HOME
DETAILS
MAL
കൊവിഡില്‍ ചെരുപ്പ് വ്യാപാര മേഖലയ്ക്ക് നഷ്ടം കോടികള്‍
backup
June 06 2021 | 18:06 PM
ടി. മുംതാസ്
കോഴിക്കോട്: കൊവിഡ് വ്യാപനത്തിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലും ചെരുപ്പ് നിര്‍മാണ-വ്യാപാര മേഖലയ്ക്ക് നഷ്ടമായത് കോടികള്‍. കടകള്‍ അടഞ്ഞുകിടന്നതോടെ 2,500 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കേരള റീട്ടെയില്‍ ഫൂട്ട്‌വെയര്‍ അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ. ഹരികൃഷ്ണന്‍ പറഞ്ഞു.
രണ്ടാം ലോക്ക്ഡൗണില്‍ കഴിഞ്ഞയാഴ്ച മൂന്നുദിവസം മാത്രമാണ് ചെരുപ്പു കടകള്‍ക്ക് തുറക്കാനായത്. ഒരു മാസത്തോളം അടഞ്ഞുകിടന്ന ഷോപ്പുകള്‍ തുറന്നപ്പോള്‍ ചെരുപ്പുകളില്‍ ഭൂരിഭാഗവും പൂപ്പല്‍ പിടിച്ചു നശിച്ചിരുന്നു. ലെതര്‍, റക്‌സിന്‍ ചെരിപ്പുകള്‍ രണ്ടു മാസത്തിലധികം ഉപയോഗിക്കാതിരുന്നാല്‍ പശ വിട്ട് ഉപയോഗശൂന്യമാവും. സീസണ്‍ ലക്ഷ്യമാക്കി സ്‌റ്റോക്ക് ചെയ്ത ഫാന്‍സി, ലെതര്‍ ചെരുപ്പുകളാണ് നശിക്കുന്നത്.
ചെരുപ്പ് വ്യാപാരികള്‍ക്ക് ഏറ്റവും കൂടുതല്‍ കച്ചവടം ലഭിക്കുന്നത് ചെറിയ പെരുന്നാള്‍, വിഷു, മധ്യവേനലവധി കാലങ്ങളിലാണ്. കാലവര്‍ഷം തുടങ്ങിയതോടെ അവ ഇനി ഈ വര്‍ഷം വിറ്റഴിക്കാനും സാധിക്കില്ല. തുടര്‍ച്ചയായി രണ്ടു വര്‍ഷം ഈ സീസണില്‍ അടച്ചിടേണ്ടി വന്നതോടെ ഈ മേഖല നഷ്ടത്തില്‍ നിന്നു നഷ്ടത്തിലേക്ക് കൂപ്പുകുത്തി.
പതിനായിരക്കണക്കിന് കുടുംബങ്ങളെയാണ് ഇത് പ്രതിന്ധിയിലാക്കിയത്. കേരളത്തില്‍ ചെരുപ്പു നിര്‍മാണത്തിന്റെ പ്രധാന കേന്ദ്രമായ കോഴിക്കോട്ട് നിരവധി സ്ഥാപനങ്ങള്‍ നഷ്ടം താങ്ങാനാവാതെ പൂട്ടി. നിരവധി കുടില്‍ വ്യവസായങ്ങളും നിലച്ചു. അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിക്കാതിരുന്നാല്‍ രണ്ടോ മുന്നോ മാസത്തിനകം നശിച്ചുപോവുമെന്നതാണ് ചെരിപ്പു നിര്‍മാതാക്കളെ കുഴക്കുന്നത്. മാര്‍ക്കറ്റ് വീണ്ടും തുറക്കുമ്പോള്‍ ഇവ ദുര്‍ലഭമാകുമെന്നതും തിരിച്ചടിയാവും. ആദ്യഘട്ട ലോക്ക്ഡൗണില്‍ത്തന്നെ അസംസ്‌കൃത വസ്തുക്കളുടെ വില 30- 50 ശതമാനം വര്‍ധിച്ചിരുന്നു. സീസണ്‍ പ്രതീക്ഷിച്ച് ലോണെടുത്ത് സാധനങ്ങള്‍ സ്റ്റോക്കെത്തിച്ച വ്യാപാരികള്‍ക്ക് അപ്രതീക്ഷിത ലോക്ക്ഡൗണ്‍ കനത്ത ആഘാതമായി. ഇനി വിപണി തുറന്നാല്‍ത്തന്നെ കൊവിഡ് നിന്ത്രണങ്ങള്‍ക്കിടെ ഡല്‍ഹി, യു.പി, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് സാധനങ്ങള്‍ എത്തിക്കുന്നതിലുള്ള പ്രയാസവും തിരിച്ചടിയാവും. കമ്പനികളൊന്നും കടം കൊടുക്കാത്ത സ്ഥിതി വേറെ. പണം നേരത്തെ അടച്ചവര്‍ക്കു മാത്രമേ കമ്പനികള്‍ സാധനങ്ങള്‍ കൊടുക്കുന്നുള്ളൂ.
ഈ മേഖലയെ സഹായിക്കുന്ന യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നില്ല. കടകളിലെ സ്വയ്പിങ് മഷീനുകള്‍ക്കുള്ള വാടകയില്‍ ബാങ്കുകള്‍ വ്യാപാരികള്‍ക്ക് ഇളവ് അനുവദിച്ചിട്ടില്ല. സര്‍ക്കാര്‍ നിര്‍ദേശവും ഉണ്ടായിട്ടില്ല.
ജി.എസ്.ടി ഈടാക്കുന്നതില്‍ സാവകാശം നല്‍കാനും പിഴ ഒഴിവാക്കാനും കേരള ബാങ്ക് വഴി പലിശ രഹിത വായ്പ അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ജനങ്ങളുമായി ഇടപഴകേണ്ടതിനാല്‍ വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഓണ്‍ലൈന്‍ വ്യാപാര മേഖലയിലേക്ക് തിരിയുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങളും ഇവര്‍ക്കു വിലങ്ങുതടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."