പരിസ്ഥിതിലോല മേഖല; സുപ്രിംകോടതി ഉത്തരവ് ഒരുലക്ഷം കുടുംബങ്ങളെ ബാധിച്ചേക്കും
സ്വന്തം ലേഖകൻ
തിരുവനന്തപുരം
വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ വീതിയിലെങ്കിലും പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രിംകോടതി ഉത്തരവ് സംസ്ഥാനത്ത് ഒരു ലക്ഷം കുടുംബങ്ങളെ ബാധിച്ചേക്കുമെന്ന് വിലയിരുത്തൽ.
സംസ്ഥാനത്ത് ഇത്തരത്തിൽ 24 സംരക്ഷിത മേഖലകളാണുള്ളത്. ഇവിടങ്ങളിൽ ഒരു കിലോമീറ്റർ വീതിയിൽ മാറ്റിവച്ചാൽ ആകെ രണ്ടര ലക്ഷം ഏക്കർ ഭൂമിയാകും പരിസ്ഥിതിലോല മേഖലയാവുക. ജനസാന്ദ്രതയിൽ മുന്നിലുള്ള കേരളത്തിൽ ഇത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ദേശീയതലത്തിലെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 360 പേർ ആണെങ്കിൽ കേരളത്തിൽ അത് 860 എന്ന നിലയിലാണ്. ഈ സാഹചര്യങ്ങൾ വിഷയത്തിൽ നിയമപോരാട്ടം നടത്താനാണ് സർക്കാർ തീരുമാനം.
നിയമപരമായ ഇടപെടൽ നടത്തുന്നതിന് ഡൽഹിയിലെത്തി സ്റ്റാൻഡിങ് കൗൺസലുമായി ചർച്ച നടത്തുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കണ്ണൂരിൽ ഇന്നലെ വനംമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ബുധനാഴ്ച തിരുവനന്തപുരത്ത് പ്രിൻസിപ്പൽ സെക്രട്ടറിമാരുടെ യോഗം ചേർന്ന ശേഷം തുടർനടപടി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു. കോടതിവിധി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വനം മേധാവിയോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് ആകെ 3,213.23 ചതുരശ്രകിലോമീറ്ററിലാണ് വന്യജീവി സങ്കേതങ്ങളും ദേശീയോദ്യോനങ്ങളും സ്ഥിതിചെയ്യുന്നത്.
ഉത്തരവ് നടപ്പാക്കുന്നത് വന്യജീവി സങ്കേതങ്ങൾക്ക് സമീപത്തുള്ള ചെറുപട്ടണങ്ങളെയും പ്രതിസന്ധിയിലാക്കും. 24 സംരക്ഷിത മേഖലകളിൽ എട്ടെണ്ണം ഇടുക്കി ജില്ലയിലാണ്.
ഇടുക്കിയിലെ ഒരുലക്ഷത്തിനടുത്ത് ഏക്കർ കൃഷിഭൂമിയെ ഇത് ഗുരുതരമായി ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ആദ്യഘട്ടത്തിൽ മറയൂർ, മൂന്നാർ, വട്ടവട, കാന്തല്ലൂർ, ദേവികുളം, ചിന്നക്കനാൽ, ശാന്തൻപാറ പോലുള്ള അതിർത്തിമേഖലകളിലെ പഞ്ചായത്തുകളെയാകും ബാധിക്കുക.
പത്തനംതിട്ടയിലെ കൊല്ലമുള, പെരുനാട്, വടശേരിക്കര, ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം വില്ലേജുകളെയും ഉത്തരവ് ദോഷകരമായി ബാധിക്കും.
പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നയിടങ്ങളിൽ നിർമാണ പ്രവർത്തനങ്ങളുൾപ്പെടെ നിർത്തിവയ്‌ക്കേണ്ടിവരും.
സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ പുനഃപരിശോധനാ ഹരജി നൽകണമെന്ന് ആവശ്യപ്പെട്ട് നാളെ പത്തനംതിട്ടയിലെ വിവിധ പഞ്ചായത്തുകളിൽ കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."