്നും പറഞ്ഞു.
വിരുന്ന് എല്ലാവര്‍ക്കും അദ്ഭുതമായിരുന്നു. ഭാര്യയും ഭര്‍ത്താവും വളരെ സന്തോഷപൂര്‍വം സംസാരിക്കുന്നു; ലോകകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നു; പൊതുവെ പിശുക്കരെന്ന് പേരെടുത്തവരായിട്ടും വിഭവസമൃദ്ധമായ ഭക്ഷണവും വിളമ്പിയിരിക്കുന്നു! അത് എല്ലാവരിലും ജിജ്ഞാസയുണ്ടാക്കി. അസ്വാഭാവികത നിറഞ്ഞ പ്രഖ്യാപനങ്ങളോ അറിയിപ്പുകളോ ഇല്ലാതെ ആ സായാഹ്നം അവസാനിച്ചു.
ഒന്നുരണ്ടു മാസങ്ങള്‍ കഴിഞ്ഞാണറിയുന്നത്, അവര്‍ ബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചുവെന്നും അത്തരം ചര്‍ച്ചകളിലൂടെ കുറച്ചു മാസങ്ങളായി അവര്‍ കടന്നുപോവുകയായിരുന്നെന്നും മറ്റും. എനിക്ക് പെട്ടെന്ന് ഓര്‍മവന്നത് അവര്‍ ഒരുക്കിയ അന്നത്തെ വിരുന്നിനെക്കുറിച്ചാണ്. ആ വിരുന്നുകൊണ്ട് അവര്‍ എന്തായിരിക്കും ഉദ്ദേശിച്ചത്? തീര്‍ച്ചയായും സംഘര്‍ഷാവസ്ഥയിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന ദിനങ്ങളായിരുന്നിരിക്കണം അത്. മറ്റുള്ളവരുടെ മുമ്പില്‍ സന്തോഷമുള്ളവരാണെന്നു കാണിക്കാനുള്ള അവസാന ശ്രമം? ആ വിരുന്നുകൊണ്ട് എന്തെങ്കിലും മാറ്റം തങ്ങളുടെ ജീവിതത്തില്‍ ഉണ്ടായേക്കാമെന്ന പ്രതീക്ഷ? അറിയില്ല; മനുഷ്യര്‍ എത്രമാത്രം വിചിത്രമായ ജീവികളാണ്.
അമേരിക്കന്‍ എഴുത്തുകാരനായ ജോണ്‍ അപ്‌ഡൈകിന്റെ 'വിറ്റ്‌നെസസ്' (ദൃക്‌സാക്ഷികള്‍) എന്ന ചെറുകഥ വായിക്കാന്‍ തുടങ്ങിയപ്പോള്‍ പേര് സൂചിപ്പിക്കുന്നതുപോലേ എന്തെങ്കിലും കുറ്റകൃത്യങ്ങളോ മറ്റോ കാണുന്ന ദൃക്‌സാക്ഷിയെ ചുറ്റിപ്പറ്റിയുള്ള കഥയാകുമെന്നാണു കരുതിയത്. പക്ഷേ, തീര്‍ത്തും വ്യത്യസ്തമായി 'ഞങ്ങള്‍ സന്തുഷ്ടരാണ്, അതിന് നിങ്ങളാണ് ദൃക്‌സാക്ഷികള്‍' എന്ന് കഥാപാത്രങ്ങളിലൊരാള്‍ അയാളുടെ സുഹൃത്തിനോടും ഭാര്യയോടും പരോക്ഷമായി പറയുന്ന കഥയാണിതെന്നു തോന്നി.
സുഹൃത്ത് ഫ്രെഡ് മരിച്ച വാര്‍ത്ത പങ്കുവച്ചുകൊണ്ടാണ് ഹെര്‍ബി കഥ തുടങ്ങുന്നത്. തുടര്‍ന്ന്, അയാള്‍ ബാല്യംമുതലുള്ള സുഹൃത്താണെന്ന് ഓര്‍മിച്ചെടുക്കുന്നുവെങ്കിലും ആത്മാര്‍ഥ സുഹൃത്ത് എന്നു പറയാവുന്ന ഒരു ബന്ധം ഉണ്ടായിരുന്നില്ല. ഏറക്കുറെ ഒരേ നാട്ടില്‍നിന്നുള്ള സമപ്രായക്കാരനായ പരിചയക്കാരന്‍. പരസ്പരമുള്ള സ്‌നേഹപ്രകടനങ്ങളെല്ലാം വളരെ ഒതുക്കിവയ്ക്കുന്ന ശീലമുള്ള തലമുറയില്‍പ്പെട്ടവര്‍. മുതിര്‍ന്നശേഷം തീര്‍ത്തും വ്യത്യസ്തമായ രണ്ടുതരം ജോലികളില്‍ പ്രവേശിച്ചു. നഗരത്തിലെ തിരക്കുകളില്‍ എപ്പോഴൊക്കെയോ ആകസ്മികമായി കണ്ടുമുട്ടി. പിന്നീടു പറയുന്ന പ്രത്യേക സംഭവം നടന്നത് ഫ്രെഡിന്റെ ആദ്യ വിവാഹമോചനത്തിനു തൊട്ടുമുമ്പായിരുന്നു.
ഒരുദിവസം ഫ്രെഡ് ഹെര്‍ബിയുടെ ഓഫിസിലേക്കു വിളിച്ച് വീട്ടിലേക്ക് ചായ കുടിക്കാനായി ഒരു വൈകുന്നേരം വരുമെന്നറിയിക്കുന്നു. കൂട്ടത്തില്‍ ഒരു സുഹൃത്തുമുണ്ടായിരിക്കുമെന്നും. ഭാര്യ ജീനിനും അയാള്‍ക്കും അതൊരു അദ്ഭുതമായി തോന്നി. അങ്ങോട്ടു ക്ഷണിക്കാതെ ഒരാള്‍ വീട്ടിലേക്കു വരുമെന്നറിയിക്കുക! അതും അവര്‍ക്കറിയാത്ത മറ്റൊരു സുഹൃത്തിനെയുംകൊണ്ട്! വൈകീട്ട് ഏഴുമണിക്കുതന്നെ ഹെര്‍ബിയുടെ മൂന്നാംനിലയിലുള്ള അപ്പാര്‍ട്ടുമെന്റില്‍ ഫ്രെഡ് എത്തി. കൂടെ പ്രസില്ല എന്ന സ്ത്രീയും. അവള്‍ അയാളുടെ ഭാര്യ മജോറിയെപ്പോലെയിരിക്കുന്നുവെങ്കിലും ഭാര്യയല്ല എന്ന ചിന്ത ആതിഥേയരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. ആ സ്ത്രീയിലും ഒരു അനിശ്ചിതത്വം ഉണ്ടെന്ന് മുഖഭാവം തെളിയിക്കുന്നു. അവരെ ഫ്രെഡ് നിര്‍ബന്ധിച്ചായിരിക്കണം കൊണ്ടുവന്നിട്ടുള്ളത്. ഒരുപക്ഷേ, ഹെര്‍ബിയെ വളരെയടുത്ത സുഹൃത്തെന്നു പറഞ്ഞാകാം. പിന്നീടുണ്ടായ സംഭാഷണങ്ങളില്‍ തികച്ചും സാധാരണമെന്നവണ്ണം എല്ലാവരും പെരുമാറുന്നു. അതിഥികള്‍ പോയശേഷം ഭാര്യയും ഭര്‍ത്താവും എന്താണ് ഇതിന്റെ അര്‍ഥം എന്നോര്‍ത്ത് ആകുലരാകുന്നു. തീര്‍ച്ചയായും ആ രണ്ടുപേരിലും എന്തൊക്കെയോ മറഞ്ഞിരിക്കുന്നുണ്ടെന്നു സംശയിക്കുന്നു. ഒരുപക്ഷേ ഫ്രെഡിന് നല്ല സുഹൃത്തുക്കള്‍ ഉണ്ടെന്ന് ആ സ്ത്രീക്കു കാണിച്ചുകൊടുക്കാനായിരിക്കുമോ? അതോ, മറ്റെന്തെങ്കിലുമായിരിക്കുമോ എന്നൊക്കെ ചിന്തിച്ച് ആ സായാഹ്നം അവസാനിച്ചു.
പിന്നീട് ഏറെ നാളുകള്‍ക്കുശേഷമാണ് യാദൃച്ഛികമായി ഫ്രെഡിനെ അയാള്‍ കെന്നഡി എയര്‍പോര്‍ട്ടില്‍ വച്ചു കാണുന്നത്. അയാള്‍ ക്ഷീണിതനായിരുന്നു. കൂടാതെ പ്രായത്തിന്റെ അടയാളങ്ങള്‍ ശരീരത്തില്‍ ആഘാതമേല്‍പ്പിച്ചിട്ടുമുണ്ട്. ഫ്‌ളൈറ്റുകള്‍ പുറപ്പെടുന്നതിനിടയിലുള്ള ഇടവേളയില്‍ കുറച്ചുനേരം വിമാനത്താവളത്തിലിരുന്നു സംസാരിക്കാനവസരം കിട്ടി. അയാള്‍ ചോദിച്ചത് 'അന്ന് ഞങ്ങളെ കണ്ടിട്ട് എന്തു തോന്നി' എന്നായിരുന്നു.
നിങ്ങള്‍ രണ്ടുപേരും എന്തൊക്കെയോ ആശങ്കകള്‍ക്കു നടുവിലായിരുന്നുവെന്നു തോന്നി. അവര്‍ നിങ്ങളുടെ ഭാര്യ മജോറിയേപ്പോലെതന്നെ രൂപത്തില്‍ തോന്നുകയും ചെയ്തു.
മൂന്നു ഗ്ലാസ് മദ്യം അകത്താക്കിക്കഴിഞ്ഞിരുന്ന അയാള്‍ ആ ബന്ധവും തകര്‍ന്നുകഴിഞ്ഞു എന്നു വെളിപ്പെടുത്തുന്നു.
''നിങ്ങള്‍ ഞങ്ങളെ രണ്ടുപേരെയും കാണണം എന്ന് ഞാനാഗ്രഹിച്ചിരുന്നു. ചെയ്യുന്നത് ശരിയല്ലെങ്കിലും ഞാനവളെ വളരെയധികം സ്‌നേഹിച്ചിരുന്നു. എന്റെ സ്‌നേഹം മറ്റാരെയെങ്കിലും കാണിക്കണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഞാന്‍ നിങ്ങള്‍ ക്ഷണിക്കാതെതന്നെ അവളെയുംകൊണ്ട് നിങ്ങളുടെ അപ്പാര്‍ട്ട്‌മെന്റിലേക്ക് അന്നു വന്നത്.''
അയാളവളെ അത്രയധികം സ്‌നേഹിച്ചിരുന്നുവെന്ന് പുലമ്പിക്കൊണ്ടേയിരുന്നു.
''ഇതെല്ലാം ശരിയായ രീതിയില്‍ അവസാനിക്കില്ലെന്ന് അറിയാമായിരുന്നിട്ടും അവിടെ വരാന്‍ അവള്‍ക്കിഷ്ടമില്ലാതിരുന്നിട്ടും ഞാന്‍ നിര്‍ബന്ധിച്ചാണ് കൊണ്ടുവന്നത്. എന്നെ അറിയാവുന്ന ആരെങ്കിലും ഞാന്‍ സന്തോഷമായിരിക്കുന്നത് കാണുന്നതിനു വേണ്ടി. നീയതു കണ്ടതല്ലേ?''
ഇല്ല എന്നായിരുന്നു ഉത്തരമെങ്കിലും അതേ എന്ന അര്‍ഥത്തില്‍ അയാള്‍ തലയാട്ടി. കാരണം അത്രയധികം നിരാശയിലായിരുന്ന സുഹൃത്തിനു വേണ്ടിയിരുന്നത് അയാളുടെ സന്തോഷത്തിന്റെ ഒരു 'ദൃക്‌സാക്ഷി'യെയായിരുന്നു.
അന്നു വൈകുന്നേരം ആ സുഹൃത്തുക്കളുടെ വിരുന്നു കഴിഞ്ഞിറങ്ങിയപ്പോള്‍ തോന്നിയ സംശയത്തിനും ഒരുപക്ഷേ, എനിക്കും ഉത്തരം കിട്ടിയെന്ന് ഈ കഥ വായിച്ചുതീര്‍ന്നപ്പോള്‍ തോന്നി.
ജോണ്‍ അപ്‌ഡൈക് നൂറുകണക്കിന് ചെറുകഥളും നിരവധി നോവലുകളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. പ്രസിദ്ധമായ 'റാബിറ്റ് സീരീസി'ന്റെ സ്രഷ്ടാവാണ്. 'The Early Stories, 1953-1975' എന്ന സമാഹാരത്തിലാണ് 'ദൃക്‌സാക്ഷികള്‍' എന്ന കഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നൂറോളം കഥകളുണ്ടിതില്‍. 2021ല്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച '125 years of Literary History' എന്ന പുസ്തകത്തില്‍ ജോണ്‍ അപ്‌ഡൈക്കുമായി 1971ല്‍ നടത്തിയ ഒരു സംവാദം ചേര്‍ത്തിട്ടുണ്ട്. സാധാരണക്കാരായ അമേരിക്കന്‍ ജനതയുടെ പ്രശ്‌നങ്ങളെ സ്വന്തം കഥകളിലൂടെ ആവിഷ്‌കരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. 1982ലും 91ലും പുലിറ്റ്‌സര്‍പ്രൈസിന് അര്‍ഹനായിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."