മലപ്പുറത്ത് ജനകീയ ഹോട്ടലുകള്‍ക്ക് സബ്‌സിഡിയിനത്തില്‍ കിട്ടാനുള്ളത് 8 കോടി; പ്രതിഷേധവുമായി കുടുംബ ശ്രീ
മലപ്പുറത്ത് ജനകീയ ഹോട്ടലുകള്‍ക്ക് സബ്‌സിഡിയിനത്തില്‍ കിട്ടാനുള്ളത് 8 കോടി; പ്രതിഷേധവുമായി കുടുംബ ശ്രീ
മലപ്പുറം: ജനകീയ ഹോട്ടലുകള്‍ക്കുള്ള സബ്‌സിഡി നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മലപ്പുറത്തെ കുടുംബ ശ്രീ പ്രവര്‍ത്തകര്‍. പാവപ്പെട്ടവര്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കാനെന്ന പേരില്‍ നടപ്പിലാക്കിയ പദ്ധതിയെ പാതി വഴിവെച്ച് സര്‍ക്കാര്‍ കൈയാഴിഞ്ഞെന്നാണ് ആരോപണമുയരുന്നത്. നിലവില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്ന ജില്ലയാണ് മലപ്പുറം. ഇവിടെ ഉച്ചഭക്ഷണം വിതരണം ചെയ്ത വകയില്‍ 8 കോടി രൂപയോളമാണ് സബ്‌സിഡിയിനത്തില്‍ ലഭിക്കാനുള്ളത്. 20 രൂപക്ക് നല്‍കുന്ന ഊണിന്റെ 10 രൂപ സര്‍ക്കാര്‍ നല്‍കണമെന്നാണ് വ്യവസ്ഥ. ഈ തുക സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ തടഞ്ഞുവെച്ചതായാണ് ആരോപണം ഉയരുന്നത്. 144 ജനകീയ ഹോട്ടലുകളാണ് ജില്ലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
സ്വര്‍ണാഭരണങ്ങള്‍ വിറ്റും കടം വാങ്ങിയുമാണ് അംഗങ്ങളില്‍ പലരും ഹോട്ടല്‍ നടത്തിപ്പുമായി മുന്നോട്ട് പോകുന്നത്. പക്ഷെ ഈ മാസം ഒന്നുമുതല്‍ ഇവര്‍ക്കുള്ള സബ്‌സിഡി തുക നല്‍കില്ലെന്ന ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മാസങ്ങളോളം ഹോട്ടല്‍ നടത്തിയ തങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ച് സര്‍ക്കാര്‍ കബളിപ്പിച്ചെന്നാണ് ഇവരുടെ ആരോപണം.
വിശപ്പ് രഹിത കേരളത്തിനായി 20 രൂപക്ക് ഉച്ച ഭക്ഷണം നല്‍കാനുള്ള പദ്ധതി പേരുപോലെ തന്നെ മലയാളികള്‍ക്കിടയില്‍ ജനകീയമായിരുന്നു. പക്ഷെ സാമ്പത്തിക ഞെരുക്കത്തോടെ പദ്ധതി താളം തെറ്റി. ഇതോടെ ഉച്ചയൂണിന് വില വര്‍ധിപ്പിക്കാനാണ് പുതിയ തീരുമാനം. 20 രൂപയുണ്ടായിരുന്ന ഊണിന് 30 രൂപയും 25 രൂപക്ക് നല്‍കിയിരുന്ന പാഴ്‌സല്‍ 35 രൂപക്ക് നല്‍കാനുമാണ് നിര്‍ദേശം. അതേസമയം നിലവില്‍ ജനകീയ ഹോട്ടലുകള്‍ക്ക് നല്‍കി വരുന്ന പിന്തുണ സഹായങ്ങളായ വാടക, വൈദ്യുതി നിരക്ക്, വെള്ളക്കരം, സിവില്‍ സപ്ലൈസ് മുഖേന നല്‍കുന്ന അരി എന്നിവ തുടര്‍ന്നും ലഭ്യമാക്കാനാണ് തീരുമാനം. എങ്കിലും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഹോട്ടല്‍ നടത്തിപ്പ് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."