HOME
DETAILS
MAL
തേന്‍ വില്‍ക്കാനാകുന്നില്ല ഹോര്‍ട്ടികോര്‍പ്പിന്റെ ഇടപെടല്‍ പ്രതീക്ഷിച്ച് തേനീച്ച കര്‍ഷകര്‍
backup
June 07 2021 | 04:06 AM
രാജു ശ്രീധര്‍
കൊല്ലം: തേന്‍ ഉത്പാദനം വെല്ലുവിളികള്‍ നേരിടുകയും ശേഖരിക്കുന്ന തേന്‍ വില്‍ക്കാന്‍ കഴിയാതെ വലയുകയും ചെയ്യുമ്പോള്‍ ഹോര്‍ട്ടികോര്‍പ്പിന്റെ അടിയന്തര ഇടപെടലിലാണ് സംസ്ഥാനത്തെ തേനീച്ച കര്‍ഷകരുടെ പ്രതീക്ഷ. ലോക്ഡൗണ്‍ കാലത്ത് തേന്‍ വിറ്റഴിക്കാന്‍ കഴിയാത്ത കര്‍ഷകരില്‍നിന്ന് തേന്‍ സംഭരിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.
അര ലക്ഷത്തിനു മുകളില്‍ തേനീച്ച കര്‍ഷകരാണ് സംസ്ഥാനത്തുള്ളത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തേന്‍ വില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഹോര്‍ട്ടികോര്‍പ്പ് കിലോയ്ക്ക് 200 രൂപ നിരക്കില്‍ കര്‍ഷകരില്‍നിന്ന് തേന്‍ വാങ്ങി വിപണനം നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. തേന്‍ സംഭരിച്ചാല്‍ ഹോര്‍ട്ടികോര്‍പ്പിന് അവരുടെ വില്‍പനശാലകളിലൂടെ വില്‍ക്കാന്‍ കഴിയും.
വിപണിയില്‍ ഒരു കിലോ ശുദ്ധ തേനിന് 300 മുതല്‍ 500 രൂപ വരെ വിലയുണ്ട്. എന്നാല്‍ കര്‍ഷകര്‍ക്കു കിട്ടുന്നത് 150 രൂപ മാത്രമാണ്. വിപണിയില്‍ ചൈനീസ് പഞ്ചസാര കലക്കി സിറപ്പാക്കി ബ്രാന്‍ഡഡ് തേനായി വില്‍പന നടത്തുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ തേനീച്ച കര്‍ഷകരുടെ വിവരശേഖരണം നടത്തിയിരുന്നു. എന്നാല്‍ പ്രതിസന്ധിഘട്ടത്തില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സഹായം ലഭിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.
സംസ്ഥാനത്ത് തേന്‍ ഉത്പാദനം വെല്ലുവിളികള്‍ നേരിടുന്നതായി ഇതു സംബന്ധിച്ച് പഠനം നടത്തിയ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. സൈനുദ്ദീന്‍ പട്ടാഴി പറഞ്ഞു. മൊബൈല്‍ ടവറുകള്‍ വഴി മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള വൈദ്യുത- കാന്തിക തരംഗങ്ങള്‍ തേനീച്ചകളുടെ നിലനില്‍പ്പിനെ സാരമായി ബാധിച്ചുഴിഞ്ഞു. ഇതുസംബന്ധിച്ച പഠനം അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. പലതരം രോഗങ്ങളാല്‍ വലിയൊരു ശതമാനം തേനീച്ചകള്‍ ചാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."