ബി.ജെ.പി കുഴല്‍ കേസ് സഭയില്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബി.ജെ.പി കേരള ഘടകത്തെ പ്രതിരോധത്തിലാക്കിയ കുഴല്‍പ്പണ കേസ് നിയമസഭയിലും ചര്‍ച്ചയായി. ഷാഫി പറമ്പിലാണ് ബി.ജെ.പി കുഴല്‍ കേസ് അടിയന്തര പ്രമേയമായി സഭയില്‍ ഉന്നയിക്കാന്‍ അനുമതി തേടിയത്. കള്ളപ്പണത്തിനെതിരേ വന്‍ പ്രചാരണം നടത്തിയ ബി.ജെ.പിയും സുരേന്ദ്രനും ഇപ്പോള്‍ അതിന്റെ വക്താക്കളായി മാറിയെന്നും ഇവര്‍ ഉള്‍പ്പെട്ട കേസിലെ അന്വേഷണം ഗൗരവകരമായി നടക്കേണ്ടതുണ്ടെന്നും ഒരു കുഴല്‍ ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന നിലയാക്കരുതെന്നും ഷാഫി ആവശ്യപ്പെട്ടു.
ബി.ജെ.പി കുഴല്‍ കേസില്‍ പൊലിസ് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് ഷാഫി പറമ്പിലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ അന്വേഷണം തുടരുകയാണ്. കവര്‍ച്ച നടന്ന കാറില്‍ മൂന്നരക്കോടി രൂപയുണ്ടായിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇരുപത് പ്രതികളെ കേസില്‍ ഇതിനോടകം അറസ്റ്റ് ചെയ്തു കഴിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് 96 സാക്ഷികളുടെ മൊഴി പൊലിസ് ഇതുവരെ എടുത്തിട്ടുണ്ട്. കേന്ദ്ര ഏജന്‍സിയായ ഇ.ഡിക്കും കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. കൃത്യവും ശക്തവുമായ അന്വേഷണം കൊടകര കേസില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. സഭ നിര്‍ത്തിവച്ച് ബി.ജെ.പി കുഴല്‍ കേസ് ചര്‍ച്ച ചെയ്യേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുഴല്‍ കേസില്‍ ബി.ജെ.പി നേതാക്കളുടെ പേരുപോലും പറയാന്‍ മുഖ്യമന്ത്രി ധൈര്യപ്പെടുന്നില്ലെന്നും, ബി.ജെ.പി അധ്യക്ഷന്‍ എന്നു പോലും മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. കേസില്‍ ബി.ജെ.പി നേതാക്കള്‍ക്ക് പൊലിസിന്റെ സഹായം ലഭിക്കുന്നുണ്ടെന്നും കേസ് ഒതുക്കി തീര്‍ക്കുമോയെന്ന് ആശങ്കയുണ്ടെന്നും സതീശന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് എതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തീര്‍ന്നിട്ടില്ല. സര്‍ക്കാരും കേന്ദ്ര ഏജന്‍സിയും ധാരണയില്‍ എത്തിയാല്‍ കുഴല്‍ കേസ് അട്ടിമറിക്കപ്പെടുമോയെന്ന സംശയമുണ്ടെന്നും സതീശന്‍ പറഞ്ഞു.
എന്നാല്‍ ഈ സര്‍ക്കാരോ മുന്നണിയോ എന്തെങ്കിലും ഒത്തുതീര്‍പ്പ് നടത്തിയതായി അറിയുമെങ്കില്‍ ഇപ്പോള്‍ തന്നെ പറയണമെന്നും ഒത്തുതീര്‍പ്പ് വിവരം പോക്കറ്റില്‍ ഉണ്ടെങ്കില്‍ ഇപ്പോള്‍ പുറത്തു പറയാമെന്നും അതിനായി കാത്തുനില്‍ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി ഇടപെട്ട് പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ എം.ബി രാജേഷ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം സഭയില്‍ വാക്കൗട്ട് നടത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."