HOME
DETAILS

രാഷ്ട്രീയക്കോഴയുടെ എച്ചിക്കണക്ക്

  
backup
June 05 2021 | 20:06 PM

21-231651230

എന്റെ കുട്ടിക്കാലത്ത് ലക്ഷപ്രഭു, ലക്ഷാധിപതി എന്നൊക്കെ പറഞ്ഞാല്‍ അതിനര്‍ഥം വലിയ സമ്പന്നന്‍ എന്നായിരുന്നു. സ്ത്രീകള്‍ സ്വന്തമായി അധികമൊന്നും കാശ് സമ്പാദിക്കുന്ന ഏര്‍പ്പാട് അന്ന് ഇല്ലാതിരുന്നതിനാല്‍ ലക്ഷപ്രഭ്വി, ലക്ഷാധിപ എന്ന പദങ്ങളൊന്നും കേട്ടിരുന്നില്ല. പരമദരിദ്രനായ തൊഴിലാളിയായിരുന്ന പ്രേംനസീര്‍ ഒരുലക്ഷം രൂപയുടെ ലോട്ടറിയടിച്ച് വലിയ ബിസിനസുകാരനും പാവങ്ങളെ കൈയയച്ച് സഹായിക്കുന്ന ഉദാരമതിയുമൊക്കയായി മാറുന്ന ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ അക്കാലത്ത് ഇറങ്ങിയതായും ഓര്‍മയുണ്ട്. അത്ര വലിയ മൂല്യമായിരുന്നു അന്ന് ലക്ഷത്തിന്.


വൈകാതെ രൂപയുടെ നിരന്തര മൂല്യശോഷണം കാരണം ലക്ഷത്തിനൊന്നും വലിയ വിലയില്ലാതായി. പിന്നീട് കോടീശ്വരനെന്നു വിളിക്കുന്നയാളെ അത്യാവശ്യം സമ്പന്നനായി കണക്കാക്കുന്ന സ്ഥിതി വന്നു. അധികം വൈകാതെ അതും മാറി. ഇന്നത്തെക്കാലത്ത് കാശുകാരനായി ആരെങ്കിലും പരിഗണിക്കണമെങ്കില്‍ ശതകോടീശ്വരനെങ്കിലുമാകണം. അത്രയധികം ഇടിഞ്ഞുപോയിട്ടുണ്ട് ഇന്ത്യന്‍ രൂപയുടെ മൂല്യം.


ഇതൊക്കെ സാധാരണ മനുഷ്യരുടെ കണക്ക്. വലിയ രാഷ്ട്രീയകക്ഷികള്‍ക്ക് കോടിയൊന്നും വലിയ തുകയല്ല. ഈ കൊച്ചുകേരളത്തിലെ രണ്ടോ മൂന്നോ ജില്ലകളില്‍ മാത്രം സ്വാധീനമുള്ള കേരള കോണ്‍ഗ്രസ് (എം) പോലും ബാര്‍കോഴയായി പത്തു കോടി രൂപ വാങ്ങിയെന്നാണ് ആരോപണമുയര്‍ന്നത്.
അങ്ങനെ നോക്കുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് കോടിയെന്നൊക്കെ പറയുന്നത് വളരെ ചെറിയൊരു തുകയാണ്. ലക്ഷത്തിന്റെ കാര്യം പിന്നെ പറയുകയും വേണ്ട. ആ പാര്‍ട്ടിയോട് ആരെങ്കിലും ലക്ഷങ്ങളൊക്കെ ചോദിക്കുന്നതും അതുപോലെ അവര്‍ കൊടുക്കുന്നതും അവര്‍ക്ക് നാണക്കേടാണ്. അതറിഞ്ഞുകൊണ്ടു തന്നെയായിരിക്കണം ബി.ജെ.പിയോടൊപ്പം നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സി.കെ ജാനുവിന്റെ പാര്‍ട്ടിയായ ആര്‍.ജെ.പി പത്തു കോടി രൂപ ചോദിച്ചതായി ആ പാര്‍ട്ടിയുടെ സംസ്ഥാന ട്രഷററായ പ്രസീത അഴീക്കോട് പറയുന്നത്. പ്രസീത പറയുന്നതു ശരിയാണെങ്കില്‍ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ ആ ഇടപാടില്‍ സ്വന്തം നിലയ്ക്കും വിലയ്ക്കും ചേര്‍ന്ന കാര്യമല്ല ചെയ്തത്. ജാനു പത്തുകോടി വേണമെന്നു പറഞ്ഞിട്ട് സുരേന്ദ്രന്‍ പത്തുലക്ഷം രൂപ മാത്രമാണ് കൊടുത്തതെന്നാണ് പ്രസീതയുടെ വെളിപ്പെടുത്തല്‍. ബി.ജെ.പിയുടെ സ്വന്തം ഭാഷയില്‍ തന്നെ പറഞ്ഞാല്‍ വനവാസികള്‍ ഭൂരിപക്ഷമുള്ള ഒരു പാര്‍ട്ടിയോട് കാട്ടിയ ഈ അവഗണന ഒട്ടും ശരിയായില്ലെന്നും ഉണര്‍ന്നുനില്‍ക്കുന്ന ഹിന്ദുത്വത്തിന് ഒട്ടും ചേര്‍ന്നതല്ലെന്നും പറയേണ്ടിവരും. കേന്ദ്രത്തിലും നിരവധി സംസ്ഥാനങ്ങളിലും ഭരണമുള്ള, ഇഷ്ടംപോലെ കാശ് കൊടുക്കാന്‍ ആളുകളുള്ള, തെരഞ്ഞെടുപ്പ് നടക്കുന്നിടത്തൊക്കെ വെള്ളവും പാചകവാതകവും പോലെ പണം കുഴല്‍ വഴി എത്തിക്കാന്‍ സംവിധാനങ്ങളുണ്ടെന്ന് പറഞ്ഞുകേള്‍ക്കുന്ന ഒരു പാര്‍ട്ടിയാണ് ഈ എച്ചിക്കണക്കിന്റെ പേരില്‍ പഴികേള്‍ക്കുന്നതോര്‍ക്കണം.


ഇതിന്റെ പേരില്‍ ചിലര്‍ ജാനുവിനെ കുറ്റപ്പെടുത്തുന്നത് ഒട്ടും ശരിയല്ല. ആരോപണം അവര്‍ നിഷേധിച്ചിട്ടുണ്ട്. ഇനി പ്രസീത പറഞ്ഞത് ശരിയാണെങ്കില്‍ തന്നെ അതൊരു മഹാപാതകമൊന്നുമല്ല. ഇത്തരം ഇടപാടുകള്‍ നാട്ടുനടപ്പ് മാത്രമല്ല രാജ്യനടപ്പ് കൂടിയാണ്. ഇതേസമയത്ത് തമിഴ്‌നാട്ടില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടെ നില്‍ക്കാന്‍ സി.പി.ഐക്ക് 15 കോടിയും സി.പി.എമ്മിന് 10 കോടിയും കൊടുത്തതായി അവിടുത്തെ വല്യേട്ടനായ ഡി.എം.കെ രേഖാമൂലം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അന്തസുള്ള ഒരു ഇടപാടാണത്. കേരളത്തില്‍ എന്‍.സി.പിക്കും ഐ.എന്‍.എല്ലിനുമൊക്കെയുള്ള സ്ഥാനമാണ് അവിടെ സി.പി.ഐക്കും സി.പി.എമ്മിനുമുള്ളത്. അവര്‍ കൂടെ നിന്നില്ലെങ്കില്‍ ചില മണ്ഡലങ്ങളില്‍ ഇത്തിരി ഭൂരിപക്ഷം കുറഞ്ഞാലും ഡി.എം.കെ അധികാരത്തില്‍ വരുന്ന അവസ്ഥയായിരുന്നു. എന്നിട്ടും സാമാന്യം മെച്ചപ്പെട്ട തുകയ്ക്ക് ഡീല്‍ ഉറപ്പിക്കാന്‍ ആ പാര്‍ട്ടികള്‍ക്കായി. ഡി.എം.കെയുടെ വോട്ട് ബലത്തില്‍ അവര്‍ ഒറ്റക്കൈവിരലിലെണ്ണാവുന്ന സീറ്റുകളിലെങ്കിലും ജയിക്കുകയും ചെയ്തു. അതിനെയൊക്കെയാണ് മിടുക്കെന്നു പറയുന്നത്.
പിന്നെ വലിയൊരു മര്യാദ ജാനുവിന്റെ പാര്‍ട്ടി കാണിച്ചതായും സുരേന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പ്രസീത പറയുന്നുണ്ട്. മുന്‍പ് സി.പി.എമ്മിനൊപ്പം നില്‍ക്കാന്‍ ആ പാര്‍ട്ടിയിലെ ചിലരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും അതു തിരികെ നല്‍കാതെ ആ കൂട്ടുകെട്ട് വിട്ടുപോരുന്നത് ശരിയല്ലെന്നും. നമ്മള്‍ ഒരു സ്ഥാപനത്തില്‍ ജോലിചെയ്യുമ്പോള്‍ കാശ് മുന്‍കൂര്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ ആ പണി വിട്ടുപോരുമ്പോള്‍ ബാധ്യത തീര്‍ക്കുന്നതല്ലേ മര്യാദ. ഇത്ര സത്യസന്ധതയുള്ള വേറെ ഏതെങ്കിലുമൊരു പാര്‍ട്ടി ഈ രാജ്യത്തു തന്നെ കാണുമോ എന്നറിയില്ല.

ഇവിടെ ജനകോടികള്‍
ചാര്‍ത്തുന്നു നിങ്ങളില്‍...


കെ.ആര്‍ ഗൗരിയമ്മയ്ക്ക് കേരളത്തില്‍ സ്മാരകം വേണ്ടെന്ന് ആരും പറയില്ല. കേരള രാഷ്ട്രീയത്തില്‍ അത്രയേറെ പ്രാധാന്യമുണ്ട് ഗൗരിയമ്മയ്ക്ക്. അവര്‍ക്കു സ്മാരകം പണിയുമ്പോള്‍ പിന്നെ ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് അതു വേണ്ടെന്നുവയ്ക്കാന്‍ പറ്റുമോ. നാട്ടുകാര്‍ ഒന്നും പറഞ്ഞില്ലെങ്കിലും ഭരണപക്ഷത്തുള്ള, രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മന്ത്രിയാകാനിരിക്കുന്ന മകനും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ മറ്റുള്ളവര്‍ക്കും സങ്കടം വരില്ലേ. അതുകൊണ്ട് ഗൗരിയമ്മയ്‌ക്കെന്നപോലെ പിള്ളയ്ക്കും സ്മാരകം പണിയാന്‍ കിടക്കട്ടെ രണ്ടുകോടി രൂപ.


പറഞ്ഞുവരുമ്പോള്‍ ഗൗരിയമ്മയ്ക്കും പിള്ളയ്ക്കും ചില സാമ്യങ്ങളുണ്ട്. രണ്ടുപേരും ദീര്‍ഘകാലം നിയമസഭാംഗങ്ങളായവരാണ്. ഒരുപാട് കാലം തുടര്‍ച്ചയായി ജയിച്ച ശേഷം ഇരുവരും തോറ്റിട്ടുണ്ട്. പിന്നെ വലിയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച ശേഷം സ്വന്തമായി പാര്‍ട്ടിയുണ്ടാക്കിയവരാണ് രണ്ടുപേരും. കൂടാതെ വാര്‍ത്തകളില്‍ ഏറെ നിറഞ്ഞവരും. ഇതൊന്നും എല്ലാവര്‍ക്കും സാധിക്കുന്ന കാര്യങ്ങളല്ല.


സമൂഹത്തിനു വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവര്‍ക്കാണല്ലോ മരണാനന്തരം സ്മാരകം പണിയുന്നത്. അതിലും രണ്ടുപേരും ഏറെ മികച്ചവരാണ്. കേരളത്തിന്റെ വിപ്ലവനായികയായിരുന്നു ഗൗരിയമ്മ. കേരളചരിത്രം തിരുത്തിക്കുറിച്ച ഭൂപരിഷ്‌കരണത്തിന്റെ ശില്‍പി, അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്കു വേണ്ടി നിലകൊണ്ട പോരാളി, ആദര്‍ശവിശുദ്ധി ആജീവനാന്തം കാത്തുസൂക്ഷിച്ച നേതാവ് തുടങ്ങി അവരുടെ സംഭാവനകള്‍ ഏറെയാണ്.
ഇക്കാര്യത്തില്‍ പിള്ളയും ഒട്ടും പിറകിലല്ല. നാട്ടുകാര്‍ക്ക് പണിയുണ്ടാക്കുക എന്ന മഹത്തായ ജനാധിപത്യ കര്‍ത്തവ്യമാണ് അദ്ദേഹം പ്രധാനമായും നിര്‍വഹിച്ചത്. വൈദ്യുതി, ഗതാഗത വകുപ്പുകള്‍ ഭരിച്ച കാലങ്ങളില്‍ വൈദ്യുതി ബോര്‍ഡിലെയും കെ.എസ്.ആര്‍.ടി.സിയിലെയും തൊഴിലാളികളെ നന്നായി കഷ്ടപ്പെടുത്തി ദീര്‍ഘകാലം സമരം ചെയ്യിച്ചു. വൈദ്യുതി മന്ത്രിയായിരിക്കെ ഇടമലയാര്‍, കല്ലട പദ്ധതികള്‍ക്കു നല്‍കിയ മികച്ച സംഭാവനകളുടെ ഫലമായി അന്വേഷണ ഏജന്‍സികള്‍ക്കും കോടതികള്‍ക്കും ഒരുപാട് പണിയുണ്ടാക്കി. വി.എസ് അച്യുതാനന്ദനെക്കൊണ്ട് നന്നായി പണിയെടുപ്പിച്ചു. അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചും ഇനിയും പറയാനുണ്ട് പലതും.


അതുകൊണ്ടുതന്നെ പിള്ളയുടെ സ്മാരകവും വളരെ നല്ല രീതിയില്‍ തന്നെ പണിയണം. ആ സ്മാരകത്തില്‍ പിള്ളയുടെ വലിയൊരു സവിശേഷത വലിയ അക്ഷരങ്ങളില്‍ തന്നെ എഴുതിവയ്ക്കണം. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസമനുഭവിച്ച കേരളത്തിലെ ആദ്യത്തെ മന്ത്രിയെന്ന്. ആ സ്മാരകം കണ്ട് പുളകിതരായി പണ്ട് സമരം ചെയ്ത കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി ജീവനക്കാരും അവരോടൊപ്പം കേരള ജനതയും പാടട്ടെ:
'ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു നിങ്ങളില്‍, സമരപുളകങ്ങള്‍ തന്‍ സിന്ദൂരമാലകള്‍'.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago