ദ്വീപില്‍ വാക്‌സിനേഷന് എത്തിയവര്‍ക്ക് പിഴ ചുമത്തി
കവരത്തി: കൊവിഡ് പ്രതിരോധത്തിന്റേയും ശുചീകരണത്തിന്റേയും പേരില്‍ ലക്ഷദ്വീപ് ഭരണകൂടം ജനങ്ങളെ പിഴിയുന്നതായി പരാതി. ആന്ത്രോത്തില്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് പോയവര്‍ക്ക് പിഴ ചുമത്തിയത് പ്രതിഷേധത്തിനിടയാക്കി. ഇതേതുടര്‍ന്ന് ആന്ത്രോത്ത് വില്ലേജ് പഞ്ചായത്ത് പ്രസിഡന്റ് തസ്‌ലിനയും വൈസ് പ്രസിഡന്റ് മുഹമ്മദ് റഫീക്കും ചേര്‍ന്ന് മെഡിക്കല്‍ ഓഫിസറുടെ ഓഫിസിലെത്തി പ്രതിഷേധിച്ചു. വാക്‌സിന്‍ കേന്ദ്രത്തിലേക്ക് വരുന്നതിന് ഇളവ് നല്‍കുകയോ വീടുകളിലെത്തി വാക്‌സിന്‍ നല്‍കുകയോ ചെയ്യണമെന്നാണ് ജനപ്രതിനിധികളുടെ ആവശ്യം. ചര്‍ച്ചകള്‍ക്കൊടുവില്‍ വാക്‌സിന്‍ വീടുകളിലെത്തിക്കാമെന്ന് സമ്മതിച്ചു. ദ്വീപില്‍ ഇതുവരെ 10,85600 രൂപയാണ് പിഴചുമത്തിയത്.
ഇന്നലെമാത്രം11900 രൂപ ഈടാക്കി. ദ്വീപുകളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തന രംഗത്തും ക്വാറന്റൈനിലുളളവര്‍ക്ക് സഹായം നല്‍കാനുമായി പഞ്ചായത്തുകള്‍ നിയോഗിച്ച വളന്റിയര്‍മാരെ പിന്‍വലിക്കാനും നീക്കമുണ്ടായി. പകരം വ്യാപാരികളുടെ തൊഴിലാളികളെ ചുമതലപ്പെടുത്താനുള്ള നീക്കം നിസ്സഹകരണം മൂലം നടപ്പിലായില്ല.
ഇതിനിടെ സ്വച്ച് ഭാരത് മിഷന്റെ പേരില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പിഴകള്‍ ഈടാക്കാനുള്ള നിര്‍ദേശവും പുറത്തിറങ്ങി. പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ കൂടിയുള്ള നീക്കമായാണ് ഇതിനെയും ദ്വീപ് ജനത കാണുന്നത്. തേങ്ങയുടെ തൊണ്ടോ ചിരട്ടയോ പച്ചക്കറിയുടേയും പഴങ്ങളുടേയും അവശിഷ്ടമോ പൊതുസ്ഥലത്തിട്ടാല്‍ 200 രൂപ പിഴ ഇടാക്കും. പൊതുസ്ഥലത്ത് പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ 24 മണിക്കൂറിനുള്ളില്‍ സ്ഥലം വൃത്തിയാക്കിയില്ലെങ്കില്‍ 5000 രൂപ സംഘാടകര്‍ക്ക് പിഴ ചുമത്തും.
ഗതാഗത തടസമുണ്ടാക്കുന്ന രീതിയില്‍ മാലിന്യം നിക്ഷേപിക്കുക, പൊളിത്തീന്‍ ബാഗ് വില്‍ക്കുകയോ വിതരണം ചെയ്യകയോ കൈവശം വയ്ക്കുകയോ ചെയ്യുക, മീനിന്റെ തല, കോഴി ഇറച്ചിയുടെ അവശിഷ്ങ്ങള്‍ കടലിലോ പൊതുസ്ഥലത്തോ നിക്ഷേപിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് ആയിരം രൂപ വരെയാണ് പിഴ. കടല്‍ തീരത്ത് ഉള്‍പ്പെടെ പൊതു ഇടങ്ങളില്‍ മലമൂത്ര വിസര്‍ജനം ചെയ്താല്‍ 2000 രൂപയാണ് പിഴ.
വാഹനത്തില്‍ നിന്ന് പഴങ്ങളുടെ തൊലി പുറത്തേക്ക് എറിയുക, നാപ്കിന്‍, ഡയപ്പര്‍ എന്നിവ പൊതുസ്ഥലത്ത് ഉപേക്ഷിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കെല്ലാം 500 രൂപയാണ് പിഴ. മാലിന്യം കത്തിക്കുന്നതിനും വിലക്കുണ്ട്. 2014 മുതല്‍ ശുചിത്വ മിഷന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ദ്വീപില്‍ പുതിയ തീരുമാനങ്ങളും നടപടികളും എന്തിനാണെന്ന ചോദ്യം ബാക്കിയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."