ഗ്യാങ്ടോക്ക് കുന്നിൻമുകളിലെ നഗരം
യാത്ര
മനു റഹ്മാൻ
റങ്പോ ചെക്ക്പോസ്റ്റ് കടന്നതോടെ കുന്നും മലയും കാടും മേടുമെല്ലാം നിറഞ്ഞൊരു നഗരത്തേക്ക് എത്തിപ്പെടാനുള്ള അതിയായ ആഗ്രഹമായിരുന്നു മനസിൽ. രാവിലെ മുതൽ കാണുന്ന തെളിഞ്ഞ കാലാവസ്ഥക്ക് മാറ്റമില്ല. ഹൈവേയിൽ പ്രവേശിച്ചതോടെ തണുപ്പ് ഗണ്യമായി കുറഞ്ഞു. വാഹനങ്ങൾ നിരന്തരം പോകുന്നതിനാൽ മണ്ണും പൊടിയും ധാരാളമായിരുന്നു. റോഡരികിൽ വേഗം കുറക്കാൻ ഓർമിപ്പിച്ചുകൊണ്ട് നാട്ടിയ ചില മനോഹരമായ വരികൾ എന്റെ ശ്രദ്ധയാകർഷിച്ചു. ലൈഫ് ഈസ് ഷോർട്ട്, ഡോണ്ട് മെയ്ക് ഇറ്റ് ഷോർട്ടർ, ദാറ്റ് ഈസ് ഡീപ്പ് ഡോണ്ട് ഗോറ്റു സ്ലീപ്പ്...
കുറേക്കൂടി പോയതോടെ സിങ്ടൺ നഗരത്തിലെത്തി. ഇതുവരെയും റോഡിന്റെ വലതുവശം ചേർന്ന് ഒഴുകിയ നദി പാലം കടന്നതോടെ എതിർദിശയിലേക്കായി. ആ ഭാഗത്തായിരുന്നു ടീസ്റ്റയുടെ സൗന്ദര്യം കൂടുതൽ വ്യക്തമായത്. വിശാലമായ നദി അരികിലേക്ക് ചുരുങ്ങിയാണ് ഒഴുകുന്നത്. എന്നിട്ടും അതിന് നമ്മുടെ നദികളെക്കാൾ വീതിയുണ്ടായിരുന്നു.
നീലയും പച്ചയും കലർന്ന വെള്ളത്തിന് മാറ്റമില്ല. ചില ഭാഗങ്ങളിൽ അവൾ വെട്ടിത്തിരിഞ്ഞുപോയി. നദിയും റോഡും സമാന്തരമായി ചേർന്നുപോകുന്നു. അതിരിട്ട് നിൽക്കുന്നത് ചെങ്കുത്തായി നിലകൊള്ളുന്ന കൂറ്റൻ മലനിരകൾ. പേരറിയാത്ത അനേകം വൃക്ഷങ്ങളുമായി ഇടതിങ്ങിയാണ് അതിന്റെ നിൽപ്പ്. ഓരോ ഇലയും താഴ്ഭാഗത്തൂടെ കുതിച്ചൊഴുകുന്ന നദിയെ നിർവികാരതയോടെ നോക്കുന്നതായി തോന്നി. പാറക്കെട്ടുകളിൽ മുട്ടി ചിതറിയൊഴുകുന്ന അവസരങ്ങളിലാണ് പൊതുവിൽ ഉപരിതലം ശാന്തമായ ആ ഒഴുക്കിന്റെ വേഗം അത്ഭുതപ്പെടുത്തുന്നതാണെന്ന് ബോധ്യപ്പെട്ടത്.
ഇരുപത്തിയെട്ട് കിലോമീറ്റർ കൂടി പോയാൽ ഗാങ്ടോക്ക് നഗരത്തിൽ എത്തുമെന്ന് മൈൽക്കുറ്റി മന്ത്രിച്ചു. റോഡരികിൽ ചില മാടപ്പീടികകൾ ഇടയ്ക്ക് കണ്ടു. ചുട്ടെടുത്ത ചോളവുമായി യാത്രക്കാരെ കാത്തിരിക്കുകയാണവർ. റോബസ്റ്റ് പഴവും കുടിവെള്ളവും ബിസ്കറ്റുമെല്ലാം അവിടെ കണ്ടു. ആവശ്യക്കാർക്കായി സമീപത്തെ അടുപ്പിലിട്ട് ചോളം ചുട്ടെടുക്കുന്നു. കാറിന്റെ ചില്ല് കയറ്റിയിട്ടതിനാലാവാം ചോളം വേവുന്ന ഗന്ധം എത്താത്തത്. രുചിച്ചിട്ടുണ്ടെങ്കിലും തീരെ ഇഷ്ടം തോന്നാത്ത ഒരു വിഭവമാണതെന്നത് മറച്ചുവയ്ക്കുന്നില്ല.
ദീർഘനേരമായി നിരപ്പായ റോഡിലൂടെയാണ് ടീസ്റ്റ നദിയുമായി സൊള്ളിക്കൊണ്ട് വണ്ടി നീങ്ങിയിരുന്നത്. വീണ്ടും കയറ്റം ആരംഭിക്കുകയാണ്. റോഡിന് ആവശ്യത്തിന് വീതിയുണ്ടെങ്കിലും ചുറ്റിവളഞ്ഞാണ് കിടക്കുന്നത്. മൂന്നോട്ടു കയറവേ തണുപ്പിനു വീണ്ടും വീറുകൂടുന്നു. നിബിഡ വനമാണ് ഇരുഭാഗത്തും. ടീസ്റ്റയോ, കൈവഴിയോ എന്നറിയാത്ത ഒരു നദിയാണ് അഗാധതയിലൂടെ ഒഴുകുന്നത്. പാറക്കൂട്ടങ്ങളും മരങ്ങളും നിറഞ്ഞ ഭാഗമായതിനാൽ ഒഴുക്കിലോളം കണ്ണെത്തുന്നില്ല. എന്തായാലും നേരത്തെ കണ്ട വീതിയൊന്നും ഇവിടെ ഇല്ല. കുറച്ചുകൂടി പോയതോടെ ഇലച്ചാർത്തുള്ള റോഡിലേക്ക് സൂര്യവെളിച്ചം ധാരാളമായി എത്തി. വീണ്ടും ഒരു പട്ടണത്തിലേക്ക് എത്തുന്നു. ചെറുതല്ലാത്ത പട്ടണം. സ്ഥാനം ടീസ്റ്റയുടെ കരയിൽതന്നെ. പട്ടണത്തിലേക്ക് പ്രവേശിക്കുന്ന പാലത്തിനരികിൽ പുഴ മുക്കാലും കൈയേറി നിർമാണം പുരോഗമിക്കികയാണ്. പുഴയോട് ചേർന്ന മല ഇടിച്ചുനിരത്തിയാണ് മൈതാനംപോലെ ഭൂമി നിരപ്പാക്കിയിരിക്കുന്നത്. ആ ഭാഗത്ത് പുഴ മൂന്നോ നാലോ മീറ്ററായി ചുരുങ്ങിയിരിക്കുന്നു. ഇവിടെ വാർത്താചാനലുകളും മീഡിയാ ആക്ടിവിസവുമൊന്നും ഇല്ലെന്ന് ഉറപ്പായി.
ആ നഗരവും കടന്ന് വീണ്ടും കുന്നുകയറുകയാണ്. ഡാർജീലിങ്ങിൽ നിന്ന് പോന്നതു മുതൽ കുന്നിന്റെയും പർവതങ്ങളുടെയും സാന്നിധ്യമില്ലാത്ത ഒരിടവും കണ്ടിട്ടില്ല. തലസ്ഥാന നഗരിയുടെ സാന്നിധ്യം അറിയിച്ച് റോഡിന്റെ ഇരുവശത്തും കാൽനടക്കാർക്കായി നിർമിച്ച നടപ്പാത കണ്ടു. ഇരുഭാഗത്തും ഇരുമ്പുപൈപ്പുകളാൽ കൈവരികെട്ടിയിരുന്നു. ആ പ്രകൃതിക്ക് ഇണങ്ങുന്ന വിധത്തിൽ കടുംപച്ച ചായമാണ് കൈവരിയിൽ പൂശിയിരിക്കുന്നത്.
ഏതാനും കിലോമീറ്റർ കൂടി പോയതോടെ ഗാങ്ടോക്കിനോട് തൊട്ടുകിടക്കുന്ന ടഡോങ്ങിലെത്തി. മലയാളിക്ക് ഏറെ പരിചിതമായ ഒരു സ്ഥാപനത്തിന്റെ ബോർഡ് കണ്ടു. സിക്കിംമണിപ്പാൽ യൂനിവേഴ്സിറ്റി ഡയരക്ടറുടെ ഓഫിസായിരുന്നു അത്. സിക്കിമിലേക്ക് പ്രവേശിച്ചത് മുതൽ മനസിൽ ആ സർവകലാശാലയുടെ പേര് നിരവധി തവണ കയറിവന്നിരുന്നു. പണ്ട് സിക്കിമിലോ, അസമിലോ ബി.എഡ് ചെയ്താലോ എന്ന ഒരു പദ്ധതിയുണ്ടായിരുന്നു. കോഴിക്കോട്ടുള്ള ധാരാളം ചെറുപ്പക്കാർ അന്ന് ഈ മേഖലയിലെല്ലാം താമസിച്ച് ബി.എഡ് ചെയ്തിരുന്നു. നാട്ടിൽ മുപ്പതിനായിരവും നാൽപതിനായിരവും ഉണ്ടായിരുന്ന കാലത്തായിരുന്നു പതിനായിരം രൂപ ക്യാപിറ്റേഷൻ ഫീസ് നൽകിയാൽ അവിടെ പ്രവേശനം ലഭിച്ചിരുന്നത്.
കീശകീറുന്ന നഗരം
ഗാങ്ടോക്കിൽ ഓട്ടോയും ടോട്ടയുമൊന്നുമില്ല. ഭൂമിയുടെ ചെങ്കുത്തായ കിടപ്പാണ് കാരണം. എന്തിനും ഏതിനും ടാക്സികളാണ് ശരണം. ട്രിപ്പ് വിളിച്ചുപോയാൽ കീശകീറും. മിനിമം ചാർജായി ഈടാക്കുന്നത് അറുപതും എഴുപതും രൂപ. താമസിക്കാൻ തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലം നഗരഹൃദയത്തിൽനിന്ന് രണ്ടു കിലോമീറ്ററോളം താഴെയാണ്. പത്തു മിനുട്ടോളം നടന്നപ്പോഴാണ് മറ്റൊരു ഡ്രൈവറെ കണ്ടത്. അയാൾ 600 രൂപക്ക് ആറു പോയിന്റുകൾ കാണിച്ചുതരാമെന്ന് ഉറപ്പുനൽകി.
ആദ്യം എന്നെയും കൊണ്ടുപോയത് വർഷോ നടക്കുന്ന ഇടത്തേക്കായിരുന്നു. നാം മലയാളികൾ കാണുന്ന ഫലവൃക്ഷ പ്രദർശനത്തെ അപേക്ഷിച്ച് വളരെ ചെറിയ ഒരു സ്ഥലത്തായിരുന്നു ആ പുഷ്പ പ്രദർശനം. ആറേഴ് സെന്റ് ചുറ്റളവുണ്ടാവും. ആന്തൂറിയങ്ങൾ, പനിനീർപൂക്കൾ തുടങ്ങിയവായിരുന്നു കൂടുതലും. സിക്കിമിൽ മാത്രം കാണുന്ന അപൂർവമായ ചില പൂക്കൾ കാണാനായതായിരുന്നു നേട്ടം.
സിക്കിം കരകൗശല പ്രദർശന വിൽപന കേന്ദ്രവും ഞങ്ങൾ സന്ദർശിച്ചു. വൈക്കോൽ കൊണ്ട് നിർമിച്ച ഒരുപാട് ഉൽപന്നങ്ങൾ അവിടെ പ്രദർശിപ്പിച്ചിരുന്നു. വൈക്കോലിൽ നിന്ന് ഇത്രയും ഉൽപന്നങ്ങളോയെന്ന് തോന്നിപ്പോയി.
മഹാത്മാ ഗാന്ധി ചത്വരം
മഹാത്മാഗാന്ധി ചത്വരമാണ് ഗാങ്ടോക്കിന്റെ സിരാകേന്ദ്രം. ലോഡ്ജിനു സമീപത്തുകൂടെയുള്ള റോഡ് ചുറ്റിവളഞ്ഞ് കയറിപ്പോകുന്നത് അങ്ങോട്ടാണ്. ആ ചത്വരത്തിൽ എത്തുന്നതോടെ റോഡ് അവസാനിക്കുകയായി. ടാക്സി ഡ്രൈവർ റോഷനോട് യാത്രപറഞ്ഞ് മഹാത്മാ ഗാന്ധി ചത്വരം ലക്ഷ്യമാക്കി നടന്നു. ഇരുഭാഗത്തും മിഠായിക്കടകളും സഞ്ചാരികൾക്ക് ആവശ്യമായ ഭക്ഷണം ഉൾപ്പെടെയുള്ളവയും നിരത്തിവച്ചിരിക്കുന്ന ഒരു സ്ക്വയർ. അവിടെ നിൽക്കുമ്പോൾ അനുഭവപ്പെടുന്ന പോസിറ്റീവ് എനർജി അനുഭവിച്ചുതന്നെ അറിയണം.
ഗൊഞ്ചാങ് മൊണാസ്ട്രി
ഗൊഞ്ചാങ് മൊണാസ്ട്രിയിൽ എത്തുമ്പോൾ പ്രാർഥനാ സമയമായിരുന്നു. തറനിരപ്പിൽനിന്ന് നിരവധി പടികൾ കയറിവേണം മൊണാസ്ട്രിക്ക് അകത്തേക്ക് പ്രവേശിക്കാൻ. ചെരുപ്പ് അഴിച്ചുവച്ചാൽ അകത്തു കയറാം. വേണമെങ്കിൽ പ്രാർഥനയിലും നിങ്ങൾക്ക് പങ്കാളിയാവാം. പക്ഷേ, ഫോട്ടയെടുക്കുന്നതിന് വിലക്കുണ്ട്. മുഖ്യ പുരോഹിതനും സഹായികളും ഉയർന്ന പീഠത്തിൽ ഇരിക്കുന്നു. ബാക്കിയുള്ള ലാമമാർ തങ്ങളുടെ സ്ഥാനത്തിന് അനുസരിച്ചായിരുന്നു ഉപവിഷ്ടരായിരുന്നത്. ഗാങ്ടോക്ക് പട്ടണ ഹൃദയത്തിൽനിന്ന് ആറു കിലോമീറ്ററാണ് ഗൊഞ്ചാങ് മൊണാസ്ട്രിയിലേക്കുള്ള ദൂരം. താഷി വ്യൂപോയന്റിന് അടുത്ത് 6,066 അടി ഉയരത്തിലാണ് ഈ ബൗദ്ധദേവാലയം സ്ഥിതിചെയ്യുന്നത്. തിങ്ക്യെ ഗൊഞ്ചാങ് റിംപോഷെയാണ് 1981ൽ ഇവിടെ മൊണാസ്ട്രി സ്ഥാപിച്ചത്. നിങ്മ സ്കൂൾ ഓഫ് ടിബറ്റൻ ബുദ്ധമത തത്വങ്ങളിൽ അധിഷ്ഠിതമായ വിശ്വാസമാണ് മുന്നോട്ടുവയ്ക്കുന്നത്.
താഷിയിലെ കാഴ്ചാഗോപുരം
ഗാങ്ടോക്ക് നഗരം പൂർണമായും കാണാൻ ഉതകുന്ന രീതിയിലാണ് താഷി വ്യൂപോയന്റ് നിർമിച്ചിരിക്കുന്നത്. നഗരത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് ഈ കാഴ്ചാഗോപുരം. ഇവിടെ പണിത ഗോപുരത്തിനു മുകൾതട്ടിൽനിന്ന് പുറത്തേക്കുള്ള കാഴ്ച അനിർവചനീമാണ്. മരതകപ്പച്ചവിരിച്ച താഴ്വരക്കാഴ്ച കണേണ്ടതാണ്. സന്ദർശകർ ഫോട്ടോയെടുക്കാനാണ് ആവേശം കാണിക്കുന്നത്. താഷി വ്യൂപോയന്റ് പോലെ കുന്നിൻനെറുകയിലാണ് ഗണേഷ് ടോക് എന്ന അമ്പലം സ്ഥിതിചെയ്യുന്നത്. പ്രവേശനകവാടത്തിൽ ഭക്തർക്കും സന്ദർശകർക്കും ആഗമനം അറിയിക്കാനായി ഓട്ടുമണി സ്ഥാപിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് പ്രതിഷ്ഠക്ക് എതിർഭാഗത്തായി നിർമിച്ച വിശ്രമത്തിനുള്ള ഗോപുരാകൃതിയിലുള്ള കെട്ടിടത്തിൽനിന്നുള്ള താഴ്വാരക്കാഴ്ച താഷിയേക്കാൾ പതിന്മടങ്ങ് മനോഹരമാണ്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."