ഫയലുകളെ ജീവിപ്പിക്കുന്നതും കൊല്ലുന്നതും ഉദ്യോഗസ്ഥര്‍; ഉദ്യോഗസ്ഥര്‍ക്കെതിരേ മുഖ്യമന്ത്രി
സെക്രട്ടേറിയറ്റില്‍ പോലും 50 ശതമാനം ഫയല്‍ കെട്ടിക്കിടക്കുന്നു
തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. അണ്ടര്‍ സെക്രട്ടറിമാര്‍ മുതല്‍ സ്‌പെഷ്യല്‍ സെക്രട്ടറിമാര്‍ വരെയുള്ളവരുടെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
പദ്ധതികള്‍ ഉദ്യോഗസ്ഥ അലംഭാവം കൊണ്ട് അട്ടിമറിക്കപ്പെടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സെക്രട്ടേറിയറ്റില്‍ പോലും 50 ശതമാനം ഫയല്‍ കെട്ടിക്കിടക്കുകയാണ്. ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് അലംഭാവമാണ്. ഓരോ ഫയലും ജീവിതമാണെന്നാണ് സര്‍ക്കാര്‍ നയം. ഫയലുകളെ ജീവിപ്പിക്കാനും കൊല്ലാനും ഉദ്യോഗസ്ഥര്‍ക്ക് കഴിയുമെന്നും അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വിമര്‍ശിച്ചു. ഏഴ് വര്‍ഷത്തെ അനുഭവത്തിലാണ് സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥരുടെ പൂര്‍ണ മനസോടുകൂടിയ ഇടപെടലുണ്ടായാല്‍ ഭരണനിര്‍വഹണം തീര്‍ത്തും ജനോന്മുഖമാകുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറി മുതല്‍ സ്‌പെഷ്യല്‍ സെക്രട്ടറി വരെയുള്ളവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഓരോ ഫയലിലുമുള്ളതു തുടിക്കുന്ന ജീവിതമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. അത്തരം ഫയലുകള്‍ മരിക്കണോ ജീവിക്കണോ എന്നു നിശ്ചയിക്കാന്‍ അധികാരമുള്ളവരാണു സര്‍ക്കാര്‍ ജീവനക്കാര്‍. അസിസ്റ്റന്റ് തലത്തില്‍നിന്നു മുകളിലേക്കെത്തുന്ന ജീവിതവുമായി ബന്ധപ്പെട്ട ഫയലുകള്‍ ഫയലുകള്‍ ആദ്യ കുറിമാനംകൊണ്ടുതന്നെ ചിലപ്പോള്‍ മരിക്കാം. എന്നാല്‍, മരിച്ചേക്കാവുന്ന ഫയലിനെ ഉദ്യോഗസ്ഥര്‍ക്കു ജീവിപ്പിക്കാനുമാകും. അങ്ങനെ ജീവിക്കുന്ന ഫയലുകള്‍ക്കൊപ്പം നിലനില്‍ക്കുന്നതു കുറേ മനുഷ്യരുടെ ജീവിതംതന്നെയാണ്. ആ ജീവകാരുണ്യ മനോഭാവം ഫയലല്‍നോട്ട സമ്പ്രദായത്തിലുണ്ടാകണം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ, അവ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ എന്തു പഴുതുണ്ടെന്നു സൂക്ഷ്മമായും സാങ്കേതികമായും നോക്കുന്ന രീതിയായിരുന്നു ബ്രിട്ടിഷ് ഭരണകാലത്ത് ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്നത്. ആ മനോഭാവം ഇപ്പോഴും ഫയലുകളുടെ ചുവപ്പു ചരടുകളില്‍ തങ്ങിനില്‍ക്കുന്നുണ്ട്. അതു പൂര്‍ണമായി മാറണം മുഖ്യമന്ത്രി പറഞ്ഞു.
ഭരണസംസ്‌കാരത്തിനു വലിയതോതില്‍ പുരോഗതി നേടാന്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ കഴിഞ്ഞിട്ടുണ്ട്. അങ്ങേയറ്റം ആത്മാര്‍ഥമായ നയങ്ങളും പദ്ധതികളും ആവിഷ്‌കരിച്ചാണു സംസ്ഥാനം മുന്നോട്ടുപോകുന്നത്. ജനങ്ങളുടേയും നാടിന്റെയും താത്പര്യമാണു മന്ത്രിസഭയെ നയിക്കുന്നത്. തയാറാക്കുന്ന പദ്ധതികള്‍ വേഗത്തില്‍ ഫലപ്രദമായി നടപ്പാക്കണമെന്നാണു സര്‍ക്കാരിന്റെ നിലപാട്. പദ്ധതികളുടെ സദ്ഫലം ജനജീവിതത്തിലും നാടിന്റെ മുഖഭാവത്തിലും പ്രകടമാകണം. ഇതിനു ഭരണനിര്‍വഹണം അതിവേഗത്തിലാകണം. ഫയല്‍ നീക്ക സമ്പ്രദായത്തിനും മികച്ച വേഗം കൈവരിക്കാന്‍ കഴിയണം. ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ വരുത്താവുന്നതല്ല ഈ വേഗം. ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ മാറ്റംവരുത്തി ഇതു യാഥാര്‍ഥ്യമാക്കണം.
സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചതും ബജറ്റില്‍ ഉള്‍പ്പെടുത്തിയതുമായ പദ്ധതികളില്‍ ചിലതു പൂര്‍ണമായി നടപ്പാകാതെയിരിക്കുന്നുണ്ട്. പദ്ധതി നിര്‍വഹണം ഉദ്യോഗസ്ഥലതലത്തില്‍നിന്നു പ്രായോഗികതലത്തിലേക്കു നീങ്ങണമെങ്കില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടയ്ക്കിടയ്ക്കു യോഗം വിളിക്കണമെന്ന സ്ഥിതിയുണ്ട്. ഈ രീതി ഇല്ലാതാക്കണം. വകുപ്പുകള്‍ തമ്മില്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനത്തിന്റെ സംവിധാനങ്ങള്‍ നിലവില്‍ ഇല്ലെന്നതും വലിയ പോരായ്മയാണ്. അതുണ്ടായാലേ ജനക്ഷേമ നടപടികള്‍ ഫലപ്രദമായി നടപ്പാക്കാനാകൂ. ജനങ്ങള്‍ ആഗ്രഹിക്കുന്ന സിവില്‍ സര്‍വീസ് നല്‍കുകയെന്നതാണു സര്‍ക്കാരിന്റെ ചുമതല. അത് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുണ്ട്.
സര്‍ക്കാര്‍ സര്‍വീസില്‍ പുതുതായെത്തുന്നവരെ നിശ്ചിത കാലംകൊണ്ടു സമര്‍ഥരായ ഉദ്യോഗസ്ഥരായി വാര്‍ത്തെടുക്കുന്ന സംസ്‌കാരം ഉയര്‍ന്ന ഉദ്യോസ്ഥരില്‍ നേരത്തേയുണ്ടായിരുന്നു. ഈ രീതിക്കു കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മാറ്റം വന്നിട്ടുണ്ട്. പുതിയവര്‍ അവരുടെ ജോലി സ്വയം പഠിക്കട്ടെയെന്നൊരു മനോഭാവം ഉയര്‍ന്നിട്ടുണ്ട്. അവരെ പരിശീലിപ്പിക്കല്‍ തങ്ങളുടെ ജോലിയല്ലെന്ന സ്വാര്‍ഥ സംസ്‌കാരം ബലപ്പെട്ടുവരുന്നതില്‍ ഉദ്യോഗസ്ഥര്‍ ആത്മപരിശോധന നടത്തണം. ഫയല്‍ എഴുതുമ്പോള്‍ തെറ്റുപറ്റാം. ഒരു ഫയല്‍ ഈ വിധത്തില്‍ പോയാല്‍ കുഴപ്പങ്ങളുണ്ടാകുമെന്നു ചൂണ്ടിക്കാട്ടാന്‍ ഏതു തട്ടിലുള്ളവര്‍ക്കും ധൈര്യമുണ്ടാകണം. അതിന് ഈഗോ വെടിഞ്ഞ് ഉള്‍ക്കൊള്ളാനുള്ള മനസ് ഉയര്‍ന്നതട്ടിലുള്ളവര്‍ക്കുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
[video width="1920" height="1080" mp4="https://suprabhaatham.com/wp-content/uploads/2023/04/Secratariate-Staff-Meeting-_CM_2-2.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."