നൂപുര്‍ ശര്‍മക്ക് പിന്തുണയുമായി മോദിയുടെയും അമിത്ഷായുടെയും ഓഫിസ്; കങ്കണ റണാവത്തും രംഗത്ത്, ഇത് അഫ്ഗാനല്ല, അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കങ്കണ
ന്യുഡല്‍ഹി: പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മക്കു പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഓഫിസ്. ഇതിനു പിന്നാലെ ഇവര്‍ക്ക് കടുത്ത പിന്തുണയറിയിച്ച് നടി കങ്കണ റണാവത്തും രംഗത്തെത്തി.
പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഓഫിസുകളില്‍നിന്ന് തന്നെ വിളിച്ചിരുന്നുവെന്നും പാര്‍ട്ടി അധ്യക്ഷനടക്കം മുതിര്‍ന്ന നേതാക്കളെല്ലാം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും നൂപുര്‍ ശര്‍മ പറയുന്നു. അവരെല്ലാം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും നുപൂര്‍ ശര്‍മ തീവ്ര ഹിന്ദുത്വ വക്താക്കളുടെ ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.
''ഇതെല്ലാം സംഭവിച്ച ശേഷം എന്നെ ആദ്യമായി വിളിച്ചത് ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍നിന്നായിരുന്നു. ജോലിത്തിരക്കിലായിട്ടും, ഡല്‍ഹിക്കു പുറത്തായിട്ടും അദ്ദേഹത്തിന്റെ ഓഫീസ് ദിവസവും എന്നെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. വലിയ നന്ദിയുണ്ട് അതിന്.''- നുപൂര്‍ പറഞ്ഞു.
മുതിര്‍ന്ന നേതാക്കന്മാരോടെല്ലാം വലിയ നന്ദിയുണ്ടെന്നും നുപൂര്‍ പറഞ്ഞു. അറബ് ലോകത്തുനിന്നുള്ള പ്രതിഷേധത്തെ തുടര്‍ന്ന് കണ്ണില്‍പൊടിയിടാനായാണ് ബി.ജെ.പി നുപൂറിനെ പാര്‍ട്ടി പ്രാഥമിഗാംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതെന്നാണ് അഭിമുഖം ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേ സമയം നൂപുര്‍ ശര്‍മക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇത് അഫ്ഗാനിസ്താനല്ലെന്നും ഇവിടെ ജനാധിപത്യ വ്യവസ്ഥിതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഉണ്ടെന്ന് ഓര്‍മിപ്പിക്കുകയാണെന്നും കങ്കണ വ്യക്തമാക്കി. സമൂഹമാധ്യമത്തിലാണ് അവരുടെ കുറിപ്പ്.
'നൂപുര്‍ ശര്‍മക്ക് അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അവരെ ലക്ഷ്യമിട്ടുള്ള നിരവധി ഭീഷണികളാണ് എനിക്ക് കാണാനാവുന്നത്. മിക്കവാറും എല്ലാ ദിവസങ്ങളിലും ഹിന്ദു ദൈവങ്ങള്‍ അപമാനിക്കപ്പെടുമ്പോള്‍ ഞങ്ങള്‍ കോടതിയില്‍ പോകുകയാണ് ചെയ്യാറ്. ദയവായി അത് ചെയ്യൂ. ഇത് അഫ്ഗാനിസ്താനല്ല. ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട, കൃത്യമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ ഇവിടെയുണ്ട്. അത് മറക്കുന്നവര്‍ക്ക് ഒരു ഓര്‍മപ്പെടുത്തലാണിത്' -കങ്കണ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."