HOME
DETAILS

ഗുജറാത്ത്: അഭയമില്ലാതെഅലയുന്ന നീതി

  
backup
April 21 2023 | 22:04 PM

gujarat-justice-wandering-without-shelter

Gujarat: Justice wandering without shelter

 

നരോദാഗാം കൂട്ടക്കൊലയിലെ പ്രതികൾ, മുൻ മന്ത്രി മായാ കോട്‌നാനിയും ബജ്‌റംഗ് ദൾ നേതാവ് ബാബു ബജ്‌റംഗിയും അടക്കമുള്ളവരെ 21 കൊല്ലത്തിനുശേഷം കോടതി വെറുതെ വിട്ടിരിക്കുന്നു. കൈയിൽ വാളും ആയുധങ്ങളുമായി ആക്രോശിച്ചെത്തി മുസ് ലിംകളുടെ വീടുകളും സ്ഥാപനങ്ങളും ചുട്ടെരിച്ച്, അവരുടെ കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്ത്, നിരപരാധികളായ 11 പേരെ ചുട്ടുകൊന്ന് മൃഗീയ താണ്ഡവം നടത്തിയ ഇവരാരും ഇപ്പോൾ നിയമത്തിന് മുന്നിലില്ല. നരോദാഗാം, നരോദാപാട്യ, ഗുൽബർഗ് സൊസൈറ്റി, ബെസ്റ്റ് ബേക്കറി, ബൽക്കീസ് ബാനു തുടങ്ങി ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കേസുകൾ അനവധിയുണ്ട്. 97 പേർ ക്രൂരമായി കൊലചെയ്യപ്പെട്ട നരോദാപാട്യാ കൂട്ടക്കൊലയിലെ പ്രതികളും ഇന്ന് സ്വതന്ത്രരാണ്. നരോദാപാട്യ കേസിലും മായ കോട്‌നാനിയെ 28 വർഷം തടവിന് വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി വെറുതെ വിട്ടു.


ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലയിലെ വിശാല ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ബെസ്റ്റ് ബേക്കറി കേസ് സാക്ഷികളെ കൂറുമാറ്റിയും മറ്റും അട്ടിമറിച്ചു. സി.ബി.ഐ പ്രത്യേക താൽപര്യമെടുത്ത് അന്വേഷിച്ച ബൽക്കീസ് ബാനു കേസിൽ തുടക്കത്തിൽ നീതി ലഭ്യമായെങ്കിലും പിന്നീട് കുറ്റവാളികൾക്ക് ജയിൽ മോചനം നൽകി അതും അട്ടിമറിച്ചു. ഗുജറാത്ത് സംഭവവുമായി ഇപ്പോൾ ജയിലിൽ ബാക്കിയുള്ളത് ഗോധ്രയിൽ തീവണ്ടിക്ക് തീവച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഏതാനും മുസ്‌ലിംകൾ മാത്രമാണ്. തീവണ്ടിക്ക് കല്ലെറിഞ്ഞുവെന്ന ആരോപണം മാത്രമുള്ളവരാണ് 21 വർഷത്തോളമായി ജയിലിൽ കഴിയുന്നത്. 2000ത്തിലധികം മുസ്‌ലിംകളെ കൊലപ്പെടുത്തിയവർ ഇപ്പോൾ നിയമത്തിന്റെ പരിധിക്ക് പുറത്താണ്. 57 കർസേവകർ കൊല്ലപ്പെട്ട ദുരൂഹ സംഭവത്തിലെ പ്രതികൾ മാത്രം ജയിലിൽ കഴിയുന്നു. എന്താണ് ഇത് രാജ്യത്തെ ജനങ്ങൾക്ക് നൽകുന്ന സന്ദേശം!


വംശഹത്യാക്കാലത്ത് വാഹനത്തിൽ മൈക്ക് കെട്ടി മുസ്‌ലിംകളെ കൊല്ലാൻ ആഹ്വാനം ചെയ്യുന്ന കോട്‌നാനിയുടെ ചിത്രം ഇപ്പോഴും ഗുജറാത്തികളുടെ മനസിലുണ്ട്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളിലൊന്നും തുടക്കത്തിൽ ശരിയായ വിചാരണ നടന്നിരുന്നില്ല. ബൽക്കീസ് ബാനു അടക്കമുള്ള കേസുകളിൽ പൊലിസ് എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തിരുന്നില്ല. പിന്നീട് സിവിൽ സമൂഹത്തിന്റെയും സുപ്രിംകോടതിയുടെയും നിരന്തര ഇടപെടലുകളിലാണ് കേസന്വേഷണവും വിചാരണയും സാധ്യമായത്. ഇതിൽ ടീസ്റ്റ സെതൽവാദ്, ആർ.ബി ശ്രീകുമാർ എന്നിവരുടെ പങ്ക് വലുതാണ്. അതിന്റെ പേരിൽ അവരും ജയിലിലടക്കപ്പെട്ടു. നീതി തേടിയതിന് കോടതി ഉത്തരവിന്റെ ബലത്തിൽ ഭരണകൂടത്തിന്റെ പ്രതികാരത്തിനിരയായ ആദ്യ സംഭവവും ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ടാണ്.


കുറ്റവാളികൾ അറസ്റ്റിലായിട്ടും വിചാരണ നടന്നിട്ടും ഒരു സംസ്ഥാനത്തിന്റെ ഭരണസംവിധാനം പൂർണമായും പങ്കാളിയായ കേസിൽ പഴുതുകൾ പിന്നെയും ബാക്കിയുണ്ടായിരുന്നു. അത്തരം പഴുതിന്റെ ബലത്തിലാണ് നരോദാഗാമിലെ കൊലയാളികളും ഇപ്പോൾ രക്ഷപ്പെടുന്നത്. ഗുജറാത്ത് വംശഹത്യയിലെ ഏറ്റവും ഭീകരമായ സംഭവമായിരുന്നു നരോദാപാട്യയിലും നരോദാഗാമിലും നടന്നത്. സുപ്രിംകോടതിയുടെ മേൽനോട്ടത്തിൽ നടന്ന ഒരേയൊരു വിചാരണയും ഇതായിരുന്നു. എന്നിട്ടും കേസ് വർഷങ്ങളോളം നീണ്ടുപോയി. ഇന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 2017ൽ ബി.ജെ.പി അധ്യക്ഷനായിരിക്കെ മായാ കോട്‌നാനിക്കുവേണ്ടി സാക്ഷി പറയാനുമെത്തിയിരുന്നു. 2010 ൽ വിചാരണ തുടങ്ങിയെങ്കിലും ആറു ജഡ്ജിമാർ മാറിമാറി വന്നത് നടപടികൾ വൈകിച്ചു.


പത്രപ്രവർത്തകൻ ആഷിഷ് ഖേതന്റെ ഒളികാമറ റിപ്പോർട്ടുകളും കോട്‌നാനിയുടെ ഫോൺ സംഭാഷണങ്ങളും തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കിയെങ്കിലും കോടതി പരിഗണിച്ചില്ല. വിചാരണക്കാലയളവിനിടെ പലരും മരിച്ചുപോയെങ്കിലും ബാക്കിയായ 68 പ്രതികളെയാണ് അഹമ്മദാബാദ് പ്രത്യേക കോടതി വെറുതെ വിട്ടിരിക്കുന്നത്. ഗുജറാത്ത് വംശഹത്യയ്ക്കിടെയുണ്ടായ അക്രമത്തെക്കുറിച്ച് ശരിയായ അന്വേഷണം ആവശ്യപ്പെട്ടുള്ള പത്ത് ഹരജികൾ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. ഇരകൾക്ക് നീതി ലഭ്യമാക്കാനുള്ള അവസാന ശ്രമമായിരുന്നു അത്. ഇതെല്ലാം കഴിഞ്ഞ വർഷം ഒാഗസ്റ്റിൽ സുപ്രിംകോടതി തീർപ്പാക്കി. കേസുകൾ ഗുജറാത്ത് പൊലിസിൽ നിന്ന് സി.ബി.ഐയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ സമർപ്പിച്ച ട്രാൻസ്ഫർ പെറ്റീഷനുകൾ, കലാപബാധിതർ നൽകിയ പ്രത്യേക ലീവ് പെറ്റീഷനുകൾ, ടീസ്റ്റ സെതൽവാദിന്റെ സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് എന്ന സന്നദ്ധ സംഘടന സമർപ്പിച്ച ഹരജികൾ തുടങ്ങിയവായിരുന്നു അവ.


കേസുകൾ അന്വേഷിക്കാൻ കോടതി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ഒമ്പത് കേസുകളിൽ ഒന്നൊഴികെ മറ്റെല്ലായിടത്തും അന്വേഷണവും പ്രോസിക്യൂഷനും പൂർത്തിയാവുകയും ചെയ്തതിനാൽ അനാവശ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി ഈ കേസുകൾ തീർപ്പാക്കിയത്. രാജ്യത്തെ ഏറ്റവും ശക്തരായ ആളുകൾ നേതൃത്വം നൽകിയ കൂട്ടക്കൊലയാണ് ഗുജറാത്തിലേത്. ഗുജറാത്തിലെ ഇരകൾക്ക് മാത്രമല്ല, രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം വീണ്ടെടുക്കാൻ ഇനിയെങ്കിലും ജുഡീഷ്യൽ സംവിധാനം ഇടപെടണം. വൈകിയ വേളയിലെങ്കിലും ഈ കേസുകളിലെല്ലാം പുനരന്വേഷണം പ്രഖ്യാപിക്കുകയും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുകയും വേണം. അല്ലെങ്കിൽ ഇവിടെയിരുന്ന് നീതിയെക്കുറിച്ച് സംസാരിക്കാൻ നമുക്ക് കഴിയില്ല.

Gujarat: Justice wandering without shelter

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago