ആവശ്യമായ പണം നല്‍കിയിരുന്നു, മൃതദേഹവുമായുള്ള സമരം രാഷ്ട്രീയ മുതലെടുപ്പ്; കരുവന്നൂരിലെ മരണത്തില്‍ വിവാദ പരാമര്‍ശവുമായി മന്ത്രി ബിന്ദു
തൃശൂര്‍: തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ ഫിലോമിനയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദു. ഇന്നലെ മരിച്ച ഫിലോമിനയുടെ കുടുംബത്തിന് ആവശ്യമായ പണം നല്‍കിയിരുന്നുവെന്നാണ് മന്ത്രിയുടെ വാദം. മൃതദേഹം ബാങ്കിന് മുന്നിലെത്തിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളേജിലായിരുന്നു ഫിലോമിനയുടെ ചികിത്സ. ആധുനിക സംവിധാനങ്ങളെല്ലാം ഇന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ലഭ്യമാണ്. മരണം ദാരുണമാണ്. അതിനെ രാഷ്ട്രീയമായി ഉപയോഗികകുന്നത് ശരിയല്ലെന്നും ആര്‍ ബിന്ദു പറഞ്ഞു.
കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് വിഷയത്തില്‍ നേരത്തെ ഇടപെട്ടിട്ടുണ്ടെന്നും നിക്ഷേപത്തെ സംരക്ഷിക്കാന്‍ കേരള ബാങ്കുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കുമെന്നും വിശദീകരിച്ചു.
ഇന്നലെ രാവിലെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ എഴുപത് വയസുകാരി മരിച്ചത്. മെച്ചപ്പെട്ട ചികിത്സക്കുള്ള പണം പോലും ബാങ്ക് ഭരണ സമിതി നല്‍കിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
30 ലക്ഷം രൂപയാണ് ഫിലോമിന കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. നിക്ഷേപിച്ച പണം തിരികെ കിട്ടിയിരുന്നെങ്കില്‍ മികച്ച ചികിത്സ നല്‍കുമായിരുന്നുവെന്ന് മരിച്ച ഫിലോമിനയുടെ ഭര്‍ത്താവ് ദേവസി പ്രതികരിച്ചു. പണം ചോദിക്കുമ്പോള്‍ ബാങ്കിലെ ജീവനക്കാര്‍ മോശമായി പെരുമാറിയെന്നാണ് ദേവസ്യ വിശദീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."