ഈ വികസനം ആര്‍ക്കുവേണ്ടി?
? ദ്വീപിലെ ഇപ്പോഴത്തെ സാഹചര്യങ്ങളെ എങ്ങനെ വിലയിരുത്തുന്നു
ലക്ഷദ്വീപിന്റെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രീതികളും നടപടികളുമാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ദിനേശ്വര്‍ ശര്‍മ ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് രൂപം നല്‍കിയ കൊവിഡ് എസ്.ഒ.പി (സ്റ്റാന്‍ഡേഡ് ഓപറേഷന്‍ പോളിസി) മാറ്റിമറിച്ചുകൊണ്ടായിരുന്നു വികലമായ പരിഷ്‌കാരങ്ങള്‍ക്ക് അദ്ദേഹം തുടക്കമിട്ടത്. കൊവിഡ് വിഷയത്തില്‍, കൊച്ചിയിലും തുടര്‍ന്ന് ദ്വീപിലും ക്വാറന്റൈനില്‍ ഇരുത്തിയ ശേഷമാണ് ഓരോരുത്തര്‍ക്കും ദ്വീപിലേക്ക് പ്രവേശനം നല്‍കിയിരുന്നത്. എന്നാല്‍ പ്രഫുല്‍ കെ. പട്ടേല്‍ ഈ നയം മാറ്റി, 48 മണിക്കൂറിനുള്ളില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള ആര്‍ക്കും ദ്വീപിലേക്ക് ക്വാറന്റൈന്‍ ഇല്ലാതെ കടന്നുവരാമെന്ന ഭേദഗതി കൊണ്ടുവന്നു. ജനപ്രതിനിധികളുടെയും ആരോഗ്യരംഗത്തെ വിദഗ്ധരുടെയും അഭിപ്രായങ്ങളെ അവഗണിച്ചു. അതോടെ കൊവിഡ് പ്രതിരോധ സംവിധാനങ്ങള്‍ പാളി. ഒരുവര്‍ഷമായി ഗ്രീന്‍ സോണില്‍ നിലകൊണ്ടിരുന്ന ലക്ഷദ്വീപ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണിലായി. കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം 65,000ത്തോളം വരുന്ന ജനസംഖ്യയില്‍ 8,479 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 35 പേര്‍ മരിച്ചു. ആദ്യ കൊവിഡ് കേസ് പോലും കവരത്തിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എസ്.ഒ.പി പരിഷ്‌കരിച്ചതിനു ശേഷമായിരിന്നു. ജനപ്രതിനിധികളുള്‍പ്പെടെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെപ്പോലും വകവയ്ക്കാതെ സ്ത്രീകളെയടക്കം പ്രതിഷേധിച്ചവരെ മുഴുവന്‍ തടവിലാക്കുകയും അവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്താണ് പുതിയ എസ്.ഒ.പി ദ്വീപില്‍ നടപ്പാക്കിയത്. ദ്വീപിനെയും ദ്വീപ് ജനങ്ങളെയും മനസിലാക്കാതെ മറ്റാര്‍ക്കോ വേണ്ടിയുള്ള ഹിഡന്‍ അജന്‍ഡകളാണ് ഇവിടെ നടപ്പാക്കുന്നത്. ഓരോ ദിവസവും ഇറങ്ങുന്ന ഉത്തരവുകളും പരിഷ്‌കാരങ്ങളും ജനങ്ങളെ അസ്വസ്ഥമാക്കുകയാണ്. ഞങ്ങള്‍ക്കു മുന്നില്‍ പ്രതിഷേധിക്കാതെ മറ്റു മാര്‍ഗമില്ല.
? വികസനമാണ് അജന്‍ഡയെന്നാണല്ലോ പ്രഫുല്‍ പട്ടേലിന്റെ വാദം.
പരിഷ്‌കാരങ്ങള്‍ ഇത്രമേല്‍ ചര്‍ച്ചയായിട്ടും അദ്ദേഹം ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. സുപ്രഭാതം ഉള്‍പ്പെടെ കേരളത്തിലെ വാര്‍ത്താമാധ്യമങ്ങളും ദേശീയ നേതാക്കളും കേരള നിയമസഭ ഒന്നടങ്കം ചര്‍ച്ചചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തിട്ടും പ്രഫുല്‍ പട്ടേല്‍ മൗനം പാലിക്കുകയാണ്. ഞാന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ നല്‍കിയ കത്തുകളോട് അദ്ദേഹം പ്രതികരിച്ചില്ല. മാധ്യമങ്ങള്‍ ദ്വീപിന്റെ അവസ്ഥ പുറംലോകത്തെത്തിക്കാന്‍ തുടങ്ങിയതോടെ ജില്ലാ കലക്ടര്‍ അസ്ഗര്‍ അലിയെ ഉപയോഗിച്ച് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്. കോര്‍പറേറ്റ് താല്‍പര്യങ്ങളും സംഘ്പരിവാര്‍ അജന്‍ഡയും വളരെ തന്ത്രപരമായി നടപ്പാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്.
? മാലിദ്വീപ് പോലെ മൂന്ന് വര്‍ഷത്തിനുള്ളില്‍ വികസനം എന്ന വാദത്തെ കുറിച്ച്...
ലക്ഷദ്വീപിനെക്കുറിച്ച് പഠിക്കാതെയുള്ള മേനിപറച്ചില്‍ മാത്രമായിട്ടേ അദ്ദേഹത്തിന്റെ പ്രസ്താവനയെ കാണാന്‍ കഴിയൂ. മാലിദ്വീപ് വലിയൊരു ദ്വീപ് സമുച്ചയമാണ്. ലക്ഷദ്വീപിനു പരിമിതമായ സൗകര്യം മാത്രമാണുള്ളത്. വികസനം വേണമെന്നത് എല്ലാ ദ്വീപ്നിവാസികളുടെയും ആഗ്രഹമാണ്. പക്ഷേ, അതിന്റെ പരിമിതി മനസിലാക്കണം.
സ്ഫടികസമാനമായ കടലും ലഗൂണുകളാലും വലയം ചെയ്യപ്പെട്ട സവിശേഷമായ 36 ദ്വീപുസമൂഹങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ലക്ഷദ്വീപ്. കേവലം 32 സ്‌ക്വയര്‍ കിലോമീറ്ററാണ് ഭൂവിസ്തൃതി. ഇവയില്‍ ജനവാസമുള്ള ദ്വീപുകള്‍ പത്തെണ്ണം മാത്രം. ഓരോ ദ്വീപുകളും പ്രത്യേകമായി മറ്റു ദ്വീപുകളില്‍നിന്ന് ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടുകിടക്കുന്നു. പരിസ്ഥിതിയും സംസ്‌കാരവും ജനങ്ങളെയും സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് ഇവിടെ ആവശ്യം. അഗത്തിയില്‍ വിമാനത്താവള വികസനത്തിന് നാട്ടുകാര്‍ സ്ഥലം വിട്ടുനല്‍കാനുള്ള സമ്മതപത്രം നല്‍കിയിരുന്നു. അതായത്, ആരും വികസനത്തിന് എതിരല്ല.
? ദ്വീപിലെ ജീവിതപരിസരവും പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങളും എങ്ങനെ വിലയിരുത്തുന്നു
ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കാവുന്ന പ്രദേശമാണ് ലക്ഷദ്വീപ്. മുന്‍കാലങ്ങളില്‍ വലിയൊരു വിഭാഗം കേരളക്കരയില്‍നിന്നും കുറച്ചുപേര്‍ ഉത്തരേന്ത്യയില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരായി ദ്വീപുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 99 ശതമാനത്തില്‍ അധികം മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിട്ടുകൂടി ദ്വീപില്‍ ഇതരമതസ്ഥര്‍ക്ക് ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ ആവശ്യമായ സഹായങ്ങളും സൗകര്യങ്ങളും നല്‍കിയ ഉദാത്തമായ സംസ്‌കാരിക പൈതൃകം ലക്ഷദ്വീപിനുണ്ട്.
അമ്പലങ്ങളും ക്രിസ്ത്യന്‍ മതവിഭാഗത്തിനായി പള്ളിയും ഉണ്ട്. മതാഘോഷങ്ങളില്‍ പരസ്പരം പങ്കുചേര്‍ന്ന് സഹകരിക്കുകയും ആതിഥേയ മര്യാദ സംസ്‌കാരത്തിന്റെ ഭാഗമായി സൂക്ഷിക്കുകയും ചെയ്യുന്ന രാജ്യത്തെ ഏറ്റവും ഉത്കൃഷ്ഠമായ കേന്ദ്രഭരണപ്രദേശം കൂടിയാണ് ദ്വീപ്. ഈ സംസ്‌കാരത്തെയും ജനാധിപത്യ ബോധത്തെയും മാനിക്കാത്ത പരിഷ്‌കാരങ്ങളാണ് അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്നത്.
? പഞ്ചായത്തുതല പരിഷ്‌കാരങ്ങളെക്കുറിച്ച് പറയുമ്പോള്‍...
1997ല്‍ നിലവില്‍വന്ന പഞ്ചായത്ത് സംവിധാനത്തില്‍ ചില ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഏതാനും സ്‌കീമുകള്‍ മാത്രം പഞ്ചായത്തുകളിലൂടെ നടത്തിവന്നിരുന്നു. തുടര്‍ന്ന് 2012ല്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശപ്രകാരം കൃഷി, മത്സ്യബന്ധനം, വിദ്യാഭ്യാസം, മൃഗസംരക്ഷണം, പൊതുജനാരോഗ്യം തുടങ്ങി സുപ്രധാനങ്ങളായ അഞ്ച് ഡിപ്പാര്‍ട്ട്‌മെന്റുകളുടെ മുഴുവന്‍ പദ്ധതികളും അവയുടെ നടത്തിപ്പും അതിനാവശ്യമായ ഉദ്യോഗസ്ഥരെയും അവ നടപ്പില്‍ വരുത്താന്‍ വകയിരുത്തിയ മുഴുവന്‍ ഫണ്ടും മേല്‍ പ്രസ്താവിച്ച ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഉദ്യോഗസ്ഥരുടെ ട്രാന്‍സ്ഫര്‍ പോസ്റ്റിങ്ങും മൈനര്‍ ഡിസിപ്ലിനറി പ്രൊസീഡിങ്‌സും പെനാള്‍ട്ടിയും ഉള്‍പ്പെടെയുള്ള അധികാരങ്ങള്‍ ലക്ഷദ്വീപ് പഞ്ചായത്ത് റഗുലേഷന്‍ 94 ചട്ടങ്ങള്‍ക്കും മറ്റു മാര്‍ഗരേഖകളുടെയും അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്തിനു കൈമാറ്റം ചെയ്യപ്പെട്ടു.
ഏറെ സന്തോഷത്തോടെയാണ് ജനങ്ങളും രാഷ്ട്രീയപാര്‍ട്ടികളും കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തത്. തുടര്‍ന്ന് വളരെ മികച്ച രീതിയില്‍ തന്നെയാണ് ജനപ്രതിനിധികള്‍ ഈ സംവിധാനം കൈകാര്യം ചെയ്തുവന്നത്. അതുകൊണ്ടുതന്നെ ഭരണകൂടമെടുക്കുന്ന ഏതു സുപ്രധാന തീരുമാനങ്ങള്‍ക്കും മുന്നോടിയായി ജില്ലാ പഞ്ചായത്ത് അധ്യക്ഷനായ പി.സി.സിയുടെയും ലക്ഷദ്വീപ് എം.പിയുടെയും ഒപ്പം തെരഞ്ഞെടുക്കപ്പെട്ട വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയര്‍പേഴ്‌സന്‍മാരുടെയും അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് മാത്രമേ ഭരണകൂടത്തിലെ നയപരമായ തീരുമാനങ്ങള്‍ കൈകൊണ്ടിരുന്നുള്ളൂ. എന്നാല്‍, അഡ്മിനിസ്‌ട്രേറ്റര്‍ പട്ടേല്‍ പഞ്ചായത്തിന്റെ ഈ അധികാരങ്ങള്‍ ഉത്തരവിലൂടെ തിരിച്ചെടുത്തു. പഞ്ചായത്ത് റഗുലേഷന്‍ 94ലെ നിയമമനുസരിച്ച് ജില്ലാ പഞ്ചായത്തിനു നല്‍കിയ അധികാരങ്ങളില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനു കൈ കടത്താനോ, അധികാരങ്ങള്‍ വെട്ടിക്കുറക്കാനോ പാടില്ലെന്നിരിക്കെ ലക്ഷദ്വീപ് പഞ്ചായത്ത് റഗുലേഷന്‍ 94ല്‍ പരാമര്‍ശിച്ച വകുപ്പുകള്‍ക്കെതിരായും മാര്‍ഗരേഖകള്‍ മാനിക്കാതെയും ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങള്‍ നിറുത്തലാക്കിയത് അഡ്മിനിസ്‌ട്രേറ്ററുടെ ഏകപക്ഷീയ തീരുമാനവും ചട്ടലംഘനവുമാണ്. ജില്ലാ പഞ്ചായത്തോ, വില്ലേജ് ദ്വീപ് പഞ്ചായത്തുകളോ അവര്‍ക്കു നല്‍കിയ അധികാരം ദുര്‍വിനിയോഗം ചെയ്യുകയോ നടത്തിപ്പിലോ ഭരണരംഗത്തോ ഗുരുതരവീഴ്ചകള്‍ വരുത്തുകയോ ചട്ടലംഘനം നടത്തുകയോ ചെയ്താല്‍ മാത്രമേ ദ്വീപ് പഞ്ചായത്ത് റഗുലേഷന്‍ 94ലെ 65, 66 ചട്ടങ്ങള്‍ക്കു വിധേയമായി ആവശ്യമെങ്കില്‍ ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങള്‍ പുനപ്പരിശോധിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അധികാരമുള്ളൂ.
എന്നാല്‍, ഒരു ചട്ടലംഘനവും നടത്താതെ ഭംഗിയായി ഭരണനിര്‍വഹണം നടത്തിവന്ന ജില്ലാ പഞ്ചായത്തിന്റെ അധികാരം എടുത്തുമാറ്റിയത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയും ജനപ്രതിനിധികളെ അപമാനിക്കലുമാണ്.
? ഗുണ്ടാ ആക്ട് നിയമം ആഭ്യന്തര സുരക്ഷയ്ക്കാണെന്ന വാദമാണല്ലോ അഡ്മിനിസ്‌ട്രേറ്റര്‍ ഉയര്‍ത്തുന്നത്
ആഭ്യന്തര സുരക്ഷയ്ക്ക് ആവശ്യമായ നിയമങ്ങളും സംവിധാനങ്ങളും നിലവില്‍ ദ്വീപില്‍ ഉണ്ടായിരിക്കെ കുറ്റകൃത്രങ്ങള്‍ കുറഞ്ഞ ഇവിടെ എന്തിനാണ് കരിനിയമം കൊണ്ടുവരുന്നത്. വീട് പൂട്ടി പുറത്തുപോകുന്നതു പോലെ ഒരു കരുതലായി കണ്ടാല്‍ മതിയന്ന അദ്ദേഹത്തിന്റെ വാദം ബാലിശമാണ്. നിയമലംഘനം കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് എഴുതിച്ചേര്‍ക്കുന്നതു തന്നെ അനീതിയല്ലേ. താന്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ജനദ്രോഹ നിയമനിര്‍മാണങ്ങള്‍ക്കെതിരേ സ്വാഭാവികമായും ജനങ്ങളില്‍ നിന്നും ജനാധിപത്യ പ്രസ്ഥാനങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നേക്കാവുന്ന പ്രതിഷേധങ്ങളെ പൂര്‍ണമായും അടിച്ചമര്‍ത്താനും പുറംലോകം അറിയാതിരിക്കാനും ജനങ്ങളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുമായി മെനഞ്ഞെടുത്തതാണ് പ്രിവന്‍ഷന്‍ ഓഫ് ആന്റിസോഷ്യല്‍ ആക്ടിവിറ്റീസ് ആക്ട് അഥവാ (ഗുണ്ടാ ആക്ട്). ഈ നിയമം ലക്ഷദ്വീപ് ഭരണകൂടത്തിന് അനഭിമതരായവരെ ആറുമാസം വരെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇക്കാലയളവില്‍ ഇവര്‍ക്ക് ജുഡിഷ്യറിയുടെ പരിരക്ഷയ്ക്കുപോലും അപേക്ഷ സമര്‍പ്പിക്കാന്‍ അവകാശമുണ്ടായിരിക്കില്ല.
നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കില്‍ സീറൊ ക്രൈം റൈറ്റുള്ള ലക്ഷദ്വീപ് പോലുള്ള പ്രദേശത്ത് എന്തിനു വേണ്ടിയാണ് ഈ നിയമം? സാധാരണ നിയമങ്ങള്‍ ഉപയോഗിച്ച് പൊലിസിനെക്കൊണ്ട് നിയന്ത്രിക്കാന്‍ സാധിക്കാത്തവിധം കുറ്റകൃത്യങ്ങള്‍ അനിയന്ത്രിതമായി വര്‍ധിക്കുന്ന മെട്രൊപോളിറ്റന്‍ നഗരങ്ങളിലും അതുപോലുള്ള മറ്റു പ്രദേശങ്ങളിലും മാത്രം നടപ്പാക്കിവരുന്ന ഈ നിയമം ജസ്റ്റിസ് കൃഷ്ണയ്യരെപ്പോലും അതിശയിപ്പിച്ച സമാധാനപ്രിയര്‍ അധിവസിക്കുന്ന ഒരു ഭൂപ്രദേശത്ത് സംവിധാനിക്കാന്‍ എന്തിനാണ് വാശിപിടിക്കുന്നത്?.
? മറ്റു നിയമങ്ങളെ എങ്ങനെയാണ് കാണുന്നത്
നിയമങ്ങളെല്ലാം തികച്ചും ദുഷ്ടലാക്കോടെയാണെന്ന് മനസിലാക്കാന്‍ അസാമാന്യ ബുദ്ധിവൈഭവം വേണമെന്നില്ല. ഭയാശങ്കകളോടെ നോക്കിക്കാണേണ്ട ഒട്ടേറെ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചും ദ്വീപ് ജനതയുടെ ഭൂസ്വത്ത് ഉള്‍പ്പെടെയുള്ള എല്ലാ സ്വകാര്യസമ്പത്തുകളും ഡെവലപ്‌മെന്റ് അതോറിറ്റിക്ക് കീഴില്‍ കൊണ്ടുവരികയും സ്വകാര്യസ്വത്തില്‍ പോലും ദ്വീപ് ജനതയ്ക്കുള്ള അവകാശവും സ്വാതന്ത്ര്യം എടുത്തുമാറ്റപ്പെടുകയും ചെയ്യുന്ന ഞെട്ടിപ്പിക്കുന്ന വ്യവസ്ഥകളാണ് ഏകദേശം 183 പേജ് വരുന്ന കരട് നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രാജ്യത്ത് ഒരു സംസ്ഥാനത്തും ഇതുവരെ നടപ്പാക്കാത്ത മറ്റൊരു പരീക്ഷണം കൂടിയാണ് ലക്ഷദ്വീപില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന അനിമല്‍ പ്രിസര്‍വേഷന്‍ ആക്ട്. ഈ നിയമം നിലവില്‍ വന്നാല്‍ ദ്വീപിലേക്ക് പശു, പോത്ത്, കാള, എരുമ തുടങ്ങി ഒരു മൃഗത്തെയും കൊണ്ടുവരാനോ, അവയെ ഭക്ഷ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനോ പറ്റില്ല. മാംസം സൂക്ഷിക്കുന്നതു പോലും വലിയ അപരാധവും കുറ്റകൃത്യവുമായി ഗണിക്കപ്പെടുകയും പത്തു വര്‍ഷം വരെ തടവു ലഭിക്കാവുന്നതും അഞ്ച് ലക്ഷം രൂപ പിഴയും ചുമത്തപ്പെടുന്ന വന്‍ കുറ്റകൃത്യവുമായിത്തീരും.
? പരിഷ്‌കാരങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെക്കുറിച്ച്...
ദ്വീപിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തുവന്നതും ഞങ്ങളെ പിന്തുണയ്ക്കാന്‍ കേരളം ഒരേ മനസോടെ നിലകൊള്ളുന്നതും പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുന്നുണ്ട്. ജനവിരുദ്ധ നിയമങ്ങള്‍ തിരുത്താന്‍ ജനാധിപത്യപരമായും സമാധാനപരമായും ഞങ്ങള്‍ സമരരംഗത്തുണ്ടാകും. കേരളത്തിലെ ജനങ്ങളും മാധ്യമങ്ങളും നല്‍കുന്ന പിന്തുണ ഈ പോരാട്ടം വിജയം കാണുന്നതുവരെ ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."