HOME
DETAILS
MAL
ദുരിതാശ്വാസ സാമഗ്രികള്‍ മോഷ്ടിച്ചുകടത്തി; സുവേന്ദു അധികാരിക്കും സഹോദരനുമെതിരേ കേസ്
backup
June 07 2021 | 04:06 AM
കൊല്‍ക്കത്ത: മുനിസിപ്പാലിറ്റി ഓഫിസില്‍ നിന്ന് ലക്ഷക്കണക്കിനുരൂപയുടെ ദുരിതാശ്വാസ സാമഗ്രികള്‍ മോഷ്ടിച്ചുകടത്തിയെന്ന പരാതിയില്‍ പശ്ചിമബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, സഹോദരന് സൗമേന്ദു അധികാരി എന്നിവര്‍ക്കെതിരേ പൊലിസ് കേസെടുത്തു. പശ്ചിമ ബംഗാളിലെ പുര്‍ബ മേദിനിപൂര്‍ ജില്ലയിലെ കാന്തി മുനിസിപ്പാലിറ്റി ഓഫിസില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന സാധനങ്ങള്‍ മോഷ്ടിച്ചുകടത്തിയെന്ന് കാന്തി മുന്‍സിപ്പല്‍ അഡ്മിനിസ്ട്രേറ്റിവ് ബോര്‍ഡ് അംഗം രത്നദീപ് മന്നയാണ് പരാതി നല്‍കിയത്.
മെയ് 29നാണ് മോഷണം നടന്നതെന്ന് പരാതിയില്‍ പറയുന്നു. സുവേന്ദുവിന്റെയും മുന്‍ മുന്‍സിപ്പല്‍ ചെയര്മാന് കൂടിയായ സൗമേന്ദു അധികാരിയുടെയും നിര്‍ദേശ പ്രകാരം ഗോഡൗണിന്റെ പൂട്ട് തകര്‍ത്ത് സാധനങ്ങള്‍ കൊണ്ടുപോവുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. സായുധസേനയുടെ സുരക്ഷയിലാണ് മോഷണം നടന്നതെന്നും പരാതിയിലുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദുരിതാശ്വാസ സാധനങ്ങള്‍ മോഷ്ടിക്കുന്നതായി ബി.ജെ.പി പലതവണ ആരോപണമുയര്‍ത്തിയിരുന്നു. എന്നാല്‍ ഇതേ വിഷയത്തില്‍ ബി.ജെ.പിയുടെ പ്രമുഖ നേതാവിനെതിരേ കേസ് വന്നതോടെ ബി.ജെ.പി പ്രതിരോധത്തിലായി. സംഭവത്തെ കുറിച്ച് സുവേന്ദു അധികാരി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."