കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പൊലിസ് പരിശോധന നടപടി ഹൈക്കോടതി നിർദേശപ്രകാരം
കോഴിക്കോട്
അടിക്കടിയുള്ള സുരക്ഷാ വീഴ്ചകളെത്തുടർന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതിയുടെ നിർദേശപ്രകാരം പൊലിസ് സംഘം പരിശോധന നടത്തി. ഹൈക്കോടതി കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണർക്ക് നൽകിയ നിർദേശ പ്രകാരമാണ് പൊലിസും ആരോഗ്യ വകുപ്പ് അധികൃതരും സന്ദർശനം നടത്തിയത്.
മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാവീഴ്ചയുൾപ്പെടെയുളള കാര്യങ്ങളിൽ മൂന്ന് ദിവസത്തിനകം ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുമെന്ന് പൊലിസ് അറിയിച്ചു. ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ അടിയന്തരമായി നിയമിക്കണമെന്നും ചുറ്റുമതിലിൻ്റേതുൾപ്പെടെ ഉയരം കൂട്ടണമെന്നും ആശുപത്രിയിൽ പരിശോധന നടത്തിയ പൊലിസ് സംഘം പറഞ്ഞു.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ലെന്ന നിരന്തര പരാതിയെ തുടർന്നായിരുന്നു ഹൈക്കോടതി ഇടപെടൽ. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് ചാടിപ്പോയ അന്തേവാസി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് ജില്ലാ ജഡ്ജി ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
സ്‌പെഷൽ ബ്രാഞ്ച് അസി. കമ്മിഷണർ ഉമേഷ്, മെഡിക്കൽ കോളജ് അസി. കമ്മിഷണർ കെ. സുദർശൻ, ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ അനിൽ ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."