മുഖ്യമന്ത്രിയെ തേജോവധം ചെയ്യുന്നുവെന്ന് സി.പി.എം അനാവശ്യ പ്രതികരണങ്ങൾ വേണ്ടെന്നും നിർദേശം
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തൽ സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും തേജോവധം ചെയ്യാനുള്ള ഗൂഢാലോചനയാണെന്ന് സി.പി.എം. കേന്ദ്ര ഏജൻസികളെയും ചില മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ചിട്ടും കാറ്റുപിടിക്കാതെ പോയ നുണക്കഥകൾ തന്നെയാണ് ഇപ്പോൾ രഹസ്യമൊഴി എന്ന പേരിൽ പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയ പ്രതിയോഗികൾക്കെതിരേ കേന്ദ്ര സർക്കാർ ഇ.ഡിയെ ഉപയോഗപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇത്തരം പുതിയ തിരക്കഥകൾ രൂപപ്പെടുന്നതെന്നതും ഇതു സംശയാസ്പദമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
സ്വപ്‌ന പറയുന്ന കാര്യങ്ങളിൽ അനാവശ്യ പ്രതികരണങ്ങൾ പാർട്ടി നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന നിർദേശം സി.പി.എം നേതൃത്വം നൽകിയിട്ടുണ്ട്. കേസന്വേഷണം അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഏതെങ്കിലും തരത്തിൽ മറ്റു വിവാദങ്ങൾ ഉണ്ടായാൽ അതു സർക്കാരിനു ഗുണകരമാകില്ലെന്ന വിലയിരുത്തലിലാണു സി.പി.എം. അതിനാൽ മുതിർന്ന നേതാക്കൾ ചാനൽ ചർച്ചകളിലൊന്നും പങ്കെടുക്കേണ്ടതില്ലെന്നും ഇന്നലെ ചേർന്ന സി.പി.എം അവയിലബിൾ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. വിഷയം നിയമപരമായി നേരിടേണ്ടതുണ്ടോയെന്ന കാര്യവും സി.പി.എം പരിശോധിക്കും. മുഖ്യമന്ത്രിയെ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ, മകൾ എന്നിവർക്കെതിരേയും സ്വപ്‌ന പരാമർശം നടത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് നിയമപരമായി വിവാദങ്ങളെ നേരിടണമോയെന്ന കാര്യത്തിൽ ആലോചന നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."