നീറ്റ് പി.ജി കേസ്; വിദ്യാർഥികളുടെ ഭാവി വച്ച് പന്താടരുത്
കെ.എ സലിം
ന്യൂഡൽഹി
നീറ്റ് പി.ജി അഖിലേന്ത്യാ ക്വാട്ടയിൽ ബാക്കിയുള്ള സീറ്റുകളിൽ വിദ്യാർഥികൾക്ക് പ്രവേശനം നൽകാത്ത മെഡിക്കൽ കൗൺസലിങ് കമ്മിറ്റിക്ക് സുപ്രിംകോടതിയുടെ രൂക്ഷവിമർശനം.
ഒരു സീറ്റു പോലും ബാക്കിവയ്ക്കാതെ എല്ലാ സീറ്റുകളിലും പ്രവേശനം നടത്തണമെന്ന് ഉത്തരവിട്ട കോടതി വിദ്യാർഥികളുടെ ഭാവിവച്ചാണ് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി കളിക്കുന്നതെന്നും കുറ്റപ്പെടുത്തി.
നീറ്റ് പി.ജി അഖിലേന്ത്യാ ക്വാട്ടയിൽ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലേക്ക് കൗൺസലിങ് നടത്താൻ ഉത്തരവിടണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ എം.ആർ ഷാ, അനിരുദ്ധബോസ് എന്നിവരടങ്ങിയ ബെഞ്ച്.
മെയ് മുതൽ 1456 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന് ബെഞ്ച് വിലയിരുത്തി. മെയിൽ തന്നെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നിട്ടും വിദ്യാർഥികൾക്ക് പ്രവേശനം നൽകാൻ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് കോടതി ചോദിച്ചു.
രാജ്യത്ത് ഡോക്ടർമാരുടെയും സ്‌പെഷലിസ്റ്റുകളുടെയും ആവശ്യമുണ്ടായിട്ടും എന്തിനാണ് ഇത്രയും സീറ്റുകൾ ഒഴിച്ചിട്ടത്.
എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ കാര്യക്ഷമത കാട്ടാത്തത്. നിങ്ങൾ വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നില്ലെങ്കിൽ ഞങ്ങൾ നഷ്ടപരിഹാരത്തിന് ഉത്തരവിടും. നിങ്ങൾ ആയിരത്തിലധികം വിദ്യാർഥികളുടെ അവകാശം കവർന്നിരിക്കുകയാണ്. വിദ്യാഭ്യാസ പ്രവേശനത്തിൽ സമ്മർദ്ദം കുറയ്ക്കുകയാണ് വേണ്ടത്. വിദ്യാർഥികളും രക്ഷിതാക്കളും അനുഭവിക്കുന്ന മാനസിക സമ്മർദം നിങ്ങൾക്കറിയാമോയെന്നും മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയോട് കോടതി ചോദിച്ചു.
സീറ്റുകൾ ഇങ്ങനെ കൂട്ടുന്നത് അഴിമതിക്കുള്ള സാധ്യതയുണ്ടാക്കുമെന്നും കോടതി പറഞ്ഞു.
ഇന്നലെ കേസ് പരിഗണിക്കവെ മെഡിക്കൽ കൗൺസലിങ് കമ്മിറ്റിക്ക് വേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ ഹാജരായിരുന്നില്ല.
വിദ്യാർഥികളുടെ അവകാശവുമായി ബന്ധപ്പെട്ട ഗൗരവമുള്ള വിഷയത്തിൽ അഡിഷണൽ സോളിസിറ്റർ ജനറൽ ഹാജരാകാതിരുന്നത് ശരിയായില്ലെന്നു കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."