ചെയ്യാതിരിക്കാനും വേണം കഴിവ്
മുഹമ്മദ്
അഞ്ചു മക്കളിൽ ഒരാൾ കലക്ടറാണ്. വേറൊരാൾ ഡോക്ട ർ. മറ്റൊരാൾ എൻജിനീയർ. നാലാമൻ അധ്യാപകൻ. അഞ്ചാമൻ രാഷ്ട്രീയക്കാരൻ... എന്നിട്ടും അവരെ ഉന്നതങ്ങളിലെത്തിച്ച മാതാവ് നിരക്ഷരയായി തുടർന്നു. ലോകവിവരം ഒട്ടുമേയില്ല. സാധാരണക്കാരിൽ സാധാരണക്കാരി. പക്ഷേ, ഒന്നുണ്ട്. ഒരാളെയും വെറുക്കാനോ വെറുപ്പിക്കാനോ അറിയില്ല. പണത്തിനുവേണ്ടി ഒരു മൂല്യത്തെയും ബലികഴിക്കില്ല. അപരന്റെ താൽപര്യങ്ങൾക്കാണ് എപ്പോഴും മുൻഗണന നൽകുക. പുഞ്ചിരിച്ചേ സംസാരിക്കൂ. മക്കൾ പറയുകയാണ്: ‘എത്ര ഉന്നതങ്ങളിലെത്തിയിട്ടും ഞങ്ങൾക്ക് ഞങ്ങളുടെ മാതാവിന്റെ നിഷ്കളങ്കതയിലെത്താൻ കഴിയുന്നില്ല!’ കൈവരിക്കലും കീഴടക്കലും പ്രകടിപ്പിക്കലും മാത്രമല്ല കഴിവ്. ചിലതൊക്കെ ചെയ്യാതിരിക്കാൻ കഴിയുന്നതും ഒരു കഴിവാണ്. താൽപര്യങ്ങളുണ്ടെങ്കിൽ നേടിയെടുക്കാൻ പറ്റും. ചെയ്യാതിരിക്കാൻ കഴിയണമെങ്കിൽ ഉള്ളുറപ്പും മനക്കരുത്തുമാണു വേണ്ടത്. ആയിരക്കണക്കായ രോഗികൾക്ക് ആശ്രയമായിരിക്കുക എന്നത് ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം വിജയമാണ്. അനേകമനേകം പരിശ്രമങ്ങളുടെ ഫലമായിട്ടായിരിക്കും അത്തരമൊരു ബഹുമതിക്ക് അദ്ദേഹം അർഹനായിട്ടുണ്ടാവുക. എന്നാൽ ഒരാളുടെയും നിസ്സഹായാവസ്ഥയെ വരുമാനമാർഗമാക്കി മാറ്റാതിരിക്കാൻ ഒരാൾക്കു സാധിക്കുന്നുവെങ്കിൽ അതാണു കഴിവ്. മനസിൽ നന്മ സൂക്ഷിക്കുന്നവർക്കും അല്ലാത്തവർക്കും ഡോക്ടറാവാൻ കഴിയും. അപരന്റെ അവശതകളെ ജീവിതോപാധിയായി സ്വീകരിക്കാതിരിക്കണമെങ്കിൽ മനസിൽ നന്മ മായാതെ തന്നെ കിടക്കണം. ഒരു മഹാസാമ്രാജ്യത്തിന്റെ അധിപനായി കാലങ്ങളോളം വാഴാൻ കഴിയുകയെന്നത് അപൂർവമാളുകൾക്കു മാത്രം പറഞ്ഞ കഴിവാണ്. സ്ഥൈര്യവും ധൈര്യവും വൈദഗ്ധ്യവുമൊക്കെ ഉൾച്ചേരുമ്പോൾ മാത്രം പൂവണിയുന്ന സ്വപ്നമാണത്. എന്നാൽ അതിനേക്കാൾ വലിയ ഒരു കഴിവുണ്ട്; ഒരു കുഞ്ഞനുറുമ്പിനുപോലും പീഢ വരുത്താതെ ജീവിക്കാൻ കഴിയുക. മറുവാദങ്ങളുന്നയിച്ചു വരുന്ന ഏതാളുകളെയും വാക്കുകൾകൊണ്ട് തോൽപിച്ചു കളയുന്ന അതിവിദഗ്ധരായ അഭിഭാഷകരെ കാണാം.
അവരുടെ ന്യായവാദങ്ങൾക്കു മുന്നിൽ ഉന്നതനീതിപീഠങ്ങൾക്കുപോലും വഴങ്ങുകയല്ലാതെ മറുവഴിയുണ്ടാകില്ല. ബുദ്ധിസാമർഥ്യവും വാഗ്സാമർഥ്യവും തന്ത്രജ്ഞതയുമെല്ലാം സമംചേരുമ്പോൾ രൂപപ്പെടുന്ന മഹത്തായ ഒരു കഴിവാണത്. എന്നാൽ, അതിലും വലിയ ഒരു കഴിവിനെ പരിചയപ്പെടുത്താം. ഒരിക്കൽപോലും ചെറിയൊരു കളവുപോലും പറയാതിരിക്കുക. കളവു പറഞ്ഞ് ‘വിജയം’ നേടുന്നതിനുപകരം സത്യം പറഞ്ഞ് ‘തോൽവി’ ഏറ്റുവാങ്ങാൻ കഴിയണമെങ്കിൽ വൈദഗ്ധ്യമല്ല, ചോർന്നുപോകാത്ത മൂല്യബോധമാണു പ്രവർത്തിക്കേണ്ടത്. പ്രകൃതിപോലും കാതോർത്തുപോകുന്ന ശബ്ദത്തിനുടമയായിരിക്കുകയെന്നത് എല്ലാവർക്കും ലഭിക്കുന്ന കഴിവല്ല. വാക്കുകൾകൊണ്ട് അമ്മാനമാടി സദസിനെ കൈയിലെടുക്കുന്ന സമർഥരെ വിസ്മയത്തോടെയായിരിക്കും ആരും കണ്ടും കേട്ടുമിരിക്കുക. എന്നാൽ അവരേക്കാൾ മികച്ച വേറൊരു വിഭാഗത്തെ പറയാം. തങ്ങളുടെ ശബ്ദം ഒരിക്കൽപോലും ഒരാളുടെയും മനസ് മുറിപ്പെടാൻ നിമിത്തമായിട്ടില്ലാത്തവർ. ആയിരക്കണക്കിനു പ്രഭാഷണങ്ങൾ നടത്തി കഴിവു തെളിയിച്ചവരേക്കാൾ മേലെയാണവർ. രാഷ്ട്രീയ രംഗത്ത് ശോഭിക്കാൻ കഴിയുകയെന്നത് എല്ലാവർക്കും സാധിക്കുന്ന ഒന്നല്ല. തന്ത്രങ്ങൾ മെനയാൻ കഴിയണം.
എതിർശബ്ദങ്ങളെ നേരിടാനുള്ള ചങ്കുറപ്പു വേണം. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ഉൾക്കരുത്തു വേണം. അണികളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ കഴിയണം. ഇതൊക്കെ മേളിക്കുന്നവർക്കാണു രാഷ്ട്രീയ മേഖലയിൽ ശോഭനമായ ഭാവി. എന്നാൽ ഇപ്പറഞ്ഞതിനേക്കാളൊക്കെ മുകളിൽനിൽക്കുന്ന ഒരു കഴിവുണ്ട്; സ്ഥാനമോഹം തൊട്ടുതീണ്ടിയിട്ടില്ലാത്ത മനസിനുടമയായിരിക്കുക. എന്തു വന്നാലും മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ കഴിയുന്നതിനോളം വരില്ല മറ്റൊരു കഴിവും. അസാമാന്യമായ തന്റെ ബുദ്ധിശക്തിയെ ആളുകൾക്കു മുന്നിൽ പ്രദർശനവസ്തുവാക്കുന്നതല്ല, ഒരിക്കൽപോലും അതിനെ തിന്മയുടെ മാർഗത്തിൽ തിരിക്കാതിരിക്കുന്നതാണു കഴിവ്. വാക്കുകൾകൊണ്ട് അമ്മാനമാടുന്നതല്ല, തന്റെ ഒരു വാക്കുപോലും ഒരാളുെടയും മനസിനെ മുറിപ്പെടുത്തുന്ന കത്തിയാവാതിരിക്കാൻ ശ്രദ്ധിക്കുന്നതാണു കഴിവ്. എന്തൊക്കെ ചെയ്യാൻ കഴിയും എന്നതല്ല, നന്മയിലായി ശുദ്ധഹൃദയത്തോടെ എത്രകാലം നിലകൊള്ളാൻ കഴിയും എന്നതാണു പ്രധാനം. മൂല്യങ്ങൾക്കു വിലകൽപിക്കാത്തവന്റെ എത്ര വലിയ സാമർഥ്യവും വൈദഗ്ധ്യവും സമൂഹത്തിനു വിനാശകരമായേ ഭവിക്കുകയുള്ളൂ. നാശം വിതച്ചു കടന്നുപോയ ഏകാധിപതികളെല്ലാം കഴിവുറ്റവരായിരുന്നു. പക്ഷേ, മൂല്യങ്ങൾ മുറുകെപ്പിടിക്കുകയെന്ന ഏറ്റവും വലിയ കഴിവ് അവർക്കു നഷ്ടപ്പെട്ടുപോയി. എന്തൊക്കെ ചെയ്യാൻ കഴിയുമെന്നു മാത്രം ചിന്തിച്ചാൽ പോരാ, എന്തൊക്കെ ചെയ്യാതിരിക്കാൻ കഴിയുമെന്നുകൂടി ആലോചിക്കണം. ചെയ്യാനുള്ള കഴിവിന്റെ അത്രതന്നെ പ്രാധാന്യമുണ്ട് ചെയ്യാതിരിക്കാനുള്ള കഴിവിനും. ചെയ്യാൻ കഴിയില്ലെങ്കിലും ചെയ്യാതിരിക്കാൻ കഴിഞ്ഞാലും മതി. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുതെന്നല്ലേ. •
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."