സംസ്ഥാനം കടമെടുത്ത് മുടിയും; ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന പ്രഖ്യാപനങ്ങളില്ല
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് മഹാമാരിയില്‍ നട്ടംതിരിയുന്ന ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. കഴിഞ്ഞ അഞ്ചുവര്‍ഷം പിന്തുടര്‍ന്ന നയം എന്താണോ അതില്‍നിന്ന് യാതൊരു മാറ്റത്തിനും തയാറല്ലെന്ന ഉറച്ച സന്ദേശമാണ് ബാലഗോപാലിന്റെ കന്നിബജറ്റില്‍ കണ്ടത്.
സാമ്പത്തിക പ്രതിസന്ധിയാണെങ്കിലും കടമെടുത്തും പ്രഖ്യാപനങ്ങളുമായി മുന്നോട്ടുപോകുമെന്നാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിയമസഭയില്‍ പറഞ്ഞത്. രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കെ വ്യക്തമായ ദീര്‍ഘവീക്ഷണത്തോടെയാണ് ആരോഗ്യ മേഖലയ്ക്ക് പ്രധാന്യം നല്‍കി പല പ്രഖ്യാപനങ്ങളും നടത്തിയത്. കുട്ടികള്‍ തുടങ്ങി പ്രവാസികള്‍ വരെയുളളവരെ ലക്ഷ്യമിട്ടായിരുന്നു കൊവിഡുമായി ബന്ധപ്പെട്ട ഓരോ പ്രഖ്യാപനവും.
നാടകീയതകളോ അത്ഭുത പ്രഖ്യാപനങ്ങളോ ബജറ്റിലില്ല. എന്നാല്‍ വിദ്യാഭ്യാസം, ടൂറിസം, കൃഷി, പൊതുമരാമത്ത്, ഫിഷറീസ് അടക്കമുള്ള മേഖലകള്‍ക്ക് കൈത്താങ്ങാകുന്ന പദ്ധതികള്‍ ഇടംപിടിച്ചു. 16,910.12 കോടി ധനക്കമ്മിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ചെലവ് ചുരുക്കാനും വരുമാനം കൂട്ടാനുമുള്ള പദ്ധതികള്‍ പ്രതിസന്ധിക്കു ശേഷം പ്രഖ്യാപിച്ചേക്കുമെന്ന സൂചനയും ബജറ്റിലുണ്ട്.
വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ ബജറ്റില്‍ 10 കോടി വകയിരുത്തുന്നതിനൊപ്പം വിദ്യാര്‍ഥികള്‍ക്ക് രണ്ടുലക്ഷം ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുന്ന പരിപാടി സമയബന്ധിതമായി നടപ്പാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ സംവിധാനത്തെ പരിശോധിച്ച് പുനഃസംഘാടനത്തിന് പ്രായോഗിക നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് മൂന്നുമാസത്തിനകം സമര്‍പ്പിക്കാന്‍ ഉന്നതാധികാരമുളള കമ്മിഷനെ നിയോഗിക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞതും ദീര്‍ഘവീക്ഷണമുളള പ്രഖ്യാപനമാണ്. വന്‍കിട പദ്ധതികള്‍ ഒന്നും തന്നെ ഇന്നലെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച എല്ലാ വന്‍കിട പദ്ധതികളും നടപ്പിലാക്കും.
കഴിഞ്ഞ ജനുവരി 15ന് തോമസ് ഐസക് തുടര്‍ഭരണം ലക്ഷ്യമിട്ട് അധിക നികുതികള്‍ ചുമത്തി ആരെയും നോവിക്കാതെയും എല്ലാ വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തിയും കേരളത്തിന്റെ മുക്കിലും മൂലയിലും ഭൗതിക വികസനം ഉറപ്പാക്കിയുമാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതൊക്കെ നടപ്പാക്കാന്‍ ഇനിയും കടമെടുക്കുമെന്നാണ് പറയുന്നത്.
സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത അനുസ്യൂതം ഉയര്‍ത്തുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ ബജറ്റ് രേഖയനുസരിച്ച് 2001ല്‍ മൊത്തം കടബാധ്യത 25,754 കോടിയായിരുന്നെങ്കില്‍ 2021- 22 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ അത് 3,32,277 കോടിയിലെത്തും. 21 കൊല്ലംകൊണ്ട് സംസ്ഥാനത്തിന്റെ കടബാധ്യതയില്‍ 1,190 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടാകാന്‍ പോകുന്നത്. സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത സംസ്ഥാന ജി.ഡി.പി.യുടെ 37.39 ശതമാനവും മൊത്തം റവന്യൂ വരുമാനത്തിന്റെ 255.23 ശതമാനവും മൊത്തം തനത് വരുമാനത്തിന്റെ 372.52 ശതമാനവുമാണ്. തുടര്‍ഭരണമെന്നതിനാല്‍ ഐസക്കിന്റെ ബജറ്റ് തൊട്ടാല്‍ അത് രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം എടുക്കുമോ എന്ന ഭയംകൊണ്ടയിരിക്കാം ഇന്നലെ ആ ബജറ്റില്‍ ഉള്‍പ്പെടാത്ത കാര്യങ്ങള്‍ മാത്രം കൂട്ടിച്ചേര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."