HOME
DETAILS

അതിർത്തി കടക്കുന്ന അധിക്ഷേപങ്ങൾ

  
backup
June 09 2022 | 04:06 AM

cross-border-abuses

ഡൽഹി നോട്സ്
കെ.എ സലിം

ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദയുണ്ടാക്കിയ ആഗോളപ്രതിഷേധത്തിന്റെ ഉഷ്ണക്കാറ്റിലാണ് മോദി സർക്കാർ. ഖത്തർ, കുവൈത്ത്, ഇറാൻ തുടങ്ങിയ രാജ്യങ്ങളാണ് ആദ്യം ഇതിനെതിരേ രംഗത്തുവന്നത്. പിന്നാലെ സഊദി അറേബ്യ, ഒമാൻ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ പ്രതിഷേധിച്ചു. ശേഷം ഇന്ത്യയുടെ അടുത്ത സുഹൃത്തായ യു.എ.ഇയും ബഹ്‌റൈനും ഇന്തോനേഷ്യയും അഫ്ഗാനിസ്ഥാനുമെല്ലാം പങ്കുചേർന്നു. മലേഷ്യയും തുർക്കിയും നിശബ്ദരാണെന്നത് മാത്രമാണ് മോദി സർക്കാരിനുള്ള ഏക ആശ്വാസം. അവരും എപ്പോൾ വേണമെങ്കിലും ഇതിൽ പങ്കുചേരാം. ഇന്ത്യ ഔദ്യോഗികമായി തന്നെ മാപ്പുപറയണമെന്നതാണ് ഗൾഫ് നാടുകളുടെ നിലപാട്. ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകൾ ഔദ്യോഗിക നിലപാടല്ലെന്നും അവരുടെ പാർട്ടിനേതൃത്വംതന്നെ അവർക്കെതിരേ നടപടിയെടുത്തിട്ടുണ്ടെന്നും സർക്കാർ വാദിക്കുന്നു. എന്നാൽ, ബി.ജെ.പി നിലപാടുകൾ സർക്കാർ നിലപാടല്ലെന്ന് അംഗീകരിക്കാൻ ഗൾഫ് രാജ്യങ്ങൾ തയാറായിട്ടില്ല. അതിനാൽ ഈ ആവശ്യത്തിൽനിന്ന് അവർ പിന്നോട്ടുപോയിട്ടുമില്ല.


ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യ രൂപപ്പെടുത്തിയ ബന്ധത്തിന് അതതു രാജ്യങ്ങളിലെ ഭൂരിപക്ഷം ജനങ്ങളുടെ മതവിശ്വാസവുമായി ബന്ധമില്ല. എന്നാൽ, മതത്തിന്റെ അടിസ്ഥാനത്തിലുള്ള പുതിയ വിവാദം ആ ബന്ധത്തെ ഉലച്ചിട്ടുണ്ട്. വർഗീയതയും വംശീയതയും ഗൾഫ് നാടുകളിൽ കേട്ടുകേൾവി പോലുമില്ലാത്തതാണ്. തുല്യാവകാശങ്ങൾക്കും തുല്യാവസരങ്ങൾക്കും ഏറെ മുന്നിലാണ് ഗൾഫ് രാജ്യങ്ങൾ. അതേസമയം, 2014നുശേഷം ഇന്ത്യയിലെ സാഹചര്യങ്ങൾ പശ്ചിമേഷ്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ട്വിറ്ററുകളിൽ നടക്കുന്ന വംശീയവിദ്വേഷത്തിനെതിരേ യു.എ.ഇ സർക്കാർ 2020 മുതൽ താക്കീത് നൽകിവരികയാണ്. തബ്‌ലീഗ് ജമാഅത്തിനെതിരേ വിദ്വേഷപ്രചാരണം നടത്തിയവരോട്, യു.എ.ഇയിൽ പരസ്യമായി വംശീയവും വിവേചനവും കാണിക്കുന്ന ആരെയും പിഴചുമത്തി നാടുകടത്തുമെന്ന് യു.എ.ഇ രാജകുടുംബത്തിലെ ഷെയ്ഖ ഹെൻത് ബിൻത് ഫൈസൽ അൽ ഖാസിമി മുന്നറിയിപ്പ് നൽകിയിരുന്നു.


വെറുതെ പറഞ്ഞിരിക്കുക മാത്രമല്ല, കുറച്ചുകാലങ്ങളായി വിദ്വേഷപ്രചാരണം നടത്തുന്നവരെ അവർ നാടുകടത്തുന്നുമുണ്ട്. അടുത്തിടെ, കശ്മിർ ഫയൽസ് സിനിമ യു.എ.ഇയിൽ നിരോധിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ഒമാൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽ അക്ഷയ് കുമാറിന്റെ പുതിയ ചിത്രം സമ്രാട് പൃഥ്വിരാജും നിരോധിച്ചു. 1992ൽ ബാബരി മസ്ജിദ് തകർക്കുമ്പോൾ ഒരു മതവിഭാഗത്തിന്റെ ചെയ്തികളെ തിരുത്താൻ ശേഷിയുള്ള ശക്തമായ നീതിന്യായ സംവിധാനമുള്ള ജനാധിപത്യപരവും ബഹുസ്വരവുമായ രാജ്യമാണ് ഇന്ത്യയെന്ന് ലോകം വിശ്വസിച്ചിരുന്നു. ഗൾഫ് നാടുകളും അതിനെ അങ്ങനെയാണ് കണ്ടിരുന്നത്. എന്നാൽ, ഇപ്പോൾ സാഹചര്യങ്ങൾ മാറിയിരിക്കുന്നു. മുസ്‌ലിം വിരുദ്ധതയും ഇസ്‌ലാം വിരുദ്ധതയും പരമതവിദ്വേഷവും വംശീയതയും വർഗീയതയും രാജ്യത്തിന്റെ പൊതുനയമായി മാറിയെന്നും ജനാധിപത്യത്തെയും ബഹുസ്വരതയെയും ഇല്ലായ്മ ചെയ്യാൻ തുടർച്ചയായ നിയമനിർമാണങ്ങൾ നടക്കുന്നുവെന്നും ലോകം കരുതുന്നു.


ഇന്റർനെറ്റിന്റെ കാലത്ത് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും എല്ലാവർക്കും എല്ലാം കാണാം, എല്ലാം വായിക്കാം. നീതിയെക്കുറിച്ചുള്ള സങ്കൽപ്പം ഇന്ന് ലോകത്ത് എല്ലായിടത്തും ഒരുപോലെയാണ്. ഇന്ത്യ ഇപ്പോഴും പിന്നോട്ടാണ് നടക്കുന്നത്. മുഗൾ നിർമിതികൾക്കു നേരെയുള്ള കൈയേറ്റങ്ങൾ പ്രതിഷേധത്തോടെയും എന്നാൽ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നവുമായേ അന്താരാഷ്ട്ര സമൂഹം കണ്ടിരുന്നുള്ളൂ. എന്നാൽ ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ ആദരിക്കുന്ന പ്രവാചകനെ അവഹേളിക്കുന്നത് അതുപോലെയല്ല. അവിടെ അതിരുവിടുകയും അതിർത്തി കടക്കുകയും ചെയ്യുന്നുണ്ട്. ഉക്രൈനിലെ റഷ്യൻ അധിനിവേശക്കാലത്ത് ശ്രദ്ധയോടെ നിലപാട് സ്വീകരിച്ച രാജ്യമാണ് ഇന്ത്യ. എന്നാലിത് ആഗോളതലത്തിൽ കൈവിട്ടുപോയി. ഇന്ത്യയിൽ നടക്കുന്നതെന്തെന്ന് വിശദീകരിക്കാനാവാത്ത സാഹചര്യം ഗൾഫ് മേഖലയിലുള്ള ഇന്ത്യൻ പ്രതിനിധികൾ നേരിടുന്നുണ്ട്. ഇതെല്ലാം ഈ രാജ്യങ്ങളിലെ ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുമുണ്ട്.


പ്രതിഷേധങ്ങൾ ഗൾഫ് രാജ്യങ്ങളുമായുള്ള വ്യാപാരം, നിക്ഷേപം, ഇന്ത്യയിലേക്കുള്ള എണ്ണവിൽപന എന്നിവയെ ബാധിക്കാതെ നോക്കാനുള്ള കഠിന പരിശ്രമത്തിലാണ് കേന്ദ്ര സർക്കാർ. നയതന്ത്ര പങ്കാളിത്തമെന്നാണ് ഇന്ത്യയും യു.എ.ഇയും തങ്ങളുടെ ബന്ധത്തെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ ഇന്ത്യയും യു.എ.ഇയും ഒരു സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവച്ചിരുന്നു. ഇത് ജി.സി.സി രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള തുടക്കമായി കണക്കാക്കപ്പെട്ടിരുന്നു. അതിലേക്കാണ് ബോയ്‌കോട്ട് ഇന്ത്യൻ ഗുഡ്‌സ് എന്ന ഹാഷ് ടാഗ് കാംപയിൻ പുതിയ ട്രെൻഡായി വന്നതും ഗൾഫിലെ ബിസിനസ് പങ്കാളികളിൽ ആശങ്കയുണ്ടാക്കുകയും ചെയ്തിരിക്കുന്നത്.


നിലവിൽ സഊദി അറേബ്യയും ഖത്തറും യു.എ.ഇയും ബഹ്‌റൈനും ഒമാനും കുവൈത്തുമടങ്ങുന്ന ജി.സി.സി രാജ്യങ്ങളാണ് ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യപങ്കാളി. 2021-22ൽ യു.എ.ഇയാണ് ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ വാണിജ്യപങ്കാളി. 28 ബില്യൻ ഡോളറിന്റെ കയറ്റുമതിയും 45 ബില്യൻ ഡോളറിന്റെ ഇറക്കുമതിയുമാണ് യു.എ.ഇയുമായുണ്ടായത്. 72.9 ബില്യൻ ഡോളറിന്റെ ഇടപാടാണ് നടന്നത്. കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 6.6 ശതമാനവും ഇറക്കുമതിയുടെ 7.3 ശതമാനവും യു.എ.ഇയുമായുള്ളതാണ്. തൊട്ടുമുമ്പുള്ള വർഷത്തേക്കാൾ 68.4 ശതമാനത്തിന്റെ വളർച്ചയാണ് കഴിഞ്ഞ സാമ്പത്തിക വർഷമുണ്ടായത്. 2021-22 വർഷം സഊദിയുമായുള്ള ആകെ വാണിജ്യം 42.9 ബില്യൻ ഡോളറാണ്. ഇന്ത്യയുടെ നാലാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമാണ് സഊദി അറേബ്യ. 34.1 ബില്യൻ ഡോളറിന്റെ ഇറക്കുമതിയാണ് സൗദിയിൽനിന്ന് ഈ സാമ്പത്തിക വർഷമുണ്ടായത്. അഞ്ചാം സ്ഥാനത്തുള്ള ഇറാഖുമായുള്ള വ്യാപാരം കഴിഞ്ഞ സാമ്പത്തികവർഷം 34.3 ബില്യനും ഖത്തറുമായുള്ളത് 15 ബില്യനുമാണ്. ഇന്ത്യ ആകെ ഇറക്കുമതി ചെയ്യുന്ന പ്രകൃതി വാതകത്തിന്റെ 41 ശതമാനം ഖത്തറിൽനിന്നാണ്. 13.46 മില്യൻ ഇന്ത്യക്കാരാണ് വിദേശ നാടുകളിൽ ജോലിചെയ്യുകയും താമസിക്കുകയും ചെയ്യുന്നത്. ഇന്ത്യൻ പൗരത്വമില്ലാത്ത ഇന്ത്യൻവംശജരെക്കൂടി കണക്കിലെടുത്താലിത് 32 മില്യൻ വരും.


3.42 മില്യൻ പേർ താമസിക്കുന്നത് യു.എ.ഇയിലാണ്. സഊദിയിൽ 2.6 മില്യനുണ്ട്. കുവൈത്തിൽ 1.3 മില്യൻ. റിസർവ് ബാങ്ക് കണക്കുപ്രകാരം 2016-17ൽ ഇന്ത്യയിലെത്തിയ 69 ബില്യൻ ഡോളർ വിദേശനാണ്യത്തിൽ 50 ശതമാനത്തിലധികം എത്തിയത് ഗൾഫ് നാടുകളിൽ നിന്നായിരുന്നു. ഇതിൽ 26 ശതമാനത്തിലധികം യു.എ.ഇയിൽനിന്ന് മാത്രമാണ്. സൗദി 11.63 ശതമാനവും ഖത്തർ 6.4 ശതമാനവുമാണ്. ഫലത്തിൽ, അവഗണിക്കാനാവാത്ത പ്രതിസന്ധിയായി പ്രവാചകനിന്ദ മാറിയിട്ടുണ്ട്. പഠിപ്പിച്ചതാണ് ബി.ജെ.പി വക്താക്കൾ പാടുന്നത്. അങ്ങനെയാണ് പാർട്ടി വളർത്തിയതും. ഇനിമുതൽ അങ്ങനെയല്ലെന്ന് വരുന്നത് സംഘ്പരിവാറിനുള്ളിൽ സംഘർഷമുണ്ടാക്കും. ഫലത്തിൽ പുലിപ്പുറത്താണ് മോദി സർക്കാരിന്റെ യാത്ര.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago