നാസോഗിയിലെ പഴയ വീട്ടിൽ
യാത്ര
ഫായിസ് അബ്ദുല്ല തരിയേരി
സുഹൃത്തിന്റെ അപ്രതീക്ഷിത വിളിയാണ് മണാലി വരെ വണ്ടി കയറ്റിയത്. ആരോടും പറയാതെ ബാഗും തൂക്കി ഹിമാചലിലേക്കുള്ള ട്രെയിൻ കയറിയപ്പോൾ ചെന്നെത്തിയത് ഞാൻ കണ്ട സ്വപ്നങ്ങളിലെ ഏറ്റവും മനോഹരമായ ഗ്രാമക്കാഴ്ചകളിലേക്കായിരുന്നു. മണാലി മാൾ റോഡിൽനിന്ന് അഞ്ചു കിലോമീറ്റർ നീണ്ട പൈൻ കാടുകൾ കടന്നുവേണം നസോഗിയെന്ന ഗ്രാമത്തിലെത്താൻ. കാതടപ്പിക്കുന്ന ശബ്ദങ്ങളില്ലാത്ത, നഗര വിളികളില്ലാത്ത, ശ്വാസം മുട്ടിക്കുന്ന പുകമറകളില്ലാത്ത പച്ചപ്പും ആപ്പിൾതോട്ടങ്ങളും ചെറിമരങ്ങളും മാത്രം ബാക്കിയായ കൊച്ചു ഗ്രാമം. അവിടെയെത്തുമ്പോൾ രാത്രിയായിരുന്നു. ഒറ്റക്കായതിനാൽ ഗ്രാമം കാക്കുന്ന പട്ടികൾ കൂട്ടിനു വന്നു. അവയെ ലൂസിയെന്നും കൈസറെന്നും വിളിച്ചു. കൊടുക്കാൻ കൈയിൽ ഒന്നുമില്ലെങ്കിലും അപരിചിതനെ ഒന്ന് മണപ്പിച്ചു വാലാട്ടിക്കൊണ്ട് സ്‌നേഹത്തോടെ ആനയിക്കുന്ന അവറ്റകൾ ചിലപ്പോഴൊക്കെ മനുഷ്യനെ കടത്തിവിടുന്നുവെന്നൊരു തോന്നൽ. എന്റെ വാടക മുറി ഒരു പഴയ വീട്ടിലായിരുന്നു. മുറി ശരിക്കും അടിമുടി ഞെട്ടിച്ചു. കഥ പറയുന്ന നീളൻ ചാരുകസേരയും ആരും അടക്കാൻ മെനക്കെടാത്ത ജനാലകളും നെരൂദയുടെ പ്രണയ ശകലങ്ങളും മാത്രം ജീവിച്ചിരിപ്പുള്ള ഒറ്റമുറി. എന്നെ കണ്ടതിനാലാകണം ഇലകൾക്കിടയിൽ നിദ്രയിലാണ്ട പൂമ്പാറ്റകളൊക്കെയും ഉണർന്നിരുന്നു.
യാത്ര തുടരുകയായിരുന്നു. കോക്‌സറിലെ മഞ്ഞുമലകളെ നോക്കി കവിതകളെഴുതി, സപ്ത വർണ്ണാങ്കിതമായ ജോഗിനിയിലെ വെള്ളച്ചാട്ടങ്ങളിൽ നനഞ്ഞു കുളിച്ചു, കണ്ട കിനാവുകളൊക്കെയും ഒറ്റ ഫ്രെയിമിൽ ചേർത്തുവച്ചു പേറെടുക്കപ്പെട്ട പുതിയ മനുഷ്യനായി. ചത്തു നാറുന്ന എയർ കണ്ടീഷനുകളില്ലാതെ ഞാൻ കിടന്നുറങ്ങും. നേരത്തെ എഴുന്നേറ്റു വെയിലിനെ അരിച്ചരിച്ചു മാത്രം താഴേക്കു വീഴ്ത്തുന്ന പച്ചത്തലപ്പുകളിൽ കൂടി വെറുതെ നടക്കും. കൊമ്പുകളിലിരുന്നു പേരറിയാത്ത പക്ഷികളുടെ ശബ്ദങ്ങളോടൊപ്പം പാട്ടു പാടും. വയറെരിയുമ്പോൾ ദീദിയുടെ വീട്ടിൽ പോയി റൊട്ടിയും പനീരും കഴിക്കും. മഴ പെയ്യുമ്പോൾ കട്ടനടിച്ചു പ്രിയപ്പെട്ട പാട്ടുകൾ കേൾക്കും. എന്താന്നറിയില്ല അവിടുത്തെ മഴക്കും കാറ്റിനും മറ്റെവിടെയുമില്ലാത്ത സൗരഭ്യമായിരുന്നു. വൈകുന്നേരമാകുമ്പോൾ വീണ്ടും സവാരിക്കിറങ്ങും. ആപ്പിൾ മരങ്ങൾക്കിടയിൽ കുട്ടികൾക്കൊപ്പം പന്തു തട്ടിക്കളിക്കും. നീണ്ട താടിയും മങ്കിത്തൊപ്പിയും ചാർളിപ്പാന്റും ഇട്ടു നടക്കുന്ന ഞാൻ കുട്ടികൾക്കൊരു കൗതുക വസ്തു കൂടിയായിരുന്നു. ബായ് സാബെന്ന് വിളിച്ചു അപ്പുവും പ്രണവുമായിരുന്നു ആദ്യം ഓടിവരൽ.
രാത്രിയാകുമ്പോൾ മലയാളിക്കിച്ചണിലെ സൗഹൃദവരികളിൽ പങ്കുചേരും. ലൈറ്റണക്കാത്ത രാത്രികളിലെ നിലക്കാത്ത സൊറ പറച്ചിൽ. പിന്നെ വീണ്ടും തിരിഞ്ഞുനടക്കും, പടി തീരാത്ത ഹാടിമ്പകൾക്കിടയിലൂടെ എന്റെ ഒറ്റ മുറിയെ തേടി. അവിടെ താമസിച്ച ദിവസങ്ങൾ അപൂർവ അനുഭവങ്ങളായിരുന്നു. തിരിച്ചറിയാൻ വൈകിയ അപൂർവ നിമിഷങ്ങൾ. നീണ്ട രണ്ടാഴ്ചകളുടെ കാനന വാസങ്ങൾക്കൊടുവിൽ ആ മുറി വിടുമ്പോൾ പലതും നഷ്ടപ്പെടുന്ന പോലെ തോന്നി. പ്രിയപ്പെട്ടതൊക്കെയും പിന്നിലാക്കി ഒറ്റക്ക് നടക്കുക അസാധ്യം. പക്ഷേ, പോകാതിരിക്കാൻ പറ്റില്ലല്ലോ. വീണ്ടും വരണം മറന്നുവച്ച ഓർമകളും മണവും തിരികെ കൊണ്ടുപോകാനെന്ന പേരിൽ...!
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."