കുറ്റാരോപിതൻ മജിസ്‌ട്രേറ്റ് പദവിയിൽ!
മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സർക്കാർ നടപടി ശരിയല്ല. ഐ.എ.എസ് സേവനവ്യവസ്ഥയുടെ ഭാഗമാണ് കലക്ടർ നിയമനം എന്ന സർക്കാർ ഭാഷ്യം സ്വീകാര്യവുമല്ല. ഐ.എ.എസ് ഉദ്യോഗസ്ഥർ എപ്പോഴെങ്കിലും രണ്ടു വർഷം കലക്ടറായി പ്രവർത്തിച്ചാൽ മതിയെന്നാണ് സേവനവ്യവസ്ഥയിൽ പറയുന്നത്. ഇപ്പോൾ തന്നെ അടിയന്തരമായി കലക്ടർ പദവി നൽകേണ്ടിയിരുന്നില്ല. കേസ് തീർപ്പായതിന് ശേഷം പരിഗണിക്കാമായിരുന്നു. ധൃതിപിടിച്ച് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതിനു പിന്നിൽ സർക്കാരിനെ അലട്ടിക്കൊണ്ടിരിക്കുന്ന സ്വപ്നാ സുരേഷിന്റെ അടിക്കടിയുള്ള വെളിപ്പെടുത്തലുകളിൽ നിന്നും സ്വർണക്കടത്ത് പോലുള്ള നിരവധി ആരോപണങ്ങളിൽ നിന്നും മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധ തിരിച്ചുവിടാനായിരുന്നോ ?
കൊലക്കുറ്റത്തിന് വിചാരണ നേരിടുന്ന വ്യക്തി വിധി പറയാനിരിക്കുന്ന ജഡ്ജിയായി മാറുന്നതു പോലെ വിചിത്രമാണ് ഇത്തരമൊരു നിയമനം. ജില്ലാ കലക്ടർ മജിസ്റ്റീരിയൽ അധികാരമുള്ള വ്യക്തിയും കൂടിയാണ്. ആ നിലക്ക് തനിക്കെതിരേയുള്ള കൊലപാതകക്കുറ്റം അട്ടിമറിക്കാൻ ശ്രീറാം വെങ്കിട്ടരാമന് എളുപ്പത്തിൽ കഴിയും. ഈ കേസ് തുടക്കം മുതൽ അട്ടിമറിക്കാൻ ശ്രീറാം നടത്തിയ ശ്രമങ്ങൾ തെളിവുകളായി ഉണ്ട്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച അന്തിമ കുറ്റപത്രത്തിൽ ശ്രീറാം കേസ് തുടക്കം മുതൽ അട്ടിമറിക്കാൻ ശ്രമിച്ചു എന്ന് അടിവരയിട്ട് പറയുന്നുണ്ട്. അത്തരമൊരു വ്യക്തി ജില്ലാ മജിസ്‌ട്രേറ്റ് പദവിയിൽ വന്നാൽ വിചാരണയ്ക്കെത്തുമ്പോൾ സാക്ഷികളെ കൂറുമാറ്റിക്കാനും അട്ടിമറിക്കാനുള്ള സാധ്യതയും ഏറെയാണ്. കലക്ടർ പദവിയിൽ ശ്രീറാം വെങ്കിട്ടരാമനെ നിയമിക്കുന്നതിൽ നിയമപരമായി തെറ്റില്ലെന്നാണ് സർക്കാർ നിലപാട്. അത് ശരിയുമായിരിക്കാം. കലക്ടർ പദവിയുടെ പ്രാധാന്യം കണക്കിലെടുത്ത് ഔചിത്യം പാലിക്കേണ്ടതായിരുന്നു സർക്കാർ. ജനങ്ങളുമായി അവരുടെ പ്രശ്‌നങ്ങൾ സംബന്ധിച്ച് നിരന്തരം ഇടപെടേണ്ടിവരുന്ന ജില്ലാ ഭരണാധികാരി കൊലക്കേസ് പ്രതിയാണെന്ന് വരുന്നത് അപലപനീയമാണ്. ഫയലുകളിൽ ഒപ്പുവയ്‌ക്കേണ്ട ശ്രീറാമിന്റെ വിരലുകളിൽ നിഷ്‌കളങ്കനായിരുന്ന, മന്ദസ്മിതത്തോടെ മാത്രം സംസാരിച്ചിരുന്ന ഒരു മാധ്യമപ്രവർത്തകന്റെ ചോരപ്പാടുകൾ ഉണ്ടെന്നോർക്കണം. ആ കറ എത്ര തവണ മായ്ച്ചാലും ശ്രീറാം വെങ്കിട്ടരാമിന്റെ വിരലുകളിൽ നിന്ന് മാഞ്ഞുപോവില്ല.
നിഷ്‌കളങ്കനായിരുന്നു ശ്രീറാം വെങ്കിട്ടറാമെങ്കിൽ തന്റെ പക്കൽനിന്ന് അറിയാതെ വന്നുപോയ അപരാധമാണെന്ന് പറഞ്ഞ് കെ.എം ബഷീറിന്റെ അനാഥരായ പിഞ്ചുമക്കളോടും കുടുംബത്തോടും എന്നേ മാപ്പു ചോദിക്കുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇപ്പോൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതിഷേധ സമരങ്ങൾ ഉണ്ടാകുമായിരുന്നില്ല.
കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയതു മുതൽ കേസ് അട്ടിമറിക്കുന്നതിലായിരുന്നു ശ്രീറാം ബദ്ധശ്രദ്ധനായത്. മദ്യപിച്ചു കാർ അമിതവേഗതയിൽ ഓടിച്ച് ബഷീറിന്റെ ദേഹത്ത് കയറ്റി കൊലപ്പെടുത്തുമ്പോൾ സർവേ ഡയരക്ടർക്ക് പുറമെ റോഡ് സുരക്ഷയുടെ ചുമതലയും കൂടി ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു ശ്രീറാം. അങ്ങനെയുള്ള ഉന്നതോദ്യഗസ്ഥനാണ് മദ്യലഹരിയിൽ മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയത്. 50 കിലോമീറ്റർ വേഗപരിധിയുള്ള പാതയിലൂടെയാണ് മദ്യലഹരിയിൽ അമിതവേഗതയിൽ അദ്ദേഹം കാറോടിച്ചത്. ദേവികുളം സബ് കലക്ടറായി ശ്രീറാം ജോലി നോക്കുമ്പോൾ സന്ധ്യ മയങ്ങിയാൽ കലക്ടറുടെ ബംഗ്ലാവിൽ മദിരോത്സവമാണെന്ന് തുറന്നുപറഞ്ഞ എം.എം മണി എം.എൽ.എയുടെ വാക്കുകളും ഇവിടെ ഓർക്കാവുന്നതാണ്.
ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കെ.എം ബഷീറിനെ ഇടിച്ചിട്ട് കൊലപ്പെടുത്തിയ ശേഷം അവിടെ എത്തിയ പൊലിസിനോട് ശ്രീറാം പറഞ്ഞത്, താനല്ല വണ്ടി ഓടിച്ചതെന്നും ഒപ്പമുണ്ടായിരുന്ന പെൺ സുഹൃത്ത് വഫ ഫിറോസ് ആയിരുന്നുവെന്ന പച്ചക്കള്ളമാണ്. വഫ അത് നിഷേധിച്ചുവെങ്കിലും അവിടം മുതൽ ആരംഭിക്കുകയായിരുന്നു കേസ് അട്ടിമറിക്കൽ യജ്ഞം. കാര്യമായ പരുക്ക് ഇല്ലാതിരുന്നിട്ടും തന്നെ മെഡിക്കൽ കോളജിൽ അഡ്മിറ്റാക്കണമെന്നാണ് പൊലിസിനോട് ശ്രീറാം ആവശ്യപ്പെട്ടത്. പൊലിസ് അപ്പോഴേക്കും ആളെ തിരിച്ചറിഞ്ഞതിനാൽ ആവശ്യത്തിനു വഴങ്ങി. എന്നാൽ മെഡിക്കൽ കോളജിൽ പോകാതെ സ്വകാര്യ ആശുപത്രിയിൽ പോയി. പൊലിസ് അതിനു ഒത്താശ ചെയ്തുകൊടുത്തു. കിംസ് ആശുപത്രിയിൽ പരിശോധനക്കായി രക്തം എടുക്കാൻ അനുവദിക്കാതെ, മദ്യത്തിന്റെ ലഹരി ഇറങ്ങുന്നതു വരെ ശ്രീറാം സ്വകാര്യ ആശുപത്രിയിൽ പൊലിസ് സഹകരണത്തോടെ കഴിഞ്ഞു. കുറ്റപത്രത്തിൽ ഈ തെളിവ് നശിപ്പിക്കൽ സൂചിപ്പിച്ചിട്ടുണ്ട്. അത്തരമൊരാളെയാണ് കോടതിയുടെ അധികാര പരിധിയുള്ള കലക്ടർ പദവിയിൽ സർക്കാർ നിയമിച്ചിരിക്കുന്നത്.
ശ്രീറാമിനെതിരേ കുറ്റകരമല്ലാത്ത നരഹത്യ അടക്കമുള്ള കുറ്റങ്ങൾക്കും ഒപ്പമുണ്ടായിരുന്ന വഫയ്‌ക്കെതിരേ പ്രേരണാ കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. കേരള പത്രപ്രവർത്തക യൂനിയന്റെ ജാഗ്രതയും പൊതുസമൂഹത്തിൽ നിന്നുണ്ടായ ശക്തമായ പ്രതിഷേധത്തെ തുടർന്നുമാണ് സർക്കാരിന്റ ഭാഗത്തുനിന്നും പൊലിസിന്റെ ഭാഗത്തുനിന്നും ഇത്തരം നടപടികൾ ഉണ്ടായത്. കൊല്ലപ്പെട്ട കെ.എം ബഷീർ വെറുമൊരു സാധാരണ വ്യക്തിയായിരുന്നെങ്കിൽ പതിവ് റോഡപകടങ്ങളിൽ പെടുമായിരുന്നു ശ്രീറാം മദ്യപിച്ചുനടത്തിയ 'മനഃപൂർവമല്ലാത്ത' നരഹത്യ.
അറസ്റ്റിലായ ശ്രീറാമിനു നിരപരാധി കുപ്പായം അണിയിക്കാൻ അന്നത്തെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഐ.എ.എസ് ലോബി ഭഗീരഥയത്‌നമാണ് നടത്തിയത്. അറസ്റ്റ് ചെയ്യപ്പെട്ട ശ്രീറാമിനെ ആറു മാസത്തേക്കും തുടർന്നു മൂന്നു മാസത്തേക്കും സർക്കാർ സസ്‌പെൻഡ് ചെയ്തുവെങ്കിലും സർവിസിൽ വേഗത്തിൽ തിരിച്ചെടുക്കുകയും ആരോഗ്യവകുപ്പിൽ നിയമിക്കുകയും ചെയ്തു. ഇപ്പോൾ ആലപ്പുഴ ജില്ലാ കലക്ടറായി നിയമനം നൽകിയത് ജനങ്ങളോടുള്ള വെല്ലുവിളിയായും പലതിൽ നിന്ന് ശ്രദ്ധ മാറ്റാനുമുള്ള സർക്കാർ തന്ത്രമായും മാത്രമേ കാണാനാകൂ. ശ്രീറാം കലക്ടറായി ചുമതല ഏറ്റെടുത്തത് മുതൽ ആലപ്പുഴ കലക്ടറേറ്റ് പടിക്കൽ സമരമാണ്. കോൺഗ്രസാണ് സമരം തുടങ്ങിയത് പിന്നാലെ മുസ്‌ലിം ലീഗും കഴിഞ്ഞ ദിവസ സമരമുഖം തുറന്നു. ബഷീറിന്റെ കുടുംബത്തിനു താൽക്കാലികാശ്വാസവും ഭാര്യക്കു സർക്കാർ ജോലി നൽകിയതിനാലും ബഷീർ ജോലി ചെയ്തിരുന്ന മാധ്യമസ്ഥാപനം സമരമാർഗങ്ങളിൽനിന്ന് പിന്നോട്ടു പോവുകയായിരുന്നു. ബഷീറിന് നീതി കിട്ടാൻ പത്രപ്രവർത്തക യൂനിയനും രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളിൽനിന്ന് എത്രകാലം ഭരണത്തോട് ഒട്ടിനിൽക്കുന്നവർക്ക് മാറിനിൽക്കാനാകും. പ്രിയപ്പെട്ട കുടുംബനാഥന്റെ അകാലത്തിലുള്ള പൊഴിഞ്ഞുപോക്ക് കുന്നോളം ആനുകൂല്യങ്ങൾക്കു പകരമാവില്ല. സർക്കാർ നൽകിവരുന്ന പതിവ് ആനുകൂല്യങ്ങളിൽ ചവിട്ടിമെതിക്കപ്പെടേണ്ടതല്ല മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ കുടുംബത്തിനും അനാഥരായ പിഞ്ചു മക്കൾക്കും കിട്ടേണ്ട നീതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."