സി.പി.ഐക്ക് ഇതെന്തുപറ്റി?
ടി.കെ ജോഷി
വീണ്ടും ആനി രാജ ഒറ്റപ്പെട്ടു. കെ.കെ രമയെ നിയമസഭയില്‍ ആക്ഷേപിച്ച സി.പി.എം നേതാവ് എം.എം മണിയുടെ നിലപാടിനെ വിമര്‍ശിച്ച ആനി രാജയെ തള്ളുന്നതാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നടത്തിയ മറുപടി പ്രസംഗത്തിന്റെ സത്ത. ദേശീയ നേതാവ് ആനി രാജ നടത്തിയ അഭിപ്രായപ്രകടനം പാര്‍ട്ടിയുടെ സംഘടനാ ശൈലിക്ക് ചേര്‍ന്നതല്ല. ഇക്കാര്യത്തിലെ വിയോജിപ്പ് ദേശീയ നേതൃത്വത്തെ അറിയിച്ചു. ഇതാണ് കാനം രാജേന്ദ്രന്റെ വിശദീകരണം. ചുരുക്കത്തില്‍ എം.എം മണി പരസ്യമായി പറഞ്ഞതുപോലെ ഡല്‍ഹിയില്‍ 'ഉണ്ടാക്കുന്നവര്‍ക്ക്' കേരളത്തിലെ കാര്യം അറിയില്ലല്ലോ എന്നു തന്നെയാണ് സംസ്ഥാനത്തെ സി.പി.ഐയുടെയും പരസ്യമായ രഹസ്യനിലപാട്. എം.എം മണിപോലും പിന്നീട് തിരുത്തിയ അവഹേളത്തിനാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ പിന്തുണയെന്നതും ശ്രദ്ധേയം.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സി.പി.ഐ അതിന്റെ ഭൂതകാല തിരുത്തല്‍ പാരമ്പര്യത്തിന്റെ അംശം അല്‍പമെങ്കിലും പുറത്തെടുത്തിരുന്നുവെങ്കില്‍ ഇപ്പോള്‍ ഏറാന്‍മൂളി സംസ്‌കാരത്തിലേക്ക് വീണുപോയോ എന്ന് സംശയിക്കുന്നവരെ കുറ്റംപറയാനാവില്ല. മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന കേസിലും അലന്‍, താഹ അറസ്റ്റിലുമെല്ലാം സി.പി.ഐ പൊലിസിനെതിരേയുള്ള നിലപാട് പരസ്യമായി തന്നെ സ്വീകരിച്ചിരുന്നു. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ മാണി കോണ്‍ഗ്രസിനോട് മൂപ്പിളമ തര്‍ക്കത്തില്‍ കുറുമ്പുകാട്ടി ഇരുന്ന സി.പി.ഐ ലോകായുക്ത വിഷയത്തിലും ഗവര്‍ണര്‍ വിഷയത്തിലുമൊക്കെ ആര്‍ക്കൊപ്പമാണെന്നത് കേരളം കണ്ടതാണ്.
പുറത്തിങ്ങനെയൊക്കെയാണെങ്കിലും സി.പി.ഐക്കുള്ളില്‍ സി.പി.എം വിമര്‍ശനത്തിനൊട്ടും കുറവുമില്ല. ഇപ്പോള്‍ പാര്‍ട്ടിയുടെ ജില്ലാ സമ്മേളനങ്ങള്‍ നടന്നുവരികയാണ്. എല്ലായിടത്തും സി.പി.എം നേതാക്കളെയും സര്‍ക്കാരിനേയും വിമര്‍ശനവിധേയമാക്കുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എന്നാല്‍ എന്തിനാണ് ഈ ചായകോപ്പയില്‍ ഇങ്ങനെ കൊടുങ്കാറ്റടിക്കുന്നതെന്ന് ഇനിയെങ്കിലും സി.പി.ഐക്കാര്‍ ചിന്തിക്കണം. അകത്തുമാത്രമല്ല, പറയേണ്ടത് പുറത്തുപറയാനും ആര്‍ജവം കാണിക്കണം. അങ്ങനെയായിരുന്നു വെളിയം ഭാര്‍ഗവന്റേയും സി.കെ ചന്ദ്രപ്പന്റേയും കാലത്തൊക്കെ ആ പാര്‍ട്ടി.
കേരളത്തിലെ പൊലിസിനെക്കുറിച്ചും എം.എം മണിയുടെ രമ അവഹേളനത്തെക്കുറിച്ചുമൊക്കെ ആനി രാജ പറഞ്ഞതില്‍ എന്തു തെറ്റാണുള്ളതെന്ന് വ്യക്തമാക്കേണ്ടതും സി.പി.ഐ സംസ്ഥാന നേതൃത്വമാണ്. ഭരണകക്ഷിയെന്ന നിലയില്‍ വിധേയത്വമാകാം. എന്നാല്‍ അത് ഇടതുപക്ഷ നിലപാടുകളോട് കീഴടങ്ങിയാകുമ്പോഴാണ് വിമര്‍ശനമുയരുന്നത്.
കെ റെയിലിന്റെ പേരില്‍ വികസനത്തിന്റെ വേലികെട്ടി സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ക്ക് തടയിടാന്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ സി.പി.എമ്മിനു കഴിഞ്ഞിരുന്നുവെങ്കില്‍ സി.പി.ഐ സമ്മേളനങ്ങളില്‍ വികസനപുരുഷ പരിവേഷം തകര്‍ക്കാന്‍ പ്രതിനിധികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും നേതാക്കള്‍ ആ വികാരത്തിനൊപ്പമുണ്ടോയെന്ന സംശയം ഉയരുന്നുണ്ട്. മുന്നണിയുടെ അവകാശികള്‍ തങ്ങളാണെന്ന് അരക്കിട്ടുറപ്പിക്കാനും സി.പി.ഐ സമ്മേളനവേദികളില്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നുണ്ട്. അത് സി.പി.ഐയുടെ നിലനില്‍പ്പിന്റെ രാഷ്ട്രീയം കൂടിയാണ്. യഥാര്‍ഥ ഇടതുപക്ഷ ബദല്‍ വരെ അവകാശപ്പെട്ട സി.പി.ഐ മുന്നണിയില്‍ പോലും അപ്രസക്തമാകുന്നുവെങ്കില്‍ അത് ഇടതുപക്ഷ മനസുകളില്‍ നിന്ന് പാര്‍ട്ടി കുടിയിറങ്ങിയതിന്റെ സൂചനയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."