എഴുത്തുകാരന്റെ ഭാര്യ
കഥ
നജീബ് കാഞ്ഞിരോട്
പുറത്തു പെയ്യുന്ന മഴയുടെ നിശബ്ദമായ കിതപ്പുകൾ ജാലകത്തിലൂടെയുള്ള ദുർബലമായ കാഴ്ചയിലൂടെ ഹൃദയത്തിലേക്ക് ആവാഹിക്കവേ, അവളുടെ കണ്ണുകൾ ജാലകച്ചില്ലുകൾ പോലെ നനഞ്ഞു. അപ്പോളവൾക്ക് ആ ജനാല തല്ലിപ്പൊളിച്ച് പുറത്തേക്കു പറക്കണമെന്ന് തോന്നി. തിരിച്ചുനടന്ന് ഒരിക്കൽകൂടി വാതിൽ തള്ളി നോക്കിയെങ്കിലും അത് അസ്വസ്ഥതയോടെ നേരിയൊരു മുരൾച്ച പ്രകടിപ്പിച്ചതല്ലാതെ അനങ്ങിയില്ല. ടൈൽസിട്ട പ്രതലത്തിലേക്ക് പൊടിഞ്ഞുവീണൊരു കണ്ണുനീർതുള്ളി അവിടെ കിടന്ന് ചിതറി. അവൾ പതിയെ തിരിച്ചുനടന്ന് റാക്കിൽ അടുക്കിവച്ച പുസ്തകങ്ങളിലേക്ക് കണ്ണോടിച്ചു. ഏറ്റവും മുകളിൽ പ്രത്യേകമായി എടുത്തുവച്ച വ്യത്യസ്ത നിറങ്ങളിലുള്ള അഞ്ചു പുസ്തകങ്ങളിലും തെളിഞ്ഞ ഒരേ പേരിലേക്ക് അവൾ നിസ്സംഗമായി തുറിച്ചുനോക്കി. ‘അരവിന്ദ് രാജ് ’.
ഒരു എഴുത്തുകാരന്റെ ഭാര്യ എന്ന അഹങ്കാരം ഒരിക്കൽപോലും തോന്നിയിട്ടില്ലാത്ത അവൾ പണ്ടുമുതലേ സാഹിത്യ പുസ്തകങ്ങൾ വായിക്കാറില്ലായിരുന്നു. പ്രത്യേകിച്ച്, അരവിന്ദിന്റെ കഥകളോ പുസ്തകമോ അവൾ അത്രയൊന്നും വായിച്ചിട്ടില്ല.
അപ്രസന്നമായ ഭാവത്തോടെ അവളുടെ കണ്ണുകൾ മറ്റു പുസ്തകങ്ങളിലേക്ക് തിരിഞ്ഞു. ദസ്തയേവ്സ്കിയും പൗലോ കൊയ്ലോയും മുകുന്ദനും ബഷീറുമെല്ലാം ജാതിമത പ്രാദേശിക ഭാഷാ വ്യത്യാസമില്ലാതെ തോളോടുതോൾ ചേർന്ന് നിൽക്കുന്നതുകണ്ട അവൾ എം. മുകുന്ദന്റെ ‘കുട നന്നാക്കുന്ന ചോയി’ പതിയെ വലിച്ചെടുത്തു. പുസ്തകത്തോടൊപ്പം പഴകിയ പൊടിയും മണവും കണ്ണുകൾക്കു മുന്നിൽ അവ്യക്തത സൃഷ്ടിച്ചു. മൊബൈലിന്റെ ഇരമ്പലില്ലാത്ത ശൂന്യമായ കൈകളിൽ പുസ്തകത്തിന്റെ ഗന്ധം പറ്റിയപ്പോൾ അവൾക്ക് ആദ്യം അസ്വസ്ഥത തോന്നി. അവൾ മരത്തിന്റെ ചാരുകസേരയിലിരുന്ന് പുസ്തകം തുറന്ന് അക്ഷരങ്ങളിലേക്ക് ഊർന്നുവീണു. പുറത്തപ്പോൾ മഴ തോർന്നിരുന്നു.
‘നീ ഇന്നൊരു ദിവസം ഈ റൂമിൽ ഒറ്റക്ക് താമസിക്ക്. മൊബൈലും വേണ്ട, ഒരു പുല്ലും വേണ്ട. അവിടെയിരുന്ന് എന്റെ അഞ്ചു പുസ്തകവും വായിച്ചു കഴിയുമ്പോൾ ഞാൻ വന്ന് തുറന്നുതരും. ഞാൻ വൈകുന്നേരം വരുമ്പോഴേക്കും നീ അക്ഷരങ്ങളെ പ്രണയിച്ചു തുടങ്ങും. എപ്പോ നോക്കിയാലും മൊബൈലിൽ കുത്തിയിരുന്നോളും. ഇന്ന് നീ എവിടെയും പോകണ്ട. ഭക്ഷണം പുറത്തുനിന്നും മേടിക്കാം’.
അത് അരവിന്ദന്റെ ശബ്ദമായിരുന്നു. രാവിലെ അയാൾ പുറത്തേക്ക് പോകുന്നതിനു തൊട്ടുമുമ്പ് അവിടെ മുഴങ്ങിയ ആ വാചകങ്ങളിൽ അമിതമായ ക്രോധവും വെറുപ്പും സമന്വയിച്ചിരുന്നു. സാഹിത്യ മേഖലയിൽ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത് മുതലാണ് അയാൾ അരവിന്ദൻ എന്ന പേര് മാറ്റി അരവിന്ദ് രാജാക്കിയത്. രണ്ട് കഥാ സമാഹാരവും യാത്രാ വിവരണവും നോവലും കവിതാ സമാഹാരവും ഓരോന്ന് വീതവുമായി ആകെ അഞ്ചു പുസ്തകങ്ങൾ അയാളുടേതായി ഇതുവരെ പുറത്തുവന്നത് കൊണ്ടുതന്നെ, വ്യത്യസ്ത രചനാ മേഖലകളിൽ തിളങ്ങുന്നതിന്റെ അഹങ്കാരം അയാളുടെ ശബ്ദത്തിൽ എന്നും തുടിച്ചുനിന്നു.
അവസാനം ഇറങ്ങിയ പുസ്തകം സുഹൃത്തുക്കളായ എഴുത്തുകാർ എല്ലാവരും കൂടി ഫേസ്ബുക്കിൽ കവർ പ്രകാശനം നടത്തിയപ്പോഴും സുധ അതിലൊന്നും താൽപര്യം കാണിച്ചില്ലെന്നു മാത്രമല്ല, അയാളുടെ സാഹിത്യബന്ധമുള്ള ഒരു പോസ്റ്റിനും അവൾ ലൈക്ക് ചെയ്തതുമില്ല. അതാണ് അയാൾക്ക് കലി കയറിയതും കുറേ കാലമായി ഉള്ളിൽ പുകയുന്ന രോഷം ഒന്നാകെ ഇന്ന് പുറത്തേക്ക് തെറിക്കാനും രാവിലെ അവളെ ലൈബ്രറി റൂമിന്റെ അകത്തേക്കിട്ട് മുറിപൂട്ടി പുറത്തുപോകാനും കാരണമായത്. അയാൾക്ക് തന്റെ പുസ്തകങ്ങളെയും എഴുത്തുകളെയും അവഗണിക്കുന്നവരോട് വെറുപ്പായിരുന്നു. അതു കൊണ്ടാണ് അരവിന്ദ് രാജ് എന്ന സാഹിത്യകാരൻ കഴിഞ്ഞ മാസം നാട്ടുകാരുടെ ഒരു ഗ്രൂപ്പിൽ നിന്നും സ്കൂൾ ഗ്രൂപ്പിൽ നിന്നും ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയതും.
‘കഥയും കവിതയും ലേഖനവും സഞ്ചാര സാഹിത്യവുമടക്കം രചനയുടെ എല്ലാ മേഖലയിലും കൈവച്ച എഴുത്തുകാരൻ മലയാളത്തിൽ വേറെ ആരുണ്ട്?’ എന്ന് അയാൾ ഇടയ്ക്കിടെ സുഹൃത്തുക്കളോട് ചോദിക്കാറുണ്ടായിരുന്നു. പക്ഷേ, നാട്ടുകാരായ അക്ഷരവിരോധികൾ തന്റെ എഴുത്തുകളെ അവഗണിക്കുകയും മറ്റുള്ളവർ എഴുതിയ പലതും ഗ്രൂപ്പിൽ കൊണ്ടുവന്നു തള്ളുകയും ചെയ്യുന്നതു കണ്ടപ്പോൾ അയാൾ അത്തരം വാട്സ്ആപ്പ് ഗ്രൂപ്പുകളെയും അതിന്റെ അഡിമിൻമാരെയും വെറുത്തു. അതിന്റെയൊക്കെ പ്രതിഫലനങ്ങളാണ് ഇപ്പോൾ അയാളിൽ നിന്നും സുധയുടെ നേർക്കുള്ള രോഷമായി തെറിച്ചുവീണത്.
മഴയുടെ ഇരമ്പൽ ജാലക തടസങ്ങളെ അവഗണിച്ച് കാതിലേക്ക് വീണപ്പോൾ അവൾ പുസ്തകം മാറ്റിവച്ചു ചില്ലുജാലകത്തിലൂടെ പുറത്തേക്ക് നോക്കി. മഴ ആർത്തലച്ചു ആഘോഷമായി പെയ്യുകയായിരുന്നു. സത്യത്തിൽ അവൾ ആദ്യമൊക്കെ അയാളുടെ ഒന്നോ രണ്ടോ കഥകൾ വായിച്ചിരുന്നു. പക്ഷേ, അവൾക്ക് അതിൽ പുതുമയൊന്നും തോന്നിയില്ല. പുരോഗമന ചിന്താഗതിക്കാരൻ എന്നൊക്കെ പറയുമായിരുന്നെങ്കിലും അവളെ ജോലിക്കു പോകാൻ പോലും അയാൾ സമ്മതിച്ചിരുന്നില്ല. അവൾക്ക് ബിരുദാനന്തര ബിരുദമുള്ളതുകൊണ്ട് നല്ലൊരു ജോലി കിട്ടിയിരുന്നു. പക്ഷേ, എഴുത്തുകാരൻ അവളെ പുറത്തേക്ക് വിട്ടില്ല.
‘നീ പോയി സമ്പാദിച്ചിട്ട് വേണ്ട നമുക്ക് കഴിയാൻ. സ്ത്രീകൾ പുറത്തുപോയി ജോലി ചെയ്യുന്നതൊന്നും നല്ലതല്ല. കഴുകൻമാരാണ് ചുറ്റും. എപ്പോഴാണ് വഴി തെറ്റുകയെന്നു പറയാനാവില്ലല്ലോ’...
അതോടെയാണ് അവൾ മൊബൈലിൽ അഭയം പ്രാപിച്ചത്. സ്വത്തും പണവും നോക്കി അയാൾക്ക് കല്യാണം കഴിച്ചുകൊടുത്ത അച്ഛനെ അവൾ ആയിരം വട്ടം ശപിച്ചു. ഒഴിവു സമയങ്ങളിൽ അവൾ മൊബൈലിന്റെ ആഴങ്ങളിലേക്ക് ചെന്നു. അങ്ങനെയാണവൾ മക്കളില്ലാത്ത വിഷമം ടിക്ടോക്കിലൂടെയും റീൽസിലൂടെയുമൊക്കെ തീർത്തത്. പതിയെ അവളുടെ പാട്ടുകളും വിഡിയോകളും ആളുകൾ കാണാനും ലൈക്ക് ചെയ്യാനും തുടങ്ങി. സ്കൂളിൽ പഠിക്കുമ്പോഴേ അവൾ നന്നായി പാടുമായിരുന്നല്ലോ. എന്നാൽ, അരവിന്ദ് രാജ് ഒരിക്കൽപോലും അവളുടെ പാട്ടുകളോ, വീഡിയോകളോ കാണുകയോ, അഭിനന്ദിക്കുകയോ ചെയ്തിരുന്നില്ല.
‘ഇതൊക്കെ വെറും കാട്ടിക്കൂട്ടലുകളാണ്. എളുപ്പത്തിൽ പ്രശസ്തരാവാനുള്ള അടവുകൾ. അല്ലാതെ വേറെന്താണ്?’ .... ഒരിക്കൽ അയാൾ അങ്ങനെ പറഞ്ഞിരുന്നു. അതു മുതലാണ് അയാളുടെ രചനകൾ അവളും ബഹിഷ്കരിച്ചു തുടങ്ങിയത്. നാല് ചുവരുകൾക്കിടയിൽ അവൾ പുറത്തെ വിശാലമായ ലോകം കണ്ട്, ആസ്വദിച്ച് ടിക്ടോക്ക് ലോകത്തിലൂടെ മുന്നോട്ടു നീങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി ഇങ്ങനെയൊരു പണി കിട്ടിയത്. സുധ മഴക്കാഴ്ചകളെ വെടിഞ്ഞു പൗലോ കൊയ്ലോയുയുടെ സഹീർ വലിച്ചെടുത്തു. അവളുടെ കാമുകന്റെ പേരും സഹീർ എന്നായിരുന്നല്ലോ.
മൊബൈൽ ഫോണിന്റെ അഭാവത്തിൽ ടിക്ടോക്കിന്റെ മാസ്മരികതയിൽ നിന്നു തെന്നിമാറിയ സുധ, പതുക്കെ പുസ്തകങ്ങളുടെ മണം ഇഷ്ടപ്പെട്ടു തുടങ്ങി. അക്ഷരങ്ങൾ മതിൽകെട്ടുകൾ ഇടിച്ചുപൊളിച്ചു കൂട്ടമായി അസാധാരണമായ മുഴക്കത്തോടെ അവളിലേക്ക് കുതിച്ചിറങ്ങി. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്... അതിൽ നിന്നും വേറൊന്നിലേക്ക്... അവൾ പഴയ കടലാസുകളുടെ ഗന്ധം നാസാദ്വാരത്തിലേക്ക് വലിച്ചെടുത്തു. വിദേശികളും സ്വദേശികളുമായ ആധുനിക എഴുത്തുകാർ കഥകളും കവിതകളും നോവലും കൈയിലേന്തി മൂകമായി അവളുടെ മുന്നിലൂടെ കടന്നുപോയി.
രാത്രി അയാൾ അലസത തൂങ്ങിയ വാശിയോടും സംതൃപ്തിയോടും കൂടി വീട്ടിൽ തിരിച്ചെത്തുമ്പോഴേക്കും അവൾ തന്റെ ആദ്യ കഥയുടെ ആദ്യ വരി എഴുതിക്കഴിഞ്ഞിരുന്നു.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."