സി.പി.എമ്മിനും ജമാഅത്തിനും ബൂമറാങ്ങായി 'അബ്ദുല്‍ ജലീല്‍'
ശഫീഖ് പന്നൂര്‍
കോഴിക്കോട്: ന്യൂനപക്ഷ സമുദായത്തിനിടയില്‍ സ്വാധീനമുറപ്പിക്കാന്‍ സി.പി.എം ഒപ്പം കൂട്ടിയ കെ.ടി ജലീല്‍, ഒടുവില്‍ പാര്‍ട്ടിക്കു തിരിച്ചടിയാവുന്നു. മാധ്യമം പത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് യു. എ. ഇ ഭരണാധികാരിക്ക് മന്ത്രിയായിരിക്കെ പ്രോട്ടോകോള്‍ ലംഘിച്ച് കത്തയച്ചതും ഇതിനെ ന്യായീകരിച്ചു നടത്തിയ പത്രസമ്മേളനം പാളിപോയതുമാണ് ജലീല്‍ സി പി എമ്മിന് സൃഷ്ടിച്ച പുതിയ പ്രതിസന്ധി.
മെമ്പര്‍ഷിപ്പെടുക്കാതെ പാര്‍ട്ടി സഹയാത്രികനായി വന്ന് എം.എല്‍.എയും മന്ത്രിയുമായ ജലീലിനെ ന്യൂനപക്ഷ സമുദായവുമായെ പാര്‍ട്ടിയെ അടുപ്പിക്കാനുള്ള മധ്യവര്‍ത്തിയായിട്ടാണ് സി.പി.എം ഉപയോഗിച്ചു വന്നിരുന്നത്.
2015 ല്‍ പിണറായി വിജയന്‍ നയിച്ച നവ കേരള മാര്‍ച്ചില്‍ സ്ഥിരം സാന്നിധ്യമായിരുന്ന കെ. ടി ജലീല്‍ പീന്നീട് പിണറായിയുടെ അടുത്ത സഹകാരിയായി മാറുകയായിരുന്നു. മന്ത്രി സ്ഥാനം രാജിവെക്കുകയും തുടര്‍ന്ന് നിരന്തരമായി വിവാദങ്ങള്‍ക്കടിപ്പെടുകയും ചെയ്തതോടെ ജലീലിനെ തള്ളേണ്ട സ്ഥിതിയിലേക്ക് എത്തിപ്പെടുകയായിരുന്നു സി.പി.എം. വഖഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനം പി.എസ്.സി ക്ക് വിടാം എന്ന ആശയം ആദ്യം കൊണ്ടുവന്നതും ആലോചനകളില്ലാതെ അതു പ്രഖ്യാപിച്ചതും വഖഫ് മന്ത്രിയായിരിക്കെ കെ. ടി ജലീല്‍ ആയിരുന്നു.
ജലീലിന്റെ താല്‍പര്യത്തിനു വഴങ്ങിയാണ് വഖഫ് നിയമനം പി.എസ്.സി ക്കു വിട്ടുകൊണ്ടുള്ള ബില്ല് പാസാക്കിയതെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അഥവാ സി പി എമ്മിന് അറിയാത്ത ഒരു മേഖലയില്‍ കൊണ്ടു പോയി അവരെ പൂട്ടി ! അന്ന് കാന്തപുരം വിഭാഗത്തിന്റെ പിന്തുണയും ജലീലിനും സി.പി.എമിനും ലഭിച്ചിരുന്നു.
എന്നാല്‍ സമസ്ത ലീഗ് ഉള്‍പടെയുള്ള മുസ്‌ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തു വന്നു. അതോടെ വഖ്ഫ് ബോര്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സി.പി.എം ഗൗരവമായി പഠിക്കുകയും അവസനാം മുഖ്യമന്ത്രി തന്നെ അത് പിന്‍വലിക്കുകയും ചെയ്തു. വഖ്ഫ് ബോര്‍ഡ് വിവാദം പാര്‍ട്ടിക്ക് തിരിച്ചടിയാണെന്ന അഭിപ്രായം ഒടുവില്‍ സി.പി.എമിനും പിണറായിക്കുമുണ്ടായിരുന്നുഎന്നാണറിവ്.
മാധ്യമത്തിനെതിരേ കത്തയച്ചതിനോട്, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കുള്‍പ്പെടെ കടുത്ത വിയോജിപ്പുണ്ട്. മാധ്യമം നിരോധിക്കണം എന്നാവശ്യം പാര്‍ട്ടിക്കില്ലെന്നും മന്ത്രിമാരും എം.എല്‍.എമാരും കത്തെഴുതുന്നത് പാര്‍ട്ടിയോട് ആലോചിച്ചല്ലെന്നുമുള്ള കൊടിയേരിയുടെ പ്രസ്താവന പരോക്ഷമായി ജലീലീനെ തള്ളുന്നതയാണ് വിലയിരുത്തല്‍.
കുഞ്ഞാലിക്കുട്ടിക്കെതിരേ പ്രതികാര ദാഹത്തോടെ നിരന്തരം പത്രസമ്മേളനം നടത്തുകയും സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ കേന്ദ്ര അന്വേഷണം വേണമെന്ന് ജലീല്‍ ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ എന്താണ് ജീലിലിന് ഇ.ഡിയോട് ഇത്ര സ്‌നേഹമെന്ന് പിണറായി ചോദിച്ചിരുന്നതാണ്.
2006 കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തി സി.പി.എം പിന്തുണയോടെ ഉയര്‍ത്തിയ തന്റെ രാഷട്രീയ ഗ്രാഫ്, സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലോടെ ഇടിഞ്ഞിരിക്കുകയാണ്. താന്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ട പത്രവും അതിന്റെ ഉടമസ്ഥരായ സംഘടനയുമാണ് 2006 ല്‍ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്താന്‍ ജലീലിന് പിന്തുണ നല്‍കിയതെന്നതാണ് കൗതുകം.
ജമാഅത്ത് സ്ഥാപനമായ ചേന്ദമംഗലൂര്‍ ഇസ്ലാഹിയ അറബിക് കേളജില്‍ പഠിക്കുകയും ജമാഅത്ത് വേദികളിലെയും പേജുകളിലേയും സ്ഥിര സാന്നിധ്യമാവുകയും ചെയ്തിരുന്ന ജലീലില്‍, പില്‍കാലത്ത് ജമാഅത്ത് വിരുദ്ധനായി മാറുകയായിരുന്നു. കത്ത് പുറത്ത് വന്നതോടെ സാമൂഹിക മാധ്യമങ്ങളില്‍ ജലീലിനെ എതിര്‍ത്തും പിന്തുണച്ചുമുള്ള തര്‍ക്കവും സജീവമാണ്.
വിദേശ രാജ്യങ്ങളില്‍ തേജസ് ഉള്‍പടെയുള്ള മലയാള പത്രങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്താല്‍ മാധ്യമം ശ്രമിച്ചുവെന്നാണ് ജലീല്‍ അനുകൂലികള്‍ പറയുന്നത്. സിറാജ് ദിന പത്രത്തെ ഖത്തറില്‍ നിരോധിച്ചപ്പോള്‍ അതിന്റെ പിന്നല്‍ താനും പ്രവര്‍ത്തിച്ചിരുന്നുവെന്ന മാധ്യമം മുന്‍ അസോസിയേറ്റഡ് എഡിറ്റര്‍ ഒ. അബ്ദുല്ലയുടെ വെളിപ്പെടുത്തലും ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. അതേ സമയം തങ്ങള്‍ക്കെതിരേയുള്ള കത്ത് പുറത്ത് വന്നതോടെ ജലീലിന്നെതിരെ കടുത്ത വിമര്‍ശനമാണ് ജമാഅത്തും മാധ്യമവും ഉയര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."