മായാരൂപിയായ ഭര്‍ത്താവ്
ഒരു ദിവസം സുഹൃത്തിന്റെ വീട്ടില്‍നിന്നുള്ള രാത്രിഭക്ഷണവും കഴിഞ്ഞ് ഞങ്ങള്‍ കാര്‍ പാര്‍ക്കിങ്ങിലേക്ക് നടന്നുവരികയായിരുന്നു. സുഹൃത്തും ഭാര്യയും ഞങ്ങളെ യാത്രയാക്കാന്‍ കൂടെവന്നിരുന്നു. വേനല്‍ക്കാലമായിരുന്നതിനാല്‍, ഇരുട്ടുവീഴാന്‍ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. പെട്ടെന്നാണ് നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ക്കിടയില്‍ രണ്ടോ മൂന്നോ വയസ് പ്രായംതോന്നിക്കുന്ന ഒരു കുഞ്ഞ് നില്‍ക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. ചുറ്റിനും വീടുകളുണ്ട്. വീടുകളുടെ പുറകിലുള്ള പൂന്തോട്ടങ്ങളില്‍ കുട്ടികള്‍ കളിക്കുന്നതിന്റെയും മുതിര്‍ന്നവര്‍ സംസാരിക്കുന്നതിന്റെയും ഒച്ച കേള്‍ക്കാം.
ബാര്‍ബിക്യു മണമുള്ള കാറ്റ് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നുണ്ട്. വാരാന്ത്യമായതുകൊണ്ട് ആളുകള്‍ അതീവ സന്തോഷത്തിലാണ്. ആ വീടുകളിലെ ഏതോ കുഞ്ഞായിരിക്കുമെന്ന് പറയാന്‍ തുടങ്ങുന്നതിനുമുന്‍പേ, കുഞ്ഞിന്റെ പിതാവെന്നു തോന്നുന്നയാള്‍, അവിടേക്ക് ഓടിവന്നു. 'ഡാഡീ' എന്നു വിളിച്ചുകൊണ്ട് സ്വര്‍ണത്തലമുടിയും നീലക്കണ്ണുകളുമുള്ള ആ കുഞ്ഞ്, അയാളുടെയടുത്തേക്ക് കൈകള്‍ വിടര്‍ത്തിക്കൊണ്ടുചെന്നു. അയാള്‍ കുഞ്ഞിനെ വാരിയെടുത്ത്, കവിളില്‍ ഒരുമ്മ കൊടുത്തുകൊണ്ട് പതിഞ്ഞസ്വരത്തില്‍ എന്തോ പരിഭവം ആ കുഞ്ഞിനോടു പറഞ്ഞു. വീണ്ടുംവീണ്ടും ഉമ്മവച്ചുകൊണ്ട് തൊട്ടടുത്ത വീട്ടിലേക്ക് കയറിപ്പോവുകയുംചെയ്തു. ഒരു നിമിഷം അവിടെ എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കാര്‍ക്കും പിടികിട്ടിയില്ല. ഒരുപക്ഷേ, കണ്ണൊന്നു തെറ്റിയ നിമിഷത്തില്‍, ആ കുഞ്ഞ് തുറന്നുകിടന്ന വാതിലിലൂടെ പുറത്തുവന്നതാകാം. അല്ലെങ്കില്‍, അയാളുടെ കൈയില്‍നിന്നു കുതറിയോടി, കുസൃതികാണിച്ചതുമാകാം. എങ്കിലും ഒന്നോ രണ്ടോ നിമിഷനേരത്തേക്ക് കണ്‍മുന്‍പില്‍നിന്നകന്നുപോയ കുഞ്ഞിനെയോര്‍ത്ത് അയാളുടെ നെഞ്ചൊന്നു പിടച്ചിട്ടുണ്ടാകാം. ഒരുപക്ഷേ, അതൊരു തമാശക്കളിയായിരുന്നിരിക്കാം.
തിരികെ വീട്ടില്‍വന്നിട്ടും ഒറ്റയ്ക്കു നില്‍ക്കുന്ന ആ കുഞ്ഞിനെയും കുഞ്ഞിനെ വാരിയെടുത്തുമ്മവയ്ക്കുന്ന അയാളുടെയും മുഖം മനസില്‍ണിന്നു മാറുന്നുണ്ടായിരുന്നില്ല. ഏറ്റവും പ്രിയപ്പെട്ടവരായി, നമ്മുടെ കൂടെയുള്ളവരെ, പെട്ടെന്നൊരു നിമിഷം, അല്ലെങ്കില്‍ പെട്ടെന്നൊരു പ്രഭാതത്തില്‍, അല്ലെങ്കില്‍ ഒരു തിരക്കില്‍പ്പെട്ട്, ഒരു ബസ് യാത്രക്കിടയിലോ ട്രെയിന്‍ യാത്രക്കിടയിലോ പൊടുന്നനെ കാണാതായാലുള്ള ഒരവസ്ഥ; അതെത്ര ഭീകരമായിരിക്കും?
കാണാതാവുന്ന ആളുകളെക്കുറിച്ച് നമ്മള്‍ എപ്പോഴും വാര്‍ത്താമാധ്യമങ്ങളില്‍ വായിക്കാറുണ്ട്. ചിലര്‍ തിരിച്ചുവരികയും ചിലര്‍ പാടെ അപ്രത്യക്ഷരാകുകയുംചെയ്യുന്നു. അവരെ പ്രതീക്ഷിച്ച് വീട്ടില്‍ ഇരിക്കുന്നവര്‍ അനുഭവിക്കുന്ന മാനസികമായ ബുദ്ധിമുട്ടുകള്‍ എത്ര ഭീകരമായിരിക്കും?
മായാച്ചിന്തകള്‍
പൊടുന്നനെ കാണാതാകുന്ന ഭര്‍ത്താവിനെക്കുറിച്ചുള്ള ആകുലതകളും ആശങ്കകളും സങ്കടങ്ങളും ഒരു സ്ത്രീയുടെ മാനസികവ്യവഹാരങ്ങളെ, ദൈനംദിനജീവിതത്തെ എങ്ങനെയൊക്കെ മാറ്റിമറിക്കുന്നു എന്നതിന്റെയെല്ലാം സൂക്ഷ്മാവിഷ്‌കാരമാണ് 'മൈ ഫാന്റം ഹസ്ബന്‍ഡ്' അഥവാ എന്റെ മായാരൂപിയായ ഭര്‍ത്താവ് എന്ന കൃതിയിലൂടെ മാരിദാരിയേസ്‌ക് പറയാന്‍ ശ്രമിക്കുന്നത്.
എന്തെങ്കിലും കാരണങ്ങളാല്‍, കൈയോ കാലോ മുറിച്ചുമാറ്റേണ്ടിവരുന്ന ചിലര്‍ക്ക്, പിന്നീടും ആ ശരീരഭാഗം അവിടെത്തന്നെ ഉള്ളതുപോലേയുള്ള തോന്നല്‍ ഉണ്ടാകാറുണ്ട് എന്നു പറയാറുണ്ട്. ഫാന്റം ലിമ്പ് (ജവമിീോ ഘശായ) എന്നു പറയുന്ന ഈയൊരവസ്ഥമാത്രമല്ല, ചിലരെങ്കിലും ചിലപ്പോള്‍, ആ ശരീര ഭാഗങ്ങളില്‍ വേദനയോ ചൊറിച്ചിലോ കോച്ചിപ്പിടുത്തമോ ഒക്കെ അനുഭവപ്പെടുന്ന ഒരവസ്ഥയിലൂടെയും കടന്നുപോകാറുണ്ട്. ഇതിന്റെ വിശദീകരണങ്ങള്‍ മെഡിക്കല്‍ സയന്‍സ് നല്‍കുന്നുമുണ്ട്.
ഒരിക്കല്‍ ശരീരത്തിന്റെ ഭാഗമായിരുന്ന ഒന്ന്, പെട്ടെന്ന് നഷ്ടപ്പെടുകയെന്നത് അംഗീകരിക്കാന്‍ മനസും ശരീരവും പ്രയത്‌നിക്കുന്നതായിരിക്കാം. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുശേഷം, ഇത്തരം അവസ്ഥ മാറിയേക്കാം. ഫാന്റം എന്ന പദം ഈയൊരവസ്ഥയെ, വിശദീകരിക്കാനുള്ള യോജ്യമായ ഒന്നാണെന്നും കാണാം.
മായയെന്നോ മിഥ്യയെന്നോ മനസിന്നുണ്ടാകുന്ന ഭ്രമാത്മകമായ ചിന്തകളെന്നോ ഒക്കെ ന്യായീകരിക്കാവുന്ന ഒരു പദമായാണ്, ഫ്രഞ്ച് എഴുത്തുകാരിയായ മാരി ദാരിസെക്, തന്റെ നോവലിന് 'മൈ ഫാന്റം ഹസ്ബന്‍ഡ്', എന്റെ മായാരൂപിയായ ഭര്‍ത്താവ് എന്ന പേരു നല്‍കിയിരിക്കുന്നത്.
കഥ തുടങ്ങുന്നത്
ഒരു വൈകുന്നേരം, ജോലി കഴിഞ്ഞു വീട്ടിലെത്തിയ ഭര്‍ത്താവ്, വീട്ടില്‍ ബ്രഡില്ല എന്നുകണ്ട് രോഷാകുലനായി ഇറങ്ങിപ്പോകുന്നു. കാണാതായ ഭര്‍ത്താവിനെപ്പറ്റി പറഞ്ഞുകൊണ്ടാണ് കഥാനായിക, പറഞ്ഞുതുടങ്ങുന്നത്. ചില കുറ്റാന്വേഷണകഥകളെ അനുസ്മരിപ്പിക്കുന്നവണ്ണം, അയാളുടെ തിരോധാനത്തിനു പുറകേ വായനക്കാരെ കൊണ്ടുപോകുന്ന ഒന്നോ രണ്ടോ പേജുകള്‍ക്കുശേഷം, തികച്ചും വ്യത്യസ്തമായ സ്വകാര്യചിന്തകളിലേക്ക് വായന പോകുന്നു.
ഭര്‍ത്താവ് വരാന്‍ വൈകുന്തോറും, അതൊരുതരം ദേഷ്യമായിട്ടാണ് അവള്‍ക്ക് തോന്നുന്നത്. ബ്രഡ് വാങ്ങി, തിരികെ വരാന്‍ എന്തിനാണെത്ര വൈകുന്നതെന്ന ചിന്ത പതിയപ്പതിയേ ഒരാകുലതയായി മാറുന്നു. പരിഭ്രാന്തിയോടെ, അയാള്‍ ചെല്ലാനിടയുള്ള സ്ഥലങ്ങളില്‍ തിരഞ്ഞിറങ്ങുന്നു. പൊലിസിന്റെ സഹായം തേടുന്നു. പക്ഷേ, യാതൊരുവിധ അടയാളങ്ങളും അവശേഷിപ്പിക്കാതെ, അയാളെവിടെയോ മറഞ്ഞുകഴിഞ്ഞിരുന്നു!
അവളുടെ അസഹനീയമായ ഏകാന്തത അവിടെ തുടങ്ങുകയായി. പരിഭ്രാന്തിയുടെ വലിയ തിരമാല ചുറ്റിയടിക്കുന്നതായും ലോകം രണ്ടു കറുത്ത ചിറകുകള്‍പോലേ പുണരുന്നതായും അവള്‍ക്കനുഭവപ്പെടുന്നു. ഭീതിനിറഞ്ഞ ആഘാതത്തെ അവള്‍ പലതരം ചിന്തകള്‍കൊണ്ടു നേരിട്ടു.
ഓര്‍മകളുടെ
അടുക്കിപ്പെറുക്കല്‍
പിന്നീടുള്ള ദിവസങ്ങളില്‍, ആ വീടിനുള്ളിലെ ഓരോ വസ്തുക്കളും അയാളെക്കുറിച്ച് ഓര്‍മിപ്പിക്കുന്നു. വിവാഹത്തിന്റെ ആദ്യനാളുകളെക്കുറിച്ച് ഓര്‍ക്കുന്നു. വിവാഹഫോട്ടോകളിലൂടെ നോക്കിയിരിക്കുമ്പോഴെങ്കിലും ദമ്പതികളായിരുന്ന ഭൂതകാലത്തെക്കുറിച്ചോര്‍മിക്കാന്‍ ആവുമെന്നു കരുതിയ, ആ സ്ത്രീ, ഭര്‍ത്താവ് അപ്രത്യക്ഷനായിരിക്കുന്നു എന്ന സത്യത്തോട് കൂടുതല്‍ അടുക്കുകയാണുചെയ്തത്. അവര്‍ ഏകാകിയും ഉപേക്ഷിക്കപ്പെട്ടവളുമായ ഭാര്യയാണെന്ന് തിരിച്ചറിയുന്നു. നിറംമങ്ങിത്തുടങ്ങിയ വിവാഹവസ്ത്രം ധരിച്ച് കണ്ണാടിയില്‍ നോക്കിനിന്നുകൊണ്ട് പഴയ കാര്യങ്ങള്‍ ഓര്‍മിച്ചെടുക്കുന്നു. ഉറക്കമില്ലായ്മ അവരെ വീണ്ടും ദുര്‍ബലയാക്കുന്നു. ഭീതിദവും വിചിത്രവുമെന്ന് വായനക്കാര്‍ക്കു തോന്നുന്ന, ഏകാകിയും ദു:ഖിതയുമായ ആ സ്ത്രീയുടെ മനോവിചാരങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഭര്‍ത്താവ് തിരിച്ചുവരുമ്പോള്‍, വീട് വൃത്തിയായിത്തന്നെയിരിക്കണമെന്ന വിചാരത്താല്‍, അടുക്കിപ്പെറുക്കുന്നു.
ഒരു മായപോലെ, ഭര്‍ത്താവിന്റെ സാന്നിധ്യം അറിയുന്നതായും ഒരു ഊര്‍ജ്ജമായി അയാള്‍ തനിക്കനുഭവവേദ്യമാകുന്നതായും അവര്‍ വിവരിക്കുന്നു. അപ്രിയമായ ഒരു യഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാനുള്ള മനസിന്റെ തയ്യാറെടുപ്പുകളായി അവരുടെ വിചാരങ്ങളെ എഴുത്തുകാരി, കാവ്യാത്മകം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഭാഷയിലൂടെ വിവരിക്കുന്നു.
മനസിന്റെ തികച്ചും സങ്കീര്‍ണ്ണമായ ഒരു അവസ്ഥ, മനുഷ്യവിചാരങ്ങള്‍ക്കു കടന്നുചെല്ലാവുന്ന അതിരുകളില്ലാത്ത ചിന്തകള്‍, പൊരുത്തപ്പെടലിനായി യുദ്ധംചെയ്യുന്ന ബോധോപബോധമനസുകളുടെ സഞ്ചാരങ്ങള്‍, ഇതിനിടയിലൂടെ നടന്നുപോകുമ്പോള്‍ കേള്‍ക്കുന്ന ശബ്ദങ്ങള്‍, മായക്കാഴ്ചകള്‍ തുടങ്ങിയവയെല്ലാം തീര്‍ത്തും കഥാനായികയുടെ വശത്തുനിന്നുകൊണ്ടു പറയുന്നു.
ഭ്രമചിന്തകളുടെ
വിചിത്രമായ സങ്കലനം
മാരി ദാരിസെക്, ഫ്രഞ്ച് ഭാഷയിലെഴുതിയ 'മൈ ഫാന്റം ഹസ്ബന്‍ഡ്' പ്രശംസയ്ക്കും വിമര്‍ശനങ്ങള്‍ക്കും പാത്രമായി. ഒരു സൈക്കോ അനലിസ്റ്റായി അവര്‍ ജോലിചെയ്തിട്ടുണ്ട്. നോവലിന്റെ വായനയിലുടനീളം, മനുഷ്യമനസിനെ അപഗ്രഥിക്കുന്ന വിദഗ്ധയുടെ കൈയൊപ്പെന്നപോലേ പ്രധാനകഥാപാത്രത്തിന്റെ ആകുലതകളെ, ഒറ്റപ്പെടലിനെ, വിവിധ ഘട്ടങ്ങളായി പരാമര്‍ശിച്ചിട്ടുണ്ടെന്നു കാണാം. നോവലുകള്‍ സ്ത്രീകഥാപാത്രങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നതാണെന്ന് ഫെമിനിസ്റ്റാശയങ്ങളുടെപേരില്‍ വിര്‍ജിനിയ വൂള്‍ഫിനോടൊപ്പം പോലും വായനക്കാര്‍ താരതമ്യംചെയ്തു പറയുമ്പോഴും ഫെമിനിസ്റ്റ് എന്ന ആശയം സ്വന്തം കൃതികള്‍ക്ക് ഒരു പ്രത്യേകപരിഗണന കിട്ടാനായി പ്രയോഗിക്കുന്നതിനോട് താത്പര്യമില്ലെന്നും അവര്‍ പറയുന്നുണ്ട്.
ഈ നോവലില്‍ ചുരുക്കംചില കഥാപാത്രങ്ങളേയുള്ളൂ. മാഞ്ഞുപോയ ഭര്‍ത്താവിനെക്കൂടാതെ, പേരില്ലാത്ത പ്രധാനകഥാപാത്രമായ സ്ത്രീ, അവരുടെ അമ്മ, അമ്മായിയമ്മ, കൂടാതെ ജാക്വിലിന്‍ എന്ന സുഹൃത്തും മാത്രമാണ് വിവരണങ്ങളില്‍ പ്രധാനമായും കടന്നുവരുന്നത്. ഭര്‍ത്താവിനാല്‍ പരിത്യജിക്കപ്പെട്ട അവരുടെ ദു:ഖത്തെയും ആകുലതകളെയും മറികടക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഈ പറഞ്ഞവര്‍ക്ക് വലിയ പങ്കുമില്ല. അവര്‍ സ്വയം ആ അവസ്ഥയെ മറികടക്കാനായി ശ്രമിക്കുന്നുവെന്നതാണ് നോവലിന്റെ അന്തസ്സത്ത.
അതിശ്രദ്ധാപൂര്‍വമായ ഒരു വായന ആവശ്യപ്പെടുന്ന എഴുത്താണിത്. അലിഗറിയുടെ, ഫ്‌ലാഷ്ബാക്കുകളുടെ, ഭ്രമചിന്തകളുടെ വിചിത്രമായ സങ്കലനം വായനയെ ആഴമുള്ളതാക്കുന്നുണ്ട്. പുറമേനിന്നു നോക്കുമ്പോള്‍, ശാന്തരാണെന്നു തോന്നുന്ന ചില മനുഷ്യര്‍, എത്രത്തോളം വിക്ഷോഭങ്ങളുടെ തിരമാലകള്‍ ഉള്ളില്‍പ്പേറുന്നവരാണെന്ന യാഥാര്‍ഥ്യം മനസിലാക്കിത്തരുന്ന ഒരു വായനകൂടിയായിരുന്നു ഈ പുസ്തകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."