HOME
DETAILS
MAL
കുഴല്‍പ്പണക്കേസില്‍ കുരുങ്ങി സംസ്ഥാന നേതൃത്വം; പുതിയ അധ്യക്ഷനെ വേണം; ആര്‍.എസ്.എസിന്റെ മനസറിയാന്‍ ബി.ജെ.പി
backup
June 07 2021 | 04:06 AM
പ്രത്യേക ലേഖകന്‍
പാലക്കാട്: കൊടകര കുഴല്‍പ്പണക്കേസില്‍പ്പെട്ടുഴലുന്ന ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണിക്കൊരുങ്ങി ദേശീയ നേതൃത്വം.
സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് അന്വേഷണം സംസ്ഥാന അധ്യക്ഷന്റെ കുടുംബാംഗങ്ങളിലേക്ക് വരെ എത്തുകയും പൊതുസമൂഹത്തില്‍ ബി.ജെ.പി ഇത്രയുംകാലം ഉയര്‍ത്തിക്കൊണ്ടിരുന്ന കള്ളപ്പണം, ദേശസ്‌നേഹം എന്നീ മുദ്രാവാക്യങ്ങള്‍ തിരിഞ്ഞുകുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാന അധ്യക്ഷനെ മാറ്റുന്നതിലൂടെ തല്‍ക്കാലം മുഖം രക്ഷിക്കാമെന്ന വിലയിരുത്തലിലാണ് ദേശീയ നേതൃത്വമെന്നാണറിയുന്നത്. ഗ്രൂപ്പുപോരില്‍ മുങ്ങിത്താഴുന്ന സംസ്ഥാന ബി.ജെ.പിയില്‍ നേതാക്കള്‍ ചേരിതിരിഞ്ഞ് സുരേന്ദ്രനെതിരേ പരാതി അയച്ച സാഹചര്യത്തില്‍ പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ് അമിത്ഷായും പ്രധാനമന്ത്രിയും നിലപാടെടുത്തിരിക്കുന്നതെന്ന് മുതിര്‍ന്ന ബി.ജെ. പി നേതാവ് 'സുപ്രഭാത'ത്തോട് വ്യക്തമാക്കി. സംസ്ഥാന അധ്യക്ഷനായി രണ്ടുപേരുടെ ലിസ്റ്റാണ് ബി.ജെ.പി നേതൃത്വം ആര്‍.എസ്.എസിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. കുമ്മനം രാജശേഖരനും വത്സന്‍ തില്ലങ്കേരിയുമാണ് ലിസ്റ്റിലുള്ളത്. ഇതില്‍ ആര്‍.എസ്.എസ് നിര്‍ദേശിക്കുന്ന ആള്‍ സംസ്ഥാന അധ്യക്ഷനാകും.
തില്ലങ്കേരിയെയാണ് ആര്‍.എസ്.എസ് കൂടുതല്‍ പരിഗണിക്കുന്നതെങ്കിലും സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടിലാണ് അദ്ദേഹമെന്നാണ് ലഭിക്കുന്ന സൂചന. കുമ്മനം രാജശേഖരന് ഗ്രൂപ്പ്‌പോരുകള്‍ക്കിടയില്‍ കരുത്തുള്ള നേതാവാകാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ആര്‍.എസ്.എസ് ഉള്ളത്. മറ്റെല്ലാ നേതാക്കളും ഗ്രൂപ്പുകളുടെ വക്താക്കളായി പ്രവര്‍ത്തിക്കുന്നതിനാല്‍ നേതൃമാറ്റത്തിനായി അവരെയാരേയും പരിഗണിക്കുന്നില്ല. എന്നാല്‍ ആര്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ കെ.സുരേന്ദ്രന്‍ പക്ഷം കൊണ്ടുപിടിച്ച പരിശ്രമത്തിലാണെന്നാണ് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയും കൊടകര കുഴല്‍പ്പണക്കേസും സൃഷ്ടിച്ച പ്രതിസന്ധിക്കിടയില്‍ തെരഞ്ഞടുപ്പ് ചെലവുകള്‍ക്കായി ലഭിച്ച ഫണ്ടിനെച്ചൊല്ലിയുള്ള ആരോപണങ്ങള്‍ ബി.ജെ.പി.യില്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാനായി കേന്ദ്രനേതൃത്വം നല്‍കിയ വന്‍തുകയെച്ചൊല്ലിയാണ് പുതിയ ആക്ഷേപങ്ങളത്രയും. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെയും കേന്ദ്രമന്ത്രി വി. മുരളീധരനെയും ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തിക്കൊണ്ടും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഒരുവിഭാഗം നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് കത്തയച്ചതോടെയാണ് നേതൃമാറ്റമെന്ന നിലപാടിലേക്ക് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."