വന്ദേഭാരത് പരീക്ഷണ ഓട്ടം തുടങ്ങി; 50 മിനിറ്റില്‍ കൊല്ലത്ത്
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ പരീക്ഷണയോട്ടം തുടങ്ങി. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയാണ് ട്രയല്‍ റണ്‍. രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടു. കണ്ണൂരില്‍ 12 മണിക്ക് എത്തുമെന്നാണ് പ്രതീക്ഷ.
50 മിനിറ്റ് കൊണ്ടാണ് തിരുവനന്തപുരത്തു നിന്ന് കൊല്ലത്തെത്തിയത്. കൊല്ലത്തു നിന്ന് 6.05ന് ട്രെയിന്‍ പുറപ്പെട്ടു. 7.26നാണ് കോട്ടയത്തെത്തിയത്. 2 മണിക്കൂര്‍ 20 മിനിറ്റാണ് തിരുവനന്തപുരത്തു നിന്ന് കോട്ടയത്തെത്താന്‍ എടുത്ത സമയം.
2.30ന് തിരിച്ച് പുറപ്പെടുന്ന ട്രെയിന്‍ രാത്രിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തുംവിധമാണ് പരീക്ഷണ ഓട്ടം. തിരുവനന്തപുരം ഡിവിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ട്രെയിനിലുണ്ട്. ട്രെയിനിന്റെ വേഗം, പാളങ്ങളുടെ ക്ഷമത, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തും. പരീക്ഷണ ഓട്ടത്തിന് ശേഷമായിരിക്കും ട്രെയിനിന്റെ സമയക്രമം പ്രസിദ്ധീകരിക്കുക.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് വന്ദേഭാരതിന് സ്റ്റോപ്പുള്ളത്. കൂടുതൽ സ്ഥലങ്ങളിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ ആവശ്യം നിലവിൽ അംഗീകരിക്കാൻ സാധ്യതയില്ല.
വന്ദേഭാരത് ട്രെയിനിലെ ചെയർ കാറിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ യാത്ര ചെയ്യാൻ 900 രൂപക്ക് അടുത്തായിരിക്കും ചാർജ്. എക്‌സിക്യൂട്ടീവ് കോച്ചിന്റെ ടിക്കറ്റ് നിരക്ക് 2000 രൂപയോളമായിരിക്കും. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കും തിരിച്ചും സർവീസ് നടത്തണമെങ്കിൽ ഒരു ട്രെയിൻ കൂടി ആവശ്യമാണ്. ഇതും ഉടൻ കേരളത്തിൽ എത്തുമെന്നാണ് സതേൺ റെയിൽവേയുടെ പ്രതീക്ഷ.
ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍ സിംഗിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ട്രാക്ക് പരിശോധന നടത്തിയിരുന്നു. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടാന്‍ കഴിയുമെന്നതാണ് വന്ദേഭാരതിന്റെ പ്രത്യേകത. എന്നാല്‍ കേരളത്തിലെ പാതകളില്‍ ഇത് സാധ്യമാവില്ല. 110 കിലോമീറ്റര്‍ വരെ വേഗത്തിലേ ഓടിക്കാന്‍ കഴിയൂ എന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെയാണ് സര്‍വീസ് തുടങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."