പത്ത് ദിവസത്തില്‍ കേരളം വിറ്റത് 22 കോടിയുടെ വൈദ്യുതി
ബാസിത് ഹസന്‍
തൊടുപുഴ: കഴിഞ്ഞ 10 ദിവസത്തില്‍ കേരളം വിറ്റത് 21.86 കോടിയുടെ വൈദ്യുതി. ഇത്രയും വിലയ്ക്ക് കുറഞ്ഞ ദിവസം കൊണ്ട് പവര്‍ എക്‌സ്‌ചേഞ്ച് വഴി വൈദ്യുതി വില്‍ക്കാന്‍ കഴിയുന്നത് ആദ്യമാണ്. വൈദ്യുതി ബോര്‍ഡിന് ലഭിച്ച കുറഞ്ഞ വില യൂനിറ്റിന് 3.37 രൂപയും കൂടിയ വില 4.49 രൂപയുമാണ്. യൂനിറ്റിന് ശരാശരി 3.73 രൂപ വില ലഭിച്ചു. 2018 ലെ പ്രളയകാലത്ത് കൂടുതല്‍ വൈദ്യുതി വില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അന്ന് പവര്‍ എക്‌സ്‌ചേഞ്ചില്‍ ഡിമാന്‍ഡ് കുറവായിരുന്നതിനാല്‍ കുറഞ്ഞ വിലയാണ് ലഭിച്ചത്. 59.447 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് മെയ് 29 മുതല്‍ ഇന്നലെവരെയുള്ള 10 ദിവസം കൊണ്ട് കെ.എസ്.ഇ.ബി വിറ്റത്.
സംസ്ഥാനത്ത് ഉപയോഗിക്കുന്ന വൈദ്യുതി മൂന്ന് തരത്തിലാണ് പ്രധാനമായും ലഭിക്കുന്നത്. ആദ്യത്തേത് ആഭ്യന്തര ഉത്പാദനമാണ്. ഇതില്‍ 97 ശതമാനവും ജലവൈദ്യുതി പദ്ധതികള്‍ വഴിയാണ്. സോളാര്‍, കാറ്റാടിപ്പാടം വഴിയുള്ള പാരമ്പര്യേതര ഊര്‍ജവുമുണ്ട്. രണ്ടാമത്തേത് കേന്ദ്ര പൂളില്‍ നിന്നാണ്. മൂന്നാമത്തേത് വൈദ്യുതി ബോര്‍ഡിന് ദീര്‍ഘകാല കരാര്‍ അടിസ്ഥാനത്തില്‍ ലഭിക്കുന്ന വൈദ്യുതിയാണ്. അവസാനത്തെ രണ്ടും പുറം വൈദ്യുതി എന്നാണ് അറിയപ്പെടുക, ഇവ വിവിധ പവര്‍ഗ്രിഡ് വഴിയാണ് സംസ്ഥാനത്തെത്തിക്കുന്നത്. ദീര്‍ഘകാല കരാര്‍ പ്രകാരമുള്ള വൈദ്യുതി വേണ്ടെന്ന് വയ്ക്കുക എളുപ്പമല്ല. കരാര്‍ ചെയ്തിരിക്കുന്ന ഏജന്‍സികളില്‍ നിന്ന് മിനിമം പവര്‍ വാങ്ങാന്‍ കെ.എസ്.ഇ.ബി നിര്‍ബന്ധിതമാണ്. ഇതൊഴിവാക്കിയാല്‍ കേന്ദ്രനിയമപ്രകാരം വന്‍തുക പിഴ നല്‍കേണ്ടി വരും. സെന്‍ട്രല്‍ റെഗുലേറ്ററി കമ്മിഷനാണ് പിഴത്തുക നിശ്ചയിക്കുക. ലോക്ക്ഡൗണും മഴയും മൂലം നിലവില്‍ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറഞ്ഞു. കരുതല്‍ സംഭരണിയായ ഇടുക്കിയിലെ വെള്ളം ഉത്പാദനത്തിന് കൂടുതല്‍ ഉപയോഗിക്കുന്നില്ലെങ്കിലും ഇടവിട്ട് മഴ ലഭിക്കുന്നതിനാല്‍ ചെറുകിട പദ്ധതികളിലെ ഉത്പാദനം കൂട്ടി. ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയും (കൂടുതലായും പീക്ക് സമയത്ത്) പുറം വൈദ്യുതിയും കൂടുമ്പോള്‍ നിലവില്‍ സംസ്ഥാനത്ത് ആവശ്യത്തിലധികമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."