മലിനമാണ് 80 ശതമാനം ജലസ്രോതസുകളും കണ്ടെത്തിയത് ശുചിത്വമിഷൻ്റെ പഠനത്തിൽ
സുനി അൽഹാദി
കൊച്ചി •സംസ്ഥാനത്തെ 80തമാനം ജലസ്രോതസുകളും മലിനം. കേരള സർക്കാരിനുകീഴിലുള്ള ശുചിത്വമിഷൻ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
'തെളിനീരൊഴുകും നവകേരളം' എന്ന പദ്ധതിയിൽപ്പെടുത്തി സംസ്ഥാനത്തെ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് 70,000 സാമ്പിളുകൾ ശേഖരിച്ചായിരുന്നു പഠനം.
ഹരിതകർമസേന അംഗങ്ങളെ ഉപയോഗപ്പെടുത്തി കായലുകൾ, കുളങ്ങൾ, കനാലുകൾ തുടങ്ങിയ ജലസ്രോതസുകളിൽ നിന്ന് കുപ്പികളിൽ വെള്ളം ശേഖരിച്ചാണ് പരിശോധന നടത്തിയത്. ഇങ്ങനെ ശേഖരിച്ചവയിൽ 80ശതമാനത്തിലും അപകടകരമായ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കോളിഫോം ബാക്ടീരിയ അടങ്ങിയ വെള്ളം കുടിച്ചാൽ വയറിളക്കം, ഛർദി, തലകറക്കം തുടങ്ങിയ രോഗങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ആശുപത്രികൾ, വീടുകൾ,ഫ്ളാറ്റ് സമുച്ചയങ്ങൾ തുടങ്ങിയവയിൽനിന്ന് മലിനജലം ശുചീകരിക്കാതെ നേരിട്ട് കായലുകളിലേക്കും മറ്റും ഒഴുക്കുന്നതാണ് വെള്ളം ഇത്രയധികം മലിനമാകാൻ കാരണം.
വിവിധ തദ്ദേശസ്ഥാപനങ്ങളിൽ മലിനജല ശചീകരണ പ്ലാൻ്റുകൾ സ്ഥാപിക്കുക എന്നതാണ് ഇതിന് ഒരളവുവരെ പരിഹാരം. വൻകിട ഫ്ളാറ്റ് സമുച്ചയങ്ങൾ, ഫാക്ടറികൾ, ആശുപത്രികൾ എന്നിവയോടനുബന്ധിച്ച് മലിനജല ശുചീകരണ പ്ലാൻ്റുകൾ സ്ഥാപിക്കണമെന്ന് ഇപ്പോൾ കർശന നിബന്ധനയുണ്ട്. എന്നാൽ മുൻകാലങ്ങളിൽ നിർമിച്ച പല ആശുപത്രികൾക്കും മറ്റും ഇത്തരം ശുചീകരണ പ്ലാൻ്റുകളില്ല. പ്ലാൻ്റുകളില്ലാത്ത സ്ഥാപനങ്ങളെ കണ്ടെത്തി നോട്ടിസ് നൽകുമെന്നും ശുചിത്വമിഷൻ വൃത്തങ്ങൾ പറഞ്ഞു.
നഗരസഭകൾ, കോർപ്പറേഷനുകൾ, പഞ്ചായത്തുകൾ തുടങ്ങിയ തദ്ദേശസ്ഥാപനങ്ങളിൽ മലിനജല ശുചീകരണപ്ലാൻ്റുകൾ സ്ഥാപിക്കണമെന്നും ദേശീയ ഹരിതട്രിബ്യൂണലിൻ്റെ കർശന നിർദേശമുണ്ട്. ഈ നിർദേശം നടപ്പാക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് പിഴചുമത്തുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം തങ്ങളുടെ പ്രദേശത്ത് മലിനജല പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിനെതിരേ പ്രാദേശികമായി ഉയർന്നുവരുന്ന എതിർപ്പുകളും തദ്ദേശസ്ഥാപനങ്ങളെ വെട്ടിലാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."