പരിസ്ഥിതിലോല മേഖല: ചർച്ചയാകാതെ ആദിവാസി വിരുദ്ധത
ശഫീഖ് മുണ്ടക്കൈ
പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രിംകോടതി ഉത്തരവിന് സമാനമായുള്ള സംസ്ഥാന മന്ത്രിസഭാ തീരുമാനം തിരുത്തിയെങ്കിലും ആശങ്ക അവസാനിച്ചിട്ടില്ല. തീരുമാനം തിരുത്തി ഇളവ് തേടി കോടതിയെ സമീപിക്കാനിരിക്കുന്ന സംസ്ഥാന സർക്കാരിന് കാര്യമായി ചൂണ്ടിക്കാണിക്കാനുള്ളത് പ്രധാനമായും വന്യജീവി സങ്കേതങ്ങൾക്കും ദേശീയ പാർക്കുകൾക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കി നിശ്ചയിക്കണമെന്നുള്ള കോടതി ഉത്തരവിനെതിരേയുള്ള 'പ്രതിഷേധങ്ങൾ' ആയിരിക്കും. എന്നാൽ ബഹുജനരാഷ്ട്രീയ പ്രതിഷേധങ്ങൾക്കിടയിൽ ഉയർന്നുകേൾക്കാതിരുന്നതും നിലവിൽ ആദിവാസി സംഘടനകൾ ഉയർത്തുന്നതുമായ വാദങ്ങൾ കൂടി പ്രതിഷേധങ്ങൾക്കൊപ്പം പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സംരക്ഷിത വനങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല എന്ന തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന വിമർശനമാണ് ഇതിൽ പ്രധാനം. 2006ലെ വനാവകാശ നിയമം, പെസ നിയമം, പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങളുടെ ഭരണവും നിയന്ത്രണവും സംബന്ധിച്ച വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ഭരണഘടനയിലെ അഞ്ച്, ആറ് പട്ടികകൾ ആദിവാസികൾക്ക് ഉറപ്പുനൽകുന്ന അധികാരങ്ങൾ റദ്ദാക്കുന്നതാണ് തീരുമാനമെന്നും ഇത് ഭരണഘടനാ, ആദിവാസി വിരുദ്ധമാണമെന്നുമാണ് ആദിവാസി സംഘടനകൾ പറയുന്നത്. ഇക്കാര്യമുന്നയിച്ച് ആദിവാസി ഗോത്രമഹാസഭ ഉൾപ്പെടെ പ്രക്ഷോഭങ്ങൾക്കൊരുങ്ങുന്നുമുണ്ട്.
പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട അന്തിമ വിജ്ഞാപനത്തിന് മുമ്പ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയവും ഉത്തരവിന് മുമ്പ് സുപ്രിംകോടതിയും ഇക്കാര്യങ്ങൾ പരിഗണിച്ചിട്ടില്ലെന്ന് ആദിവാസി ഗോത്രമഹാസഭ സ്‌റ്റേറ്റ് കോർഡിനേറ്റർ എം. ഗീതാനന്ദൻ പറയുന്നു. 1980ലെ കൺസർവേഷൻ നിയമം, വന്യജീവി സംരക്ഷണ നിയമം എന്നിവ മാത്രമാണ് പരിഗണിക്കപ്പെട്ടത്. സുപ്രധാന തീരുമാനമുണ്ടായ കേസിൽ (ഗോദവർമ്മൻ തിരുമുൾപാട് v/s യൂനിയൻ ഓഫ് ഇന്ത്യ) വനാവകാശ നിയമത്തിന്റെ നോഡൽ ഏജൻസിയായ പട്ടിക വർഗ മന്ത്രാലയമോ ഗ്രാമസഭ നിയമവുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രാലയമോ കക്ഷിയല്ലെന്നതും വിമർശനത്തിന് കാരണമാണ്. വന സംരക്ഷണം മാത്രം ഉയർത്തിപ്പിടിക്കുന്ന വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അഭിപ്രായം മാത്രമാണ് കോടതിയിലെത്തിയതെന്നാണ് പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പെസ നിയമ പ്രകാരം ചെറുകിട വനവിഭവങ്ങളുടെ ഉടമസ്ഥാവകാശവും ഊരുകളിൽ ഭൂമി അന്യാധീനപ്പെടുന്നത് തടയുന്നതിനും നിയമവിരുദ്ധമായി അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നതിനുമുള്ള അധികാരവും ഊരുകൾക്കാണ്. ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല എന്ന തീരുമാനം ഈ അവകാശങ്ങളെല്ലാം ഇല്ലാതാക്കുമെന്നതും ഇവരുടെ ആശങ്കയാണ്. ഇതോടൊപ്പം വന സംരക്ഷണ നിയമത്തിന്റെയും വനാവകാശ നിയമത്തിന്റെയും ചട്ടങ്ങളിൽ ഭേദഗതി വരുത്തിയ നടപടിക്കെതിരേയും ആദിവാസി സമൂഹങ്ങൾക്കിടയിൽ നിന്ന് കനത്ത പ്രതിഷേധമുയരുന്നുണ്ട്.
പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാനത്ത് പല തരത്തിൽ ചർച്ചയായെങ്കിലും ഉത്തരവിലെ ആദിവാസി വിരുദ്ധത കാര്യമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നില്ല. ഇളവ് തേടിയുള്ള പോരാട്ടത്തിൽ ഇക്കാര്യം അവതരിപ്പിക്കപ്പെട്ടാൽ നേട്ടമുണ്ടാകുമെന്നാണ് സമരമുഖത്തുള്ളവരുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."