HOME
DETAILS
MAL
റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാതെ പി.എസ്.സി, വനംവകുപ്പിലെ നിയമനം അവതാളത്തില്‍
backup
June 07 2021 | 04:06 AM
ജംഷീര്‍ പള്ളിക്കുളം
പാലക്കാട്: മത്സരപ്പരീക്ഷയും കായികക്ഷമത-സര്‍ട്ടിഫിക്കറ്റ് പരിശോധനകളും കഴിഞ്ഞിട്ടും റാങ്ക് പട്ടിക പുറത്തുവിടാതെ പി.എസ്.സി.
വനംവകുപ്പിലെ ഡ്രൈവര്‍ തസ്തികയിലേക്ക് 2018ല്‍ നടത്തിയ പരീക്ഷയുടെ അവസാന ഫലമാണ് മുഴുവന്‍ പ്രക്രിയകള്‍ കഴിഞ്ഞിട്ടും പുറത്തുവിടാത്തത്. 2017ലാണ് പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 2018ല്‍ ഒ.എം.ആര്‍ പരീക്ഷ നടത്തി. ഇതിനു പുറമെ കായികക്ഷമതാ പരീക്ഷ, ഡ്രൈവിങ് പരീക്ഷ, അഭിമുഖം, രേഖാപരിശോധന എന്നീ കടമ്പകളും കടന്ന് മാസങ്ങളായി റാങ്കുപട്ടികയ്ക്കു വേണ്ടി ഉദ്യോഗാര്‍ഥികള്‍ കാത്തിരിക്കുകയാണ്. സംസ്ഥാനതലത്തില്‍ 140 പേരാണ് ഈ പരീക്ഷകളെല്ലാം വിജയിച്ച് നിയമനം പ്രതീക്ഷിച്ച് കഴിയുന്നത്. 800ലേറെപേര്‍ പങ്കെടുത്ത കായികപരീക്ഷയില്‍ 161 പേരാണ് വിജയിച്ചത്. അവരില്‍ 140 പേര്‍ ഡ്രൈവിങ് പരീക്ഷയും ജയിച്ചു.
ഏറ്റവും കൂടുതല്‍ പേര്‍ കായികപരീക്ഷ വിജയിച്ചത് തൃശൂരിലാണ്- 41. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ നിലവിലെ ഒഴിവുകള്‍ നികത്താന്‍ തക്ക ഉദ്യോഗാര്‍ഥികള്‍ റാങ്ക് പട്ടികയിലുണ്ടാകുമോ എന്നുപോലും സംശയമാണ്. ഇത്രയും തസ്തികകള്‍ ഒഴിഞ്ഞ് കിടന്നിട്ടും നിയമനങ്ങള്‍ നടക്കാത്തതില്‍ കടുത്ത നിരാശയിലാണ് ഉദ്യോഗാര്‍ഥികള്‍.
അറുനൂറോളം വാഹനങ്ങളാണ് വനംവകുപ്പില്‍ ആകെയുള്ളത്. ഇതില്‍ ഡ്രൈവര്‍ തസ്തികകള്‍ 242 മാത്രമാണ്. ബാക്കിയുള്ള വാഹനങ്ങള്‍ താല്‍ക്കാലിക ജീവനക്കാരാണ് ഓടിക്കുന്നത്. നൂറുകണക്കിന് ഉദ്യോഗാര്‍ഥികളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ തകര്‍ത്താണ് താല്‍ക്കാലികക്കാര്‍ ജോലി ചെയ്യുന്നത്. ഈ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അധികൃതര്‍ തയാറാകണമെന്നും നിലവിലെ റാങ്കുപട്ടിക പ്രസിദ്ധീകരിച്ച് ഈ ഒഴിവുകള്‍ ഉള്‍പ്പെടെ നിയമനം നടത്തണമെന്നുമാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."