ബൈ ബൈ ലേഡി സച്ചിൻ
ന്യൂഡൽഹി
നന്ദി, ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചതിന്, ഇന്ത്യൻ വനിതാ ടീമിനെ രണ്ട് ലോകകപ്പ് ഫൈനലിൽ എത്തിച്ചതിന്... ക്രിക്കറ്റ് മൈതാനത്തുനിന്ന് പാഡഴിക്കുന്ന ലേഡി സച്ചിനെന്ന വിളിപ്പേരുള്ള മിതാലി രാജിനോട് ഇന്ത്യൻ ആരാധകർക്ക് പറയാനുള്ളതിങ്ങനെ. മിതാലി വിരമിക്കുന്നതോടെ 23 വർഷം നീണ്ട വ്യക്തിഗത രാജ്യാന്തര കരിയറിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. ട്വിറ്ററിൽ പങ്കുവച്ച വികാരനിർഭരമായ കുറിപ്പിലൂടെയായായിരുന്നു വിരമിക്കൽ പ്രഖ്യാപനം.
ബാറ്റിങ്ങിൽ ഒട്ടുമിക്ക റെക്കോഡുകളും സ്വന്തം പേരിനോടൊപ്പം ചേർത്താണ് മിതാലി ക്രിക്കറ്റിനോട് ഗുഡ് ബൈ പറയുന്നത്. വനിതാ ക്രിക്കറ്റിൽ റൺസ്‌കോറർമാരിൽ ഒന്നാം സ്ഥാനത്തുള്ള (10,868 റൺസ്) മിതാലിയെ ഏകദിനത്തിലും വെല്ലാൻ ഇതുവരെ മറ്റാരുമുണ്ടായിരുന്നില്ല. ഇന്ത്യൻ ക്രിക്കറ്റിൽ ലിംഗസമത്വത്തിനു വേണ്ടി വാദിച്ച പ്രധാനികളിൽ മുമ്പിലായിരുന്നു മിതാലി. ഇത് അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു.
ഇന്ത്യൻ വനിതാ ക്രിക്കറ്റിന് നേട്ടമൊന്നും പറയാനില്ലാത്ത കാലത്ത് 16കാരിയായി വന്ന് ടീമിനെ ലോക നെറുകയിൽ എത്തിച്ച പ്രതിഭ. വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ രണ്ടുതവണ ഫൈനലിൽ കടന്നപ്പോഴും മിതാലിയായിരുന്നു ക്യാപ്റ്റൻ. 2005, 2017 വർഷങ്ങളിലായിരുന്നു ഫൈനലിസ്റ്റ് നേട്ടങ്ങൾ. ഇന്ത്യയെ ആറ് ലോകകപ്പുകളിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. 'പിന്നിട്ട വർഷങ്ങളിൽ എനിക്കു നൽകിയ സ്‌നേഹത്തിനും പിന്തുണയ്ക്കും അങ്ങേയറ്റം നന്ദി. നിങ്ങളുടെയെല്ലാം അനുഗ്രഹത്തോടും ആശിർവാദത്തോടും കൂടി ജീവിതത്തിലെ രണ്ടാം ഇന്നിങ്‌സ് തുടങ്ങാൻ ആഗ്രഹിക്കുന്നു' എന്ന ട്വീറ്റിനൊപ്പമാണ് മിതാലി വിടവാങ്ങൽ കുറിപ്പ് പങ്കുവച്ചത്. 1999 ജൂണിൽ ഏകദിനത്തിലൂടെയായിരുന്നു രാജ്യാന്തര അരങ്ങേറ്റം. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവസാന രാജ്യാന്തര മത്സരവും കളിച്ചു. അവസാന ലോകകപ്പിൽ ഇന്ത്യക്ക് പ്ലേ ഓഫിൽ എത്താൻ കഴിഞ്ഞില്ലെങ്കിലും മികച്ച പ്രകടനവുമായി മിതാലി മടങ്ങി. മാർച്ചിൽ നടന്ന അന്നത്തെ അവസാന രാജ്യാന്തര മത്സരത്തിൽ 84 പന്തിൽ 68 റൺസെടുത്തപ്പോഴും തന്നിലെ ക്ലാസിക് മികവിന് കോട്ടം തട്ടിയിരുന്നില്ല.
പ്രതിഭാസമ്പന്നരായ ഒരു പറ്റം യുവതാരങ്ങളുടെ കയ്യിൽ ഇന്ത്യൻ ടീം ഇപ്പോൾ സുരക്ഷിതമാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഏറെ ശോഭനീയമാണ്. ബി.സി.സി.ഐയോടും സെക്രട്ടറി ജയ് ഷായോടും ആദ്യം താരം എന്ന നിലയിലും പിന്നീട് ക്യാപ്റ്റൻ എന്ന നിലയിലും നൽകിയ പിന്തുണയുടെ പേരിൽ നന്ദി അറിയിക്കുകയാണെന്നും മിതാലി ട്വിറ്ററിൽ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."