HOME
DETAILS
MAL
തിരുവനന്തപുരം- കോഴിക്കോട് ജലപാത; ചെറുകപ്പലുകള്‍ വഴി ചരക്കുനീക്കം ഈമാസം തുടങ്ങും
backup
June 06 2021 | 18:06 PM
കോഴിക്കോട്: ചെറുകപ്പലുകള്‍ വഴി തിരുവനന്തപുരം- കൊച്ചി- കോഴിക്കോട് ജലപാതയില്‍ ചരക്കുനീക്കം ഈ മാസം തുടങ്ങും. ഇതോടെ ചരക്കുനീക്കത്തിനുള്ള ചെലവ് മൂന്നിലൊന്നായി കുറയും.
ദേശീയപാതയിലെ തിരക്കൊഴിവാക്കാനും പുതിയ സംവിധാനം ഉപകരിക്കും. ഇതിനായി മൂന്ന് ഏജന്‍സികളുമായി ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു.
കേരളത്തിലെ തുറമുഖങ്ങളിലെ നിലവിലെ മൂന്ന് മീറ്റര്‍ ആഴം ഏഴ് മീറ്റര്‍ വരെയാക്കിയാല്‍ കൂടുതല്‍ വലിയ കപ്പലുകള്‍ വഴി ചരക്കുനീക്കം നടത്താനാകും. അതിനുള്ള നടപടികളും സ്വീകരിക്കും. ബേപ്പൂര്‍ -കൊച്ചി ജലപാത തുറന്ന് കൊടുക്കുന്നതിനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
കടല്‍വഴിയുള്ള ചരക്കുനീക്കം തുടങ്ങാനാവശ്യമായ അറ്റകുറ്റപ്പണികള്‍ ബേപ്പൂരില്‍ ഉടന്‍ തുടങ്ങും. ഈ മാസം 21 ന് ജലപാതവഴിയുള്ള ചരക്കുനീക്കം തുടങ്ങാനാണ് ശ്രമം.
കൊച്ചി തുറമുഖത്ത് എത്തുന്ന ചരക്ക് നിലവില്‍ ബേപ്പൂരില്‍ റോഡ് മാര്‍ഗം എത്തിക്കാന്‍ 25000 ത്തോളം രൂപ ചെലവുണ്ട്. ജലപാത വഴി ചരക്കുനീക്കം തുടങ്ങിയാല്‍ ഇത് 8000 രൂപയായി കുറയും.
ബേപ്പൂര്‍ തുറമുഖത്തിന്റെ വികസനത്തിനായി 50 കോടി രൂപ കിഫ്ബിയില്‍ നീക്കിവച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ കോഴിക്കോട് കലക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഈ മാസം 11ന് തുറമുഖ മന്ത്രിയും ടൂറിസം- ഫിഷറീസ് മന്ത്രിമാരും പങ്കെടുക്കുന്ന ഉന്നതല യോഗം ബേപ്പൂരില്‍ ചേര്‍ന്ന് കലക്ടര്‍ തയാറാക്കുന്ന മാസ്റ്റര്‍ പ്ലാന്‍ വിശദമായി പരിശോധിക്കും.
തുടര്‍ന്ന് ബേപ്പൂര്‍ തുറമുഖത്തിന്റെ വികസന പ്രവൃത്തികള്‍ തുടങ്ങാനാണ് തുറമുഖ വകുപ്പിന്റെ തീരുമാനം.
അഴീക്കല്‍ തുറമുഖത്തിന്റെ വികസനത്തിനായി വിശദമായ പദ്ധതി രേഖയും തയാറാക്കുന്നുണ്ട്. ജലപാത താമസിയാതെ അഴീക്കലിലേക്ക് നീട്ടുന്നതും തുറമുഖ വകുപ്പിന്റെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."